Wednesday, February 13, 2008

ഒന്നു മീറ്റാം... ഒരിക്കല്‍ കൂടി... (യു.എ.ഇ. ബ്ലോഗ് മീറ്റ് 2008)

ഇടയ്ക്കൊക്കെ ബ്ലോഗര്‍മാര്‍ ഒന്നിച്ച് കൂടുന്നതും പരസ്പരം പരിചയപ്പെടുന്നതും ഉള്ള സൌഹൃദങ്ങള്‍ പുതുക്കുന്നതും ഒന്നിച്ചിരുന്ന് എന്തെങ്കിലുമൊക്കെ സംസാരിക്കുന്നതും അതോടൊപ്പം വല്ലതും കൊറിക്കുന്നതുമൊക്കെ ചെയ്യുന്നത് കൊണ്ടോ, അല്ലെങ്കില്‍ അതിന്‍റെയൊക്കെ പടമെടുത്ത് ബ്ലോഗില്‍ ഇടുന്നത് കൊണ്ടോ ബ്ലോഗിന്‍റെ ഉത്തരം ഇടിഞ്ഞ് വീഴില്ല എന്ന് വിശ്വസിക്കുന്ന പ്രിയ യു.എ.ഇ. ബ്ലോഗര്‍മാരെ (ഒന്ന് ശ്വാസം ആഞ്ഞ് വലിച്ചോട്ടെ...),

കൊടും തണുപ്പിന് ശക്തി കുറഞ്ഞ് തുടങ്ങി പകരം ഇളം തണുപ്പ് കടന്ന് വന്നിരിക്കുന്നു. തണുപ്പ് വിട്ടൊഴിയുന്നതിന് മുമ്പ് ഒരു ബ്ലോഗ് മീറ്റ് നടത്താമല്ലേ... കുറച്ച് കാലമായല്ലോ ഒന്നിച്ച് കൂടിയിട്ട്. മത്രമല്ല, ഒത്തിരി പുതിയ ബ്ലോഗര്‍മാര്‍ യു.എ.ഇ. യില്‍ നിന്നും ഇപ്പോള്‍ ബ്ലോഗെഴുതുന്നുണ്ട്... എല്ലാവര്‍ക്കും പരസ്പരം പരിചയപ്പെടാനും സൌഹൃദങ്ങള്‍ സ്ഥാപിക്കാനും ഒരവസരം.

മാര്‍ച്ച് മാസത്തില്‍ പൊതുവെ നല്ല കാലാവസ്ഥയായിരിക്കും എന്ന് കരുതുന്നു... ഒരു ഓപ്പണെയര്‍ മീറ്റിനെ പറ്റി ചിന്തിക്കാവുന്നതാണ്.

ദുബായിലെ അതിവിശാലമായ മുശിരിഫ് പാര്‍ക്കില്‍ കൂടുകയാണെങ്കില്‍ പലവിധ സൌകര്യങ്ങളുമുണ്ട്. മുന്‍ കൂട്ടിയുള്ള ബുക്കിങ്ങിന്‍റേയോ മിനിമം ഇത്ര പേര്‍ വേണമെന്നതിന്‍റേയോ ആവശ്യമില്ല. വണ്ടിയൊന്നുക്ക് പത്ത് ദിര്‍ഹം മാത്രമാണ് എണ്ട്രന്‍സ് ഫീ.

കൂടുതല്‍ പേര്‍ക്കും സൌകര്യപ്രദമായി തോന്നുന്ന ഒരു വെള്ളിയാഴച തീരുമാനിച്ചാല്‍ മതി. രാവിലെ ഒരു പത്ത് മണിയോട് കൂടെ ആരംഭിച്ച് വൈകീട്ട് നാല് മണിക്കോ അഞ്ച് മണിക്കോ പിരിയാവുന്ന വിധത്തില്‍ ഒരു മുഴുനീള മീറ്റ്. പള്ളിയില്‍ പോകേണ്ടവര്‍ക്ക്, പള്ളി പാര്‍ക്കിനകത്ത് തന്നെയുണ്ട്.

വിശാലമായ പ്ലേ ഏരിയ ഉള്ളത് കൊണ്ട് കുഞ്ഞുങ്ങള്‍ക്കും ഇഷ്ടമാവും.

ഭക്ഷണം... എല്ലാവരും എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കൊണ്ടുവന്ന് പരസ്പരം ഷെയര്‍ ചെയ്യുകയോ, കാറ്ററിംഗ് സര്‍വ്വീസിന് ഓര്‍ഡര്‍ കൊടുക്കുകയോ അതുമല്ലെങ്കില്‍ ബാര്‍ബിക്യൂ ആവുകയോ ചെയ്യാവുന്നതാണ്.

മുകളിലെഴുതിയവയൊന്നും തന്നെ തീരുമാനങ്ങളല്ല... വെറും അഭിപ്രായങ്ങള്‍!
ചര്‍ച്ച ചെയ്ത് ചെയ്ത് സമയം പാഴാവാതിരിക്കാന്‍ ഒരു നിര്‍ദ്ദേശം വെച്ചെന്ന് മാത്രം.

എല്ലാവരും ഒന്നുത്സാഹിക്കൂ... അഭിപ്രായങ്ങള്‍ അറിയിക്കൂ!
നമുക്ക് വേണ്ടത് ഔപചാരികതയൊന്നും കടന്നു വരാത്ത ഒരു കൂടിച്ചേരല്‍!