Monday, September 28, 2009

ബൂലോഗ സംഗമം / ‘പരോള്‍‘ ഷോ ഇന്‍ അബുദാബി

സ്നേഹമുള്ള സ്നേഹിതരേ...

യു.ഏ.ഈയിലെ ബൂലോഗരുടെ സംഗമവേദിയില്‍ ആരുടേയും ഒരനക്കവും ഇല്ലാതെ കിടക്കുന്നത് വിഷമം ഉള്ള കാര്യമാണ്. നമ്മള്‍ ഒന്ന് കൂടീട്ട് മാസങ്ങള്‍ ഒത്തിരിയായില്ലേ?
അഞ്ചല്‍ക്കാരനും കിച്ചുവും കൈതമുള്ളേട്ടനും കുറുമാനും സാക്ഷിയും സിദ്ധാര്‍ഥും മറ്റ് ബ്ലോഗരും നവാഗതരും അടക്കം എമറാത്തിലെ സകലമാന ബൂലോഗകുതുകികളും ഒരുപോലെ താത്‌പര്യം പ്രകടിപ്പിക്കുന്നതുപോലെ നമുക്കിനിയും ഒരു യൂയേയീ ബ്ലോഗ് സംഗമം വേണ്ടേ? പറയൂ..?

അതേസമയം, അബുദാബിയിലെ കേരളാ സോഷ്യല്‍ സെന്റര്‍ (KSC) സാഹിത്യവിഭാഗം ഇക്കഴിഞ്ഞ മീറ്റിങ്ങില്‍ മുന്നോട്ട് വെച്ച അജണ്ടയില്‍ ഒരു സന്തോഷകരമായ കാര്യമുണ്ട്. നമ്മുടെ, അതായത് ബൂലോഗരുടെ സൌകര്യവും സ്വാതന്ത്യവും നിയന്ത്രണവും ഒക്കെ നല്‍കിക്കൊണ്ട് ഒരു ബൂലോഗ-സംഗമം നടത്തുവാന്‍, നമ്മുടെ ഏവരുടേയും സൌകര്യപ്രദമായ ദിവസം അവര്‍ വേദി വിട്ടുതരുവാന്‍ സമ്മതമാണ് എന്നറിയിച്ചിട്ടുണ്ട്.

സാഹിത്യവിഭാഗം സെക്രട്ടറി ശ്രീ. മാമ്മന്‍ കെ രാജനോട് ഞാന്‍ വിശദമായി ആരാഞ്ഞു, എന്താണിത് കൊണ്ട് കെ.എസ്.സി ഉദ്ദ്യേശിക്കുന്നതെന്ന്. വേറൊന്നുമല്ല, മലയാളം ബ്ലോഗിങ്ങിനേയും അതിന്റെ അനന്തസാധ്യതകളേയും, മലയാളം സെറ്റിംങ്ങ്സിനേയും കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം ഉണ്ടാക്കുവാനും ബ്ലോഗിനോടുള്ള അന്യതാമനോഭാവം ഇല്ലാതാക്കുവാനും; ബ്ലോഗരാല്‍ ബ്ലോഗിനെക്കുറിച്ച് ബ്ലോഗാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു പരിചയപ്പെടുത്തലും മാത്രമാണ് അവര്‍ ഉദ്ധ്യേശിക്കുന്നത് എന്ന് അറിയിച്ചിട്ടുണ്ട്.

അതുപോലെ നമ്മുടെ സ്നേഹിതരായ ബ്ലോഗര്‍മാര്‍ സങ്കുചിതമനസ്കനും സനാതനനും ടീമും സൃഷ്ടിച്ച ‘പരോള്‍’ എന്ന ആദ്യബ്ലോഗ് സിനിമയുടെ പ്രദര്‍ശനം ഇതോടനുബന്ധിച്ച് ചെയ്യുവാന്‍ അവര്‍ക്ക് സന്തോഷമുണ്ട്.

സങ്കുചിതനേയും സനാതനനേയും ഇക്കാര്യം അറിയിക്കുവാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആരെങ്കിലും അവരെ ഇത് ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഉപകാരമായിരിക്കും.

ഈ നിര്‍ദേശം - “ബൂലോഗ സംഗമം/ ‘പരോള്‍‘ ഷോ ഇന്‍ അബുദാബി“ - നിങ്ങള്‍ക്ക് മുന്നില്‍ അമര്‍പ്പിച്ചുകൊള്ളുന്നു. അനുകൂലിക്കുന്നവരും താത്പര്യമുള്ളവരും ദയവായി അഭിപ്രായത്തിലൂടെ ഹാജര്‍ അറിയിക്കുക. ഈമെയില്‍, ഫോണ്‍ മുഖേനയോ ബന്ധപ്പെടുവാനും അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

താഴെക്കാണുന്നവരെ ബന്ധപ്പെടുക:-

മാമ്മന്‍ കെ രാജന്‍ (സെക്രട്ടറി, സാഹിത്യവിഭാഗം, കെ.എസ്.സി, അബുദാബി)
മൊബൈല്‍: 050 5462429


ഏറനാടന്‍ എന്ന സാലിഹ് (മെമ്പര്‍ ഓഫ് കെ.എസ്.സി, അബുദാബി)
മൊബൈല്‍: 050 6690366