Tuesday, April 22, 2008

ബ്ലോഗ്‌ ശില്‍പ്പശാല സംഘടിപ്പിക്കുന്നു.

യുവകലാസാഹിതി ഷാര്‍ജാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബ്ലോഗിംഗ്‌നെ കുറിച്ച് 25-04-2008 ന്‌ വൈകീട്ട്‌ നാലുമണിക്ക്‌ ഷാര്‍ജ സ്റ്റാര്‍ മുസിക്‌ സെന്ററില്‍ വെച്ചു ശില്‍പ്പശാല നടക്കുന്നു. യു. എ. ഇ യിലെ പ്രമുഖ ബ്ലോഗെഴുത്തുകാര്‍ പങ്കെടുക്കുന്നു. യുവകലാസഹിതിയുടെ മുന്‍ സെക്രട്ടറിയായിരുന്ന അക്ബറിന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണു പ്രസ്തുത ശില്‍പ്പ്ശാല സംഘടിപ്പിക്കുന്നതു.

ബ്ലോഗിംഗ് എന്ന ഇ-ഡയറി എഴുത്ത് ആധുനികകാലത്തെ ആത്മാവിഷ്ക്കാരത്തിന്റെ ഉപകരണമാണ്. കഴിഞ്ഞ കുറച്ച് കാലമായി മലയാളത്തിലും ഇത് നന്നായി വേരോടിയിരിക്കുന്നു.നമ്മുടെ ഭാഷയെ മരിക്കാതെ നിലനിര്‍ത്തുന്നതില്‍ ബ്ലോഗിംഗ് വരും കാലത്ത് ഒരു നിര്‍ണ്ണായകമായ പങ്കാണ് വഹിക്കാന്‍ പോകുന്നത് എന്നതില്‍ സംശയമില്ല.

എഡിറ്ററില്ലാത്ത പ്രസാധനം അല്ലെങ്കില്‍ എഴുത്തുകാരന്‍ തന്നെ എഡിറ്ററാവുന്ന മഹാസ്വാതന്ത്ര്യം,സിറ്റിസണ്‍ ജേര്‍ണലിസം എന്ന തീക്ഷണമായ പൌരായുധം തുടങ്ങിയവ ബ്ലോഗിംഗിന്റെ സാധ്യതകളില്‍ ചിലതു മാത്രം. രാഷ്ട്രീയപ്രചരണം മുതല്‍ ജീവകാരുണ്യം വരെ ബ്ലോഗിലൂടെ നടത്തപ്പെടുന്നു.

നമ്മളില്‍ പലരും ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിക്കുന്നവരാണെങ്കിലും ബ്ലോഗിന്റെ അനന്തസാധ്യതകളുടെ വിഹായസ്സിലേക്ക് പറന്നുയര്‍ന്നവര്‍ അധികമില്ല.കൂടുതല്‍ ആളുകളെ ബ്ലോഗിംഗിലേക്ക് അടുപ്പിക്കാനും അതു വഴി ആശയപ്രകാശനത്തെയും ഭാഷയെയും വികസിപ്പിക്കനും ഉദ്ദേശിച്ചാണ് യുവകലാസഹിതി ഈ ശില്‍പ്പശാല നടത്തുന്നത്. ഇതില്‍ ബ്ലോഗിലൂടെ പ്രശസ്തരായ പലരും പങ്കെടുക്കുന്നു. ഈ ശില്‍പ്പശാലയില്‍ എങ്ങനെ ഒരു ബ്ലോഗ് തുടങ്ങാം,എങ്ങനെ അതില്‍ പോസ്റ്റുകള്‍ ഇടാം,അതിന്റെ മറ്റു സാങ്കേതികതകള്‍ എന്നിവ വിശദീകരിക്കപ്പെടുന്നു.

പേര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ യുവകലാസാഹിതി ഷാര്‍ജാ യൂണിറ്റിന്റെ സെക്രട്ടറി ശ്രീ സുനില്‍‌രാജുമായി (050 4978620) ബന്ധപ്പെടുക.

സുനില്‍രാജ്‌ കെ
സെക്രട്ടറി
യുവകലാസാഹിതി ഷാര്‍ജ യുണിറ്റ്‌

Saturday, April 19, 2008

അതുല്യേച്ചിക്ക് യാത്രയയപ്പ്‌ - റിപ്പോര്‍ട്ട്‌

.വ്യാഴം 7:30 പി.എം.
പൂ ... പൂ ... പൂ...
(മൊബെയിലില്‍ ഹരിപ്രസാദ്‌ ചൗരസ്യ ഓടക്കുഴല്‍ വായിക്കുന്നു...)

ഹലോ..

ഹലോ

എന്താ അഗ്രൂ..

അതു പറഞ്ഞോ...?

യേത്‌...?

ഉഴുന്നു വട പറഞ്ഞോന്ന്...?

ഉഴുന്നു വടയോ ...?

എന്താ കേട്ടിട്ടില്ലേ...? കഴിഞ്ഞ മീറ്റിന്‌ വന്നിരുന്ന് പത്ത്‌ പതിനഞ്ചെണ്ണം തിന്നുന്നത്‌ കണ്ടല്ലൊ...

അത്‌ അഗ്രുവല്ലേ ഓര്‍ഡര്‍ ചെയ്യാമെന്ന് പറഞ്ഞത്‌...

എടോ കോപ്പേ ഞാന്‍ 4 മണിക്ക്‌ തന്നെ വിളിച്ച്‌ പറഞ്ഞതല്ലേ, ഞാന്‍ ചെന്നപ്പോ കട അടച്ചിട്ടേക്കുവാരുന്നു, അതുല്യേച്ചിയുടെ പരിചയക്കാരാ ആ കടക്കാര്‍, അതു കൊണ്ട്‌ ചേച്ചിയേക്കൊണ്ട്‌ ഒന്ന് വിളിപ്പിക്കണം എന്ന്...?

അങ്ങനെ പറഞ്ഞിരുന്നാ ...? അഗ്രൂ ഞാന്‍ ഒരു സത്യം പറയട്ടേ...?

എന്താ ..?

എനിക്കത്‌ തീരെ ഓര്‍മ്മയില്ലാട്ടോ...!!

%$#$%#$@ (ഹൂൂൂൂൂൂൂ.... ഈ തെറിയൊന്നും കേട്ടാ ഈ കക്ഷിയാ ആഴ്ചക്കുറിപ്പെഴുതുന്നേന്ന് ആരും പറയില്ല..)

ഇനിയിപ്പോ എന്താ ചെയ്ക...?

എന്ത് ചെയ്യാന്‍... ഈ ചൂടത്ത്‌ അവിടെ വരെ നടന്ന് പോകാന്‍ എനിക്ക്‌ വയ്യ... നാളെ ആരും വട തിന്നണ്ടാ..

അപ്പു പഴമ്പൊരി വാങ്ങാം എന്ന് പറഞ്ഞിട്ടുണ്ട്‌. അതെന്തായെന്ന് ചോദിക്കട്ടെ..

താനെന്തേലും ചെയ്‌ ... തന്നെ ഏല്‍പ്പിച്ചപ്പോഴേ എനിക്കറിയാരുന്നു..

ക്ഖ്ടക്ച്‌..

ട്രീം.... ട്രീം.... ട്രീം.... ട്രീം....

ഹലോ അപ്പൂ

എന്താ മാഷേ...?

പഴം പൊരി വാങ്ങിയോ...?

മാഷല്ലേ പറഞ്ഞത്‌ അഗ്രു വട വാങ്ങുന്നെന്ന്. മാത്രോമല്ല സന്ധ്യയ്ക്ക്‌ മുന്‍പ്‌ എന്നെ വിളിച്ച്‌ പറയാമെന്നും പറഞ്ഞില്ലേ...?

ഞാനോ...!!!! അങ്ങനെ പറഞ്ഞോ...?

ഉവ്വ്‌ .. പറഞ്ഞു...

ഇനിയിപ്പോ എന്നാ ചെയ്യുക...?

ആ....


ട്രീം....ട്രീം....ട്രീം....ട്രീം....

അത്യുല്യേച്ചീ...

എന്താടാ...?

നാളെത്തേക്ക്‌ എന്തെങ്കിലും ഒന്നുണ്ടാക്കാമോ..?

പിന്നെന്താ...

താങ്ക്യൂ ചേച്ചീ ...എന്തുണ്ടാക്കും...?

വഴക്കുണ്ടാക്കിയാ മതിയോ...?

ചേച്ചീ..

പിന്നേ.... ഇവിടെ എന്തുമ്മാത്രം പണി കെടക്കുന്നു അതിന്റെടേലാ ഇനി ഉണ്ടാക്കാന്‍ പോന്നേ..

എന്നാ ഓകെ.. ചിപ്സും പച്ചവെള്ളൊം നല്ല കോമ്പിനേഷനല്ലേ..?

നാളെ എന്നെ പിക്ക്‌ ചെയ്യാന്‍ നീ വണ്ടി അറേഞ്ച്‌ ചെയ്തിട്ടില്ലേ...?

ഓകെ(ഞാന്‍ ഓകെ പറയും മുന്‍പ്‌ അതുല്യേച്ചി എന്തോ പറഞ്ഞിരുന്നോ .... ശരിക്കു കേട്ടില്ല..)


പൂ പൂ പൂ പൂ‍.....
(ഈ മൊബൈല്‍ കണ്ട് പിടിച്ചോനെ ഇന്ന് ഞാന്‍ തല്ലിക്കൊല്ലും..)

തമനൂ....

എന്താ കുറുമാനേ...?

നാളെത്തേക്ക് എല്ലാം അറേഞ്ച്മെന്റ്സ് ആയോ...?

പിന്നെ എല്ലാം ആയി... കഴിക്കാന്‍ വട മാത്രം പോരേ കുറൂ...

വട മാത്രമോ ... അതിലൊഴിക്കാന്‍ സമ്മന്തീം സാമ്പാറും ഒക്കെ തന്റെ %$#$%@# കൊണ്ടു വരുമൊ...?

(ഇതെന്താ കുറു ഇങ്ങനെ ...? ഓ .. ഇന്ന് വീക്കെന്‍ഡ് .. സമയം 8:30 .. ... അങ്ങനെ വച്ച് നോക്കിയാ ഇത് പോരല്ലോ...)

പേടിക്കണ്ടാ കുറൂ ... വേറെ രണ്ട അറേഞ്ച്മെന്റ്സ് ഇപ്പൊ കഴിഞ്ഞതേ ഉള്ളൂ..

എന്നാ ഓകെ ... നാളെ കാണാം.. ഗ്ലുഷ്ബി..

ഓകെ.. (അവസാനം പറഞ്ഞതെന്താണാവോ ... !!! ഗുഡ് നൈറ്റ് എന്നാരിക്കും..)




18-04-08 വെള്ളിയാഴ്ച.രാവിലെ 10:00 മണി.

പൂ... പൂ...

ഹലോതമനു.... ഇടിവാളാ...

എന്താ ഇടീ ... എത്താന്‍ ഒക്കില്ലേ...?

ഒക്കില്ലേന്നോ..? ഞാന്‍ ഇവിടെ പാര്‍ക്കിന്റെ മുന്‍പില്‍ ഉണ്ട്‌. പത്ത്‌ മണി എന്നല്ലേ പറഞ്ഞത്‌. താന്‍ എവിടാ...?

ഞാന്‍ ദാ പാര്‍ക്കിങ്ങില്‍ ഉണ്ട്‌..

ഏത്‌ പാര്‍ക്കിംഗില്‍... ഫ്രണ്ടിലാ..?

ദേ കരീം മാഷ്‌ വിളിക്കുന്നു.. എന്താന്ന് നോക്കട്ടെ (പിന്നേ ഏതു പാര്‍ക്കിംഗാണെന്നറിഞ്ഞില്ലേല്‍ ഇപ്പൊ ആകാശം വീഴും... ഒന്നു പോടേ..)

ഓകെ


പറയൂ.... കരീം മാഷേ.

ഇതെന്താ തമനൂ ഒരുത്തരവാദിത്തം ഇല്ലാതെ ..?ആരും എത്തിയില്ലേ ഇതു വരേ..?

ഉണ്ടല്ലോ മാഷേ... വരുന്നോരെ ഒക്കെ സ്വീകരിക്കാന്‍ ഇടിവാളിനെ അവിടെ നിര്‍ത്തിയിട്ടുണ്ടല്ലൊ...

ഉണ്ടോ...? ഗുഡ്‌ ... നോക്കട്ടെ..

ഓകെ.

പൂ ... പൂ... പൂ ... (അതുല്യേച്ചിയാണ്‌.... പാര്‍ക്കില്‍ ചെന്നിട്ട്‌ വിളിക്കുകയാരിക്കും..)

തമനൂ...

എന്തോ....?

ഞാന്‍ റെഡിയാണ്‌ കേട്ടൊ...?

എവിടെ പാര്‍ക്കിലാ...?

പാര്‍ക്കിലല്ല.. വീട്ടില്‍... നീയല്ലേ എന്നെ പിക്ക്‌ ചെയ്യാമെന്ന്‌ പറഞ്ഞത്‌...?

ഞാനങ്ങനെ പറഞ്ഞാ...?

ഡാ തെണ്ടീ....

ഓകെ ഓകെ ഓകെ .. ചേച്ചി ഒരു കാര്യം ചെയ്‌... ഒരു 10:10 ന്‌ ബില്‍ഡിംഗിന്റെ മുന്നില്‍ റെഡിയായി നില്‍..

ഓകെ ഡാ കുട്ട്യേ എനിക്കറിയാം നീ മിടുക്കനാണെന്ന്..

എന്നിട്ട്‌ ഒരു 10:15 ന്‌ ഒരു ടാക്സി വിളിച്ച്‌ നേരേ പാര്‍ക്കിലോട്ട്‌ പോര്‌..
(ബാക്കി കേള്‍ക്കാന്‍ നിന്നില്ല)

എങ്കിലും അഗ്രുവും, അപ്പുവും, ദേവേട്ടനും, അതുല്യേച്ചിയും ഒക്കെ ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ ഡീസന്റായിരുന്നത്‌ കൊണ്ട്‌ രാവിലെ തന്നെ വട, പഴം പൊരി, പക്കാവട, പേരറിയാത്ത ഒരു പലഹാരം ഒക്കെ റെഡിയാരുന്നു. കുറുമാനും, ദേവേട്ടനും, അപ്പുവും, അതുല്യേച്ചിയും, അഗ്രുവും, തറവാടിയും,കിലുക്കാം‌പെട്ടിയും, ഭടനും ഒക്കെ എഴുതിയതു പോലെ മീറ്റ്‌ വളരെ ഭംഗിയായിരുന്നു. (ഒരു നല്ല സംഘാടകനുള്ള അവാര്‍ഡ്‌ എനിക്കു നല്‍കിയില്ലെന്ന ഒരു കുഴപ്പം ഒഴിച്ചാല്‍...)

അനുബന്ധം : ആകെ ഒരു സമാധാനം രാവിലെ പാര്‍ക്കില്‍ വച്ച്‌ ദില്‍ബുവിനെ കണ്ടപ്പോഴാരുന്നു..

ഡേ ദില്‍ബാ... മീറ്റിന്‌ വരാന്‍ എല്ലാരേം വിളിച്ചിട്ടുണ്ടല്ലൊ അല്ലേ...?

സമയം കിട്ടിയില്ലച്ചായാ ... നാളെ എന്തായാലും വിളിക്കാം ... പക്കാ..

$#$#^%&%#@

Friday, April 18, 2008

യൂ ഏ ഈ ബൂലോഗരത്നം അതുല്യയ്ക്ക്‌

യൂ ഏ ഈ ബൂലോഗത്തിന്റെ പരമോന്നത ബഹുമതിയായ ബൂലോഗരത്നം ആദ്യകാല ബ്ലോഗറായ ശ്രീമതി അതുല്യയ്ക്ക്‌ സമ്മാനിച്ചു.

ഇവരെ നാടുകടത്താനുള്ള തീരുമാനത്തെ ഇന്നു രാവിലെ ഷാര്‍ജ്ജ ജസീറ പാര്‍ക്കില്‍ ചേര്‍ന്ന ബൂലോഗരുടെ സമ്മേളനം മുക്തകണ്ഠം പ്രശംസിച്ചു. യോഗത്തില്‍ ഒട്ടേറെ ബ്ലോഗര്‍മാര്‍ പങ്കെടുക്കുകയും കിട്ടിയ ഉള്ളിവടയും പരിപ്പുവറുത്തതും പഴം പൊരിയും പങ്കിട്ടെടുക്കുകയും ചെയ്തു.

ആദ്യമായാണ്‌ ഒരു ബൂലോഗമീറ്റില്‍ നിന്നും ശര്‍മ്മാജി വിട്ടുനില്‍ക്കുന്നതെന്നത്‌ ശ്രദ്ധേയമായി. ഓഫീസില്‍ വലിയ തിരക്കുള്ളതുകൊണ്ടാണ്‌ അദ്ദേഹമെത്താത്തതെന്ന അതുല്യയുടെ നുണയെ പൊളിച്ചുകൊണ്ട്‌ അദ്ദേഹം ഞങ്ങളെ ഫോണില്‍ വിളിച്ച്‌ ഉമ്മല്‍കുവൈന്‍ ബാരക്കൂടയില്‍ ആണു താനിപ്പോഴെന്നും, "പൊണ്ടാട്ടി ഊരുക്കു പോകിറാളേ" എന്ന പാട്ടിനൊപ്പം നൃത്തം ചെയ്തുകൊണ്ടിരിക്കുകയാണെന്നും വെളിപ്പെടുത്തുകയുണ്ടായി.

ചിത്രങ്ങള്‍ കൊള്ളാവുന്ന പടം എടുത്തവര്‍ വഴിയേ പോസ്റ്റ്‌ ചെയ്തുകൊള്ളും. വാര്‍ത്തയ്ക്ക്‌ അവശ്യം വേണ്ടവ മാത്രം താഴെ.

ബ്ലോഗര്‍മാരായ ശ്രീ. കൈതമുള്ള്, ശ്രീമതി ചന്ദ്രകാന്തം എന്നിവര്‍ ചേര്‍ന്ന് ബൂലോഗരത്നം അതുല്യയ്ക്കു സമ്മാനിക്കുന്നു.


ബൂലോഗരത്നം അവാര്‍ഡിയുടെ കയ്യില്‍


ഉപ്പയെടുക്കണ ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആരും സമയം പാഴാക്കല്ലേ- അഗ്രജന്‍, പാച്ചു.


ബ്ലോഗ് ജൂനിയര്‍മാരുടെ റെസ്ലിങ്ങ് മത്സരത്തില്‍ നിന്ന്


അപ്പോ ഇതേലോട്ട് നോക്കിയിട്ട് ആ ബട്ടന്‍ ഞെക്കിയാല്‍ അപ്പു എടുക്കുന്നപോലത്തെ ഫോട്ടോ എനിക്കും എടുക്കാമോ? അവാര്‍ഡു ജേതാവിന് ഒരു ഫോട്ടോഗ്രഫി പാഠം


പ്രത്യ്യേക അറിയിപ്പ്‌:
സമ്മേളന നഗരിയില്‍ ഇരിക്കവേ "ദാ ഒരഞ്ചു മിനുട്ട്‌, ഞാന്‍ ട്രഷററായിരിക്കുന്ന കോളെജ്‌ അലുമിനിയുടെ വരവു ചിലവ്‌ കണക്ക്‌ അവതരിപ്പിച്ചിട്ട്‌ ഇപ്പോ മടങ്ങിയെത്താമെന്ന്" പറഞ്ഞു പോയ ഇടിവാളിനെക്കുറിച്ച്‌ പിന്നീട്‌ വിവരമൊന്നും ലഭിച്ചിട്ടില്ല. കണ്ടുമുട്ടുന്നവര്‍ ദയവായി അടുത്തുള്ള കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലോ ജാപ്പനീസ്‌ ഷിയാറ്റ്‌സൂ ക്ലിനിക്കിലോ എത്തിക്കുകയോ കുറച്ചു വെള്ളം കുടിപ്പിച്ചിട്ട്‌ താങ്ങി വീട്ടിലെത്തിക്കുകയോ ചെയ്യാന്‍ അപേക്ഷ


==============================

കൂടുതല്‍ ഫോട്ടോകള്‍ / പോസ്റ്റുകള്‍:

അപ്പു വഹ

തറവാടി വഹ

ഇതുമായി ബന്ധപ്പെട്ട മറ്റുപോസ്റ്റുകള്‍::

കുറുമാന്‍, ദേവേട്ടന്‍, അപ്പു, അതുല്യേച്ചി, അഗ്രു, തറവാടി,കിലുക്കാം‌പെട്ടി, ഭടനും

അതുല്യേച്ചിക്ക് യാത്രയയപ്പ്.

ഇന്നലെ ഉറങ്ങീയത് ഇന്ന് വെളുപ്പിന് നാലരക്കാ...രാവിലെ ഒമ്പതേകാലിനു ഫോണ്‍ നിലവിളിച്ചപ്പോള്‍ പിറുപിറുത്തുകൊണ്ട് ഫോണ്‍ എടുത്തു....

കുറുമാനെ, ഞാന്‍ ഇവിടെ എത്തി.

ഞാന്‍ എവിടെ എത്തി?

കരാമ സെന്ററില്‍.....

ഓഹോ, താനാരാ?

അത് ശരി, ഞാന്‍ ഇത്തിരി.

ഓഹ് സോറി ഇത്തിരി, വീക്കെന്റ് സിന്‍ഡ്രോം ഉള്ളതിനാല്ല് രാവിലെ ഇന്നലെ വൈകീട്ട് സംസാരിച്ചാതൊക്കെ മറന്നുപോയി. താന്‍ ഫ്ലാറ്റില്‍ വാ, ഞാന്‍ ദാ ഇപ്പോ റെഡിയാകാം.

ഓ ശരി.

തലേന്നത്തെ സംഭാഷണങ്ങള്‍ ഒന്ന് റിവൈന്‍ഡ് ചെയ്തു. ഹരിയണ്ണന്‍ സാരഥിയാവാമെന്ന് പറഞ്ഞതിനാല്‍ വീക്കെന്റ് അര്‍മാദിച്ച് തിരിച്ചു വന്നത് നാലരക്കായിരുന്നു. പക്ഷെ ഹരിയണ്ണന്‍ ഇന്ന് സാരഥിയാവാമെന്ന് പറഞ്ഞിരുന്ന വാക്ക് അദ്ദേഹത്തിന് ചില അതിഥികള്‍ വരുന്നതിനാല്‍ പിന്‍വലിച്ചത് ഞാന്‍ അന്നേരത്തെ ആവേശത്തില്‍ മറന്നുപോയിരുന്നത് പിന്നേം ഓര്‍മ്മ വന്നു.

കമ്പിളിക്കുള്ളില്‍ നിന്നും പുറത്ത് വന്ന് പല്ലുതേപ്പ്, കുളി, പ്രാര്‍ത്ഥന എല്ലാം കഴിഞ്ഞ്, തലയില്‍ രോമം ഫിറ്റ് ചെയ്ത് വണ്ടിയ്ടെ ചാവിയുമെടുത്ത്, ഞാന്‍ പോവ്വാട്ടാ എന്ന് നല്ലപാതിയോട് യാത്രപറഞ്ഞപ്പോ ഉച്ചത്തില്‍ ഒരു അറിയിപ്പ്.

ദേ ഇന്നലെ രാത്രി കഴിക്കാന്‍ ഉണ്ടാക്കിയ ചപ്പാത്തിയും, പാലക്ക് പനീറും ഉണ്ട്, അത് കഴിക്കാണ്ട് നിങ്ങള്‍ എങ്ങോട്ടും പോകുന്നില്ല.

തിരുവായ്ക്കെതീര്‍വായ്പ്പില്ലാത്തതിനാല്‍, ചൂടാക്കീ വച്ച രണ്ട് ചപ്പാത്തി ചൂടായി കഴിച്ച് ഉഷാറായി. മൂന്നാമത്തെ ചപ്പാത്തിക്ക് നില്‍ക്കാഞ്ഞത്, അവിടെ വിളമ്പാന്‍ പോകുന്ന സാമ്പാറും, ചട്നിയുമൊക്കെ മനസ്സില്‍ കണ്ടാണ്.

ചപ്പാത്തി കഴീച്ച് കഴിഞ്ഞിട്ടും ഇത്തിരിയുടെ വെട്ടം കാണാഞ്ഞതിനാല്‍, ഞാന്‍ ഫ്ലാറ്റിന്റെ താഴോട്ട് കെട്ടിയെടുത്തു.

ഫോണില്‍ നമ്പര്‍ കുത്തി.

ഡോ താനെവീടെ?

ഞാന്‍ ദാ ഇവിടെ?

എവിടെ?

ദേ ഇങ്ങോട്ട് നോക്ക്!!

എങ്ങോട്ട്?

അപ്പോഴേക്കും ഇത്തിരിയുടെ വെട്ടം എന്റെ കണ്ണിലടിച്ചു.

താന്‍ എന്താ ഫ്ലാറ്റില്‍ വരാതിരുന്നത്? ബേസ്മെന്റ് പാര്‍ക്കിങ്ങിലേക്കുള്ള കോണിപടികള്‍ ഇറങ്ങികൊണ്ടിരുന്നപ്പോള്‍ ഞാന്‍ ചോദിച്ചു.

അതിന്‍ നിങ്ങളേന്നോട് ഫ്ലാറ്റില്‍ വരാന്‍ പറഞ്ഞത് ഞാന്‍ കേട്ടില്ല.

ദൈവമേ, വീക്കെന്റ് സിന്‍ഡ്രോം എനിക്കോ അതോ ഇത്തിരിക്കോ?

വണ്ടിയില്‍ കയറിയപ്പോഴേക്കും ഫോണ്‍ വീണ്ടും നിലവിളിച്ചു.

ഡോ, താനെവിട്യേഷ്ടാ?

ഇടിവാള്‍!

താനെവിടെ? മറുചോദ്യം ഞാന്‍ തൊടുത്തു.

ഞാന്‍ അല്‍ ജസീറയിലെത്തിഷ്ടാ!

ഉവ്വോ? ഞാന്‍ ദേ അല്‍മുള്ളയെത്തിഷ്ടാ (കരാമ സെന്ററിലെ പാര്‍ക്കിങ്ങില്‍ നിന്നും വണ്ടി തിരിച്ചിട്ട് പോലുമില്ല ഭാര്യയും പിള്ളാരും ഇന്നലെ ഒരാഴ്ചക്ക് നാട്ടില്പോയതിനാല്‍ ബോറടിച്ചീട്ട് കൊച്ചുവെളുപ്പാന്‍ കാലത്ത് എഴുന്നേറ്റ് കുട്ടപ്പനായി കണ്ണടയും ഫിറ്റ് ചെയ്ത് പത്തുമണിക്ക് എല്ലാവരും എത്തിചേരണമെന്ന് പറഞ്ഞ മീറ്റിന് ഒമ്പതേമുക്കാലിനു തന്നെ വന്ന അദ്ദേഹത്തോട് ഞാന്‍ വേറെ എന്തു പറയാന്‍?)

വെള്ളിയാഴ്ചയായതിനാല്‍ ട്രാഫിക്ക് ഇല്ലായിരുന്നു. അതിനാല്‍ തന്നെ കൃത്യം പത്തേ പത്തിന് ഞങ്ങള്‍ അല്‍ ജസീറ പാര്‍ക്കില്‍ വണ്ടി പാര്‍ക്ക് ചെയ്തിറങ്ങിയതും, തൊട്ടടുത്ത പാര്‍ക്കിങ്ങില്‍ ലോട്ടില്‍ ഒരു നിസ്സാന്‍ അള്‍ട്ടിമ പാര്‍ക്ക് ചെയ്തു. അതാരാപ്പാ ഇത്രരാവിലെ പാര്‍ക്കിലേക്ക് ഞങ്ങളെ കൂടാതെ വന്നിരിക്കുന്നതെന്ന് അന്ധാളിച്ച് നോക്കിയപ്പോള്‍ വണ്ടിയിലുണ്ടായിരുന്ന സവാരി ഗിരി ഗിരികള്‍ ഡോര്‍ തുറന്ന് പുറത്തോട്ട് ചുവട് വെച്ചു.

കൈതമുള്ള് അഥവാ ശശിയേട്ടന്‍
വഴിപ്പോക്കന്‍ (വഴിപ്പോക്കനെന്താ പാര്‍ക്കില്‍ എന്നാരോ ചോദിക്കുന്നത് ഞാന്‍ കേട്ടൂ)
കിലുക്കാം പെട്ടി.

എല്ലാരും ഒരുമിച്ച് നടന്നു പാര്‍ക്കിലേക്ക്.

ടിക്കറ്റ് കൌ‍ണ്ടറടുത്തപ്പോള്‍ പതിവുപോലെ ഞാന്‍ പിന്നിലേക്ക് മാറി അവിടേം ഇവിടേം നോക്കി നിന്നു. ആരേലും എടുത്താല്‍ ഉള്ളില്‍ കയറിയാല്‍ മതിയല്ലോ.

എല്ലാവരും പോക്കറ്റില്‍ കയ്യിട്ടിട്ടും പേഴ്സ് പുറത്തേക്ക് വരൂന്നില്ലായിരുന്നു, ഞാനടക്കം. ഭാഗ്യത്തിന് ശശ്യേട്ടന്റെ പേഴ്സ് പുറത്തായി. അദ്ദേഹം ടിക്കറ്റെടുക്കാന്‍ പൈസ കൊടുത്തപ്പോഴേക്കും ഞങ്ങളുടെ എല്ലാവരുടേയും പേഴ്സ് ഒരുമിച്ച് പുറത്ത് വന്നു. ഞാന്‍ കൊടുക്കാം, ഞാന്‍ കൊടുക്കാം എന്ന് പറഞ്ഞൊരു മത്സരം തന്നെ അവിടെ നടന്നു. അപ്പോഴേക്കും ശശിയേട്ടന്റെ കയ്യില്‍ ടിക്കറ്റ് കിട്ടിയതിനാല്‍ പേഴ്സിനെ എല്ലാരും ഭദ്രമായി പോക്കറ്റില്‍ തിരിച്ചു തിരുകി.

പാര്‍ക്കിലേക്ക് നടന്ന് കയറി.

വന്ന് ചേര്‍ന്നവരുടെ ലിസ്റ്റ് ഇപ്രകാരം.

അഗ്രജന്‍ - പാച്ചു,
അപ്പു, ക്യാമറ
ദേവേട്ടന്‍, വിദ്യേച്ചി, ദേവദത്തന്‍ ദ ഗ്രേറ്റ്
ഡില്‍ബാസുരന്‍, റെസീപ്റ്റ് കുറ്റി
ഇഡിവാള്‍ + കണ്ണട
ഇത്തിരിവെട്ടം
കൈതമുള്ള് (അതിഥി ഉണ്ടായിരുന്നതിനാല്‍ ചേച്ചി വന്നില്ല)
കരീം മാഷ്
കുറുമാന്‍ + വിഗ്ഗ്
രാധേയന്‍, രാധേയി, രണ്ട് പൈതങ്ങള്‍
സിദ്ധാര്‍ത്ഥന്‍
തമനു
തറവാടി, വല്യമ്മായി + ക്യാമറ
വിശാലന്‍,
പാര്‍പ്പിടം കുമാര്‍
ഹരിയണ്ണന്‍, സുഹൃത്തുക്കള്‍ രണ്ട് മൂന്നു പേര്‍
ചന്ദ്രകാന്തം, ചന്ദ്രകാന്തന്‍, സ്കേറ്റിങ്ങ് ബോര്‍ഡില്‍ വന്ന പുത്രന്‍ + പുത്രി
വഴിപോക്കന്‍
ഭടന്‍ (ഇദ്ദേഹം കോട്ടക്കല്‍ മേഡ് ആയുര്‍വേദ ഡോക്ടര്‍ ആണെന്ന് ഇന്നാ അറിഞ്ഞത്)
കിലുക്കാം പെട്ടി.

ഇനീ ആരേങ്കിലും വിട്ടുവോ ആവോ?

ഉവ്വ്.

ഉവ്വ്.

വിട്ടു.

അതുല്യാമ്മ!!

ഭാക്കി ഭാഗം രാത്രി എഴുതാംട്ടാ..അപ്പോഴേക്കും ഫോട്ടോകള്‍ അപ്പുവും, അഗ്രജനും, തറവാടിയും ഒക്കെ പോസ്റ്റ് ചെയ്യും എന്ന് കരുതട്ടെ

ഊണുകഴിച്ച് ഉറങ്ങട്ടെ.

Wednesday, April 16, 2008

അതുല്യേച്ചിക്ക് ഒരു റ്റാറ്റാ

അതുല്യ എന്ന ബ്ലോഗറെ അറിയാത്തവര് ചുരുക്കമായിരിക്കും. ഞങ്ങള് യു.എ.ഇ. ബ്ലോഗേഴ്സിന്‍റെ ഒരു അഹങ്കാരം തന്നെയാണ് അതുല്യേച്ചി എന്ന് പറഞ്ഞാല് ആരും തല്ലില്ലെങ്കില് അതൊരു അതിശയോക്തിയല്ല… (ഒരു വരിയല്ലേ… കിടക്കട്ടെ, വല്യ ചെലവൊന്നുമില്ലല്ലോ). ഇത്രേം കാലം യു.എ.ഇ. ബ്ലോഗര്‍മാരിലൊരാളായിരുന്ന അതുല്യേച്ചിക്ക് കുറച്ച് കാലം അവധി നല്കി കൊച്ചിക്ക് വിടാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു (പാവം കൊച്ചി..:)

മകന്റെ പഠന സൌകര്യാര്‍ത്ഥം യു.എ.ഇ.യില്‍ നിന്നും ഒരു നീണ്ട അവുധി എടുത്ത്, ഏപ്രില്‍ 21 നു നാട്ടിലേക്ക് പോകുന്ന അതുല്യേച്ചിക്ക് ഒന്ന് ബൈ പറയാന്‍, ചുമ്മാ ഒരാശംസ പറയാന്‍... വരുന്ന വെള്ളിയാഴ്ച (ഏപ്രില്‍ പതിനെട്ട്) ഷാര്‍ജയിലുള്ള അല്‍ ജസീറ പാര്‍ക്കില്‍ കൂടുന്നു.

രാവിലെ 10 മണിക്ക് കൂടുന്നു.... കുറച്ച് കത്തിയടിക്കുന്നു, വെയിലുറയ്ക്കും മുന്‍പ് പിരിയുന്നു. അത്ര മാത്രം.

ദുബൈ-ഷാര്‍ജ റോഡില്‍, അല്‍-ഖാനില്‍ നിന്നും റോളയ്ക്ക് പോകും വഴി ഗോള്‍ഡ് സൂഖ് എത്തും മുന്‍പ് വലത്ത് വശത്തായി ആണ് അല്‍ ജസീറ പാര്‍ക്ക്.സമയവും സൌകര്യവും ഉള്ളവര്‍ പങ്കെടുക്കും എന്ന് കരുതുന്നു.

Thursday, April 03, 2008

ബ്ലോഗ്ഗേഴ്സ് - ക്രീക്ക് പാര്‍ക്ക് സംഗമം.വീഡിയൊ.




ബ്ലോഗ്ഗേഴ്സ് - ക്രീക്ക് പാര്‍ക്ക് സംഗമത്തിലെ ചില ദൃശ്യങ്ങള്‍ , ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.