Friday, May 25, 2007

അന്യഗ്രഹ ജീവി ‘പൊന്നപ്പന്‍’ ദുബൈയില്‍


പൊന്നപ്പന്‍ the Alien ദുബൈ വഴി ഒന്നു കറങ്ങി. നെതര്‍ലാന്‍ഡ്സില്‍ നിന്നും നാട്ടിലേക്ക്‌ പോകും വഴി ട്രാന്‍സിറ്റില്‍ ഒരാറേ ആറ് മണിക്കൂര്‍. വ്യാഴാഴ്ച ആയിരുന്നതിനാലും, സമയം രാവിലെ ആയിരുന്നതിനാലും ഒരു മീറ്റ് സംഘടിപ്പിക്കാന്‍ ഒത്തില്ല. എങ്കിലും...

ഒരു ബ്ലോഗര്‍ ദുബൈ വഴി പോകുമ്പോ ആരെങ്കിലും ഒന്നു കാണണ്ടേ ..?
കണ്ടതിന്റെ തെളിവായി രണ്ടു ഫോട്ടൊകള്‍ ഇടണ്ടേ ..?
യു.എ.യി. ബ്ലോഗേഴ്സിന്റെ തനതു സ്വഭാവമായ മുണ്ടിട്ടു പിടിക്കല്‍ നടത്തേണ്ടേ ...?
എല്ലാം പ്രതീകാത്മകമായി നടത്തി.... ദാ തെളിവിനായി ഫോട്ടോസ്..


യു.എ.യി. ബ്ലോഗേഴ്സിനു വേണ്ടി തമനു പൊന്നപ്പനെ പൊന്നാട അണിയിക്കുന്നു.
കസവു മുണ്ട് കിട്ടിയില്ല, പകരം ഇതു മതി. വെള്ളമുണ്ട്.
(ശരിക്കും ‘വെള്ളമുണ്ട്‘ . പൊന്നപ്പന്‍ കുളികഴിഞ്ഞ്‌ തോര്‍ത്തി ഇട്ടിരുന്നതാ, അതു പിന്നെ വെള്ളം ഉണങ്ങും വരെ വെയിറ്റ് ചെയ്യാന്‍ ഒക്കുമോ, ബാത്രൂം ടൌവലെങ്കില്‍ അത്, കെടക്കെട്ടേന്നേ..!!)
പൊന്നപ്പന്‍ യു.എ.യി. ബ്ലോഗേഴ്സിന്റെ ഓഫീസില്‍.
(ഇത് എമിറേറ്റ്സ് എയര്‍ലൈന്‍‌സ്‌കാര്‍‍ താമസ സൌകര്യം ഒരുക്കിക്കൊടുത്ത
എയര്‍‍പോര്‍‍ട്ട് മില്ലേനിയം ഹോട്ടലാണെന്ന്‌ പൊന്നപ്പന്‍ പറേം... വിശ്വസിക്കരുത്‌...)
ദേവഗുരുക്കള്‍ തന്റെ സ്വന്തം തട്ടകമായ എയര്‍പോര്‍ട്ടില്‍ വച്ച്‌ പൊന്നപ്പന് ദര്‍ശനം നല്‍കിയപ്പോള്‍.


പൊന്നപ്പനും, ദേവേട്ടനും.
(ദേവേട്ടന്‍ എയ്യര്‍പോര്‍ട്ടിലാ ജോലി ചെയ്യുന്നേന്ന്‌ ഇനി ആരും സംശയം പറയരുത്...
ദേ കറുത്ത പാന്റ്, നീലഷര്‍ട്ട്, ടൈ, കഴുത്തേല്‍ ടാഗും പാസും .. എല്ലാം ഓകെ.
എന്തോ .... ? അവിടെ തൂപ്പുകാരുടേം യൂണിഫോം ഇതാണെന്നോ ... ഒന്നു പോടേ, ചുമ്മാ എല്ലാത്തിലും കുറ്റം മാത്രം കാണാതെ ...)ഇനി പൊന്നപ്പന്‍ ഇതുവഴി വരും എന്നു തോന്നുന്നില്ല. നെതര്‍ലാന്‍ഡ്സില്‍ നിന്നും റുവാണ്ട വഴി തിരുവനന്തപുരത്തേക്ക്‌ ഫ്ലൈറ്റ് ഉണ്ടോ എന്നു തിരക്കുന്നതു കണ്ടു പാവം പൊന്നപ്പന്‍...
ഫോണ്‍ ചെയ്ത് സ്നേഹം പങ്കുവച്ച അഗ്രജന്‍, അതുല്യേച്ചി, കുറുമാന്‍, സുല്‍, ഇത്തിരി, കരീം‌മാഷ് എന്നിവരോടും, എല്ലാ യു. എ. യി. ബ്ലോഗേഴ്സിനോടും പൊന്നപ്പന്‍ നന്ദി അറിയിച്ചിട്ടുണ്ട്. പൊന്നപ്പനു വേണ്ടി ഞാന്‍ അതിവിടെ കുറിക്കുന്നു.

Saturday, May 19, 2007

ചാറ്റും ഈറ്റും പിന്നെ മീറ്റും - യു. എ. ഇ. മിനിമീറ്റ്

കഴിഞ്ഞ വെള്ളിയാഴ്ചയുടെ സായാഹ്നം, യു.എ.ഇ. യിലെ ബ്ലോഗര്‍മാരില്‍ നിന്നും എത്തിച്ചേരാന്‍ കഴിഞ്ഞ ചിലര്‍ക്ക് നല്ല കുറച്ച് നിമിഷങ്ങള്‍ സമ്മാനിച്ചു.

ഷാര്‍ജയിലെ കോര്‍ണിഷിനടുത്തുള്ള ഈന്തപ്പനകള്‍ നിറഞ്ഞ പുല്‍ത്തകിടിയില്‍, വരാമെന്നോ ഇല്ലെന്നോ പറയാതെ കൃത്യസമയത്ത് തന്നെ എല്ലാവരേക്കാളും മുന്‍പ് കൈപ്പള്ളി കുടുംബസമേതം എത്തിയിരുന്നു. പിന്നീട് അബൂദാബിയില്‍ നിന്നുള്ള ബ്ലോഗറായ ചുള്ളിക്കാല്‍ ബാബുവും, ഷാര്‍ജ്ജയില്‍ നിന്നുള്ള തമനുവും അഗ്രജനും എത്തിച്ചേര്‍ന്നു. അധികം വൈകാതെ തന്നെ ദുബായില്‍ നിന്നും പൊതുവാള്‍, മിന്നാമിനുങ്ങ്, ഇത്തിരിവെട്ടം എന്നിവരും എത്തിച്ചേര്‍ന്നു... പിന്നീട് ഷാര്‍ജയില്‍ നിന്നുള്ള സുല്ലും എത്തിച്ചേര്‍ന്നു.

പലരും പരസ്പരം കണ്ടിട്ടുള്ളവരായിരുന്നെങ്കിലും ആദ്യമായി കാണുന്നവരും ഉണ്ടായിരുന്നു.

‘ഒരേ ഒരു പഴ‘ത്തില്‍‘ നിന്നും വളരെ ശ്രദ്ധാപൂര്‍വ്വം ചീകിയെടുത്ത് പൊരിച്ചെടുത്ത ‘ഒരുപാടു’ പഴം പൊരികള്‍ ഈറ്റിന്‍റെ സാന്നിധ്യം അറിയിച്ചു കൊണ്ട് നിരന്നതിനോടൊപ്പം തന്നെ അയ്യപ്പന്‍റെ അമ്മ ചുട്ടതും കാക്ക കൊത്തി കടലിലിട്ടതും മുക്കുവപിള്ളേര്‍ മുങ്ങിയെടുത്തതും തട്ടാപ്പിള്ളേര്‍ തട്ടിയെടുത്തതുമായ നെയ്യപ്പം(ങ്ങള്‍) രംഗത്തെത്തി.

ഇതിലിടയ്ക്ക് ബര്‍ദുബായില്‍ നിന്നും ഏറനാടന്‍ വിളിച്ച്, നാട്ടില്‍ നിന്നും (ആരോ) കൊണ്ടു വന്ന വിഭവങ്ങളുമായി എത്രയും പെട്ടെന്ന് താന്‍ എത്തിച്ചേരുന്നതാണെന്ന് അറിയിച്ചു. അധികം താമസിയാതെ തന്നെ... പഴുത്തതും മൂത്തതും മൂക്കാത്തതുമായ മാങ്ങകളും പിന്നെ കായ വറുത്തത്, അവുലോസ് പൊടി, ശര്‍ക്കരയുപ്പേരി, ഉണ്ണിയപ്പം എന്നീ വിഭവങ്ങളുടെ അകമ്പടിയോടെ ഏറനാടന്‍ എത്തിച്ചേര്‍ന്നു. എങ്കിലും പലരും വളരെ മോഹിച്ച ‘ബീഫ് ഫ്രൈ’ യുടെ അഭാവം നികത്താന്‍ ഇവയൊന്നിനും തന്നെ ആയില്ല.

അജ്മാനില്‍ നിന്ന് അത്തിക്കുറിശ്ശി കുടുംബസമേതവും, ഫുജൈറയില്‍ പോയിവന്ന യാത്രാക്ഷീണം പോലും വക വെയ്ക്കാതെ അപ്പുവും അങ്ങോട്ടെത്തിച്ചേരുമ്പോള്‍ ഇരുട്ട് വീണിട്ടേയുണ്ടായിരുന്നുള്ളു.

ഇതിലിടയ്ക്ക് ചര്‍ച്ചകളില്‍ പല വിഷയങ്ങളും വന്നും പോയ്ക്കൊണ്ടുമിരുന്നു. പോസ്റ്റുകള്‍, കമന്‍റുകള്‍, യൂണീക്കോഡ്, വിക്കി, പോസ്റ്റുകളുടെ നിലവാരം, ഓഫടികള്‍... പിന്നെ പത്രങ്ങളുടെ മൂല്യച്യുതി, കേരള രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ ഭാഗീകമായി ചര്‍ച്ച ചെയ്യപ്പെട്ടു.

ജോലി തിരക്ക് കാരണം എത്തിച്ചേരാന്‍ പറ്റാതിരുന്ന ദേവേട്ടനും പനി മൂലം വരാന്‍ സാധിക്കാതിരുന്ന അതുല്യേച്ചിയും, അപ്രതീക്ഷിതമായി വന്നെത്തിയ അതിഥികള്‍ കാരണം വരാന്‍ പറ്റാതിരുന്ന കരീം മാഷും വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നു.

അവസാനം എട്ടമണിയോടെ എല്ലാവരും പോകാനായെഴുന്നേറ്റെങ്കിലും, പിന്നീട് പല തവണ ബൈ പറഞ്ഞെങ്കിലും എല്ലാവരും പിരിഞ്ഞ് പോകുമ്പോള്‍ ഒന്‍പത് മണി കഴിഞ്ഞിരുന്നു.

കുറച്ച് നേരം രസകരമായി ചിലവഴിച്ചതിന്‍റെ സന്തോഷം എല്ലാവരുടെ മുഖത്തും കാണാമായിരുന്നു.


മീറ്റിനെത്തിയ ബ്ലോഗര്‍മാര്‍

അപ്പു ------------------------------------- അത്തിക്കുറിശ്ശി


ചുള്ളിക്കാല്‍ ബാബു ---------------------- ഏറനാടന്‍


ഇത്തിരിവെട്ടം ----------------------------------- കൈപ്പള്ളി


മിന്നാമിനുങ്ങ് -------------------------------- പൊതുവാള്‍


സിനു (അത്തിക്കുറിശ്ശി ജൂനിയര്‍) ---------- സുല്‍


തമനു --------------------------------------------- അഗ്രജന്‍


മീറ്റ് - ചില ദൃശ്യങ്ങള്‍
താഴെ ഈറ്റില്‍ പങ്കെടുത്ത ഐറ്റംസ്

ഔലോസുപൊടി, കായ വറുത്തത്, പഴം പൊരി, മാങ്ങ, ഉണ്ണിയപ്പം, ശര്‍ക്കരയുപ്പേരി, നെയ്യപ്പം.

വിറ്റ് ഓഫ് ദ മീറ്റ്:
ചര്‍ച്ചകള്‍ക്കിടയില്‍ ഏറനാടന്‍ കൈപ്പള്ളിയുടെ എഴുത്തിനെപറ്റി അഭിപ്രായം പറഞ്ഞു...

അതിങ്ങനെയായിരുന്നു...

‘കൈപ്പള്ളിയുടെ ബ്ലോഗുകളില്‍ ഇടയ്ക്കിടയ്ക്ക് അക്ഷരതെറ്റുകള്‍ ഉണ്ടാവാറുണ്ട്...’

Tuesday, May 15, 2007

ചാറ്റാം, പിന്നെ വല്ലതും തടഞ്ഞാല്‍ ഈറ്റാം

സൌഹൃദങ്ങള്‍ക്ക് കൂടിച്ചേരാന്‍ ഒരു ഔപചാരികതയുടെ ആവശ്യമുണ്ടോ... ഇല്ല - അല്ലേ!

ഒന്നിച്ച് കൂടി കുറച്ച് നേരം കത്തിയടിക്കുന്നതിനെ പറ്റി ഇടയ്ക്കൊക്കെ സ്വകാര്യസംഭാഷണങ്ങളില്‍ ചില ബ്ലോഗര്‍മാര്‍ പറയാറുണ്ട് - പോസ്റ്റിലൂടെ വെയ്ക്കുന്ന കത്തിയൊന്നും പോരാഞ്ഞിട്ടാണേയ്... :)

എന്നാപ്പിന്നെ വെള്ളിയാഴ്ച വൈകീട്ട് ചുമ്മാ ഒന്ന് കൂടിയാലോന്നൊരു തോന്നല്‍... ഔപചാരികത ഒട്ടും തീണ്ടാതെ... ചുമ്മാ കുറച്ചുനേരം കത്തിക്കാം... ബാ പറ്റണോരൊക്കെ ബാ :) നമ്മുടെ കുറച്ച് പടങ്ങളും കൂടെ ലോഡ് ചെയ്ത് നെറ്റിനെ നമുക്ക് സമ്പുഷ്ടമാക്കാം :)

സംഗതി തരക്കേടില്ലാത്ത ചൂടൊക്കെയാണ്... എന്നാലും ഒരു 5 മണി കഴിഞ്ഞാല്‍ വലിയ കുഴപ്പമില്ലാന്ന് തോന്നുന്നു... അങ്ങിനെയെങ്കില്‍ ഷാര്‍ജയിലെ Buhaira Cornich ന് അടുത്തുള്ള AL MAJAZ PARK ല് വെച്ച് കൂടാം.

പുറത്ത് നിന്നും കൊണ്ടു വരുന്ന ഭക്ഷണസാധനങ്ങള്‍ക്കോ പാനിയങ്ങള്‍ക്കോ പ്രസ്തുത പാര്‍ക്കില്‍ യാതൊരു വിലക്കുകളും ഇല്ലാ എന്നും അറിയിക്കട്ടെ :)

അപ്പോ എല്ലാം പറഞ്ഞ പോലെ...
സ്ഥലം: ഷാര്‍ജ Buhaira Cornich ന് അടുത്തുള്ള AL MAJAZ PARK
ദിവസം: 18-05-2007 വെള്ളിയാഴ്ച
സമയം: വൈകീട്ട് 5 മണി മുതല്‍ 7:30 വരെ
പങ്കെടുക്കുന്നവര്‍: വരുന്നവരെല്ലാം


വാല്‍കക്ഷ്ണം:
കുറച്ചു പേരുടെ തമ്മില്‍ കാണാം എന്ന തീരുമനത്തിന്, എന്നാ പിന്നെ പറ്റുന്നവരെയൊക്കെ കാണാം എന്നൊരു വിശാലചിന്താഗതി വന്നപ്പോഴുണ്ടായ ഒരാശയമാണ്.