Sunday, January 14, 2007

ഇന്ന് വീണ്ടുമൊരു യു.എ.ഇ ബ്ലോഗ് മീറ്റ് -ഇന്ത്യന്‍

ബൂലോക കൂടപ്പിറപ്പുകളേ.

ഇന്തോ-അറബ് കല്‍ച്ചറല്‍ ഫെസ്റ്റ് -2007 നോടനുബന്ധിച്ച് ജനുവരി 15 തിങ്കളാഴ്ച ഇന്ഡ്യന്‍ കോണ്‍സുലേറ്റ് ഹാള്‍ ദുബായിയില്‍ വച്ച് സന്ധ്യയ്ക്ക് 7.30 ന് ഗംഭീര പരിപാടികള്‍!!

1.
ഇന്ററാക്ഷന്‍ വിത്ത് റൈറ്റേഴ്സ് & മീഡിയ പേഴ്സണ്‍സ്
പങ്കെടുക്കുന്നവര്‍: സക്കറിയ, സാറാ ജോസഫ്, മേതില്‍ രാധാകൃഷ്ണന്‍, ഇ.പി രാജഗോപാലന്‍, ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ബെന്യാമിന്‍

2.
സാംസ്കാരിക സമ്മേളനം:
ഉദ്ഘാടനം: സക്കറിയ
വേദിയില്‍: സാറാ ജോസഫ്, മേതില്‍ രാധാകൃഷ്ണന്‍, ഇ.പി രാജഗോപാലന്‍, ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ബെന്യാമിന്‍

3.
ഓപ്പണ്‍ ഫോറം: മേല്‍ വിവരിച്ച സാഹിത്യ-സാംസ്കാരിക വ്യക്തിത്വങ്ങളുമായി സംവദിക്കാന്‍
നമുക്കൊരു അവസരം.

4.
ഇന്തോ അറബ് പോയിട്രി ഫെസ്റ്റ് -മുഷാഹിര

പ്രശസ്ത യു.എ.ഇ കവികളാ‍യ നുജൂം ഗാനിം, ഖാലിദ് ബദര്‍, ആതില്‍ ഹൊസ്സാം, ഷിഹാബ് ഗാനിം, ഹംദാ കമ്മീസ് എന്നിവരോടൊപ്പം മേതില്‍ രാധാകൃഷ്ണന്‍, ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, രാം മോഹന്‍, ടി.പി അനില്‍ കുമാര്‍, സിന്ധു മനോഹരന്‍, കുഴൂര്‍ വിത്സന്‍, അനൂപ് ചന്ദ്രന്‍.

അറബി കവിതകളുടെ മലയാള വിവര്‍ത്തനം ശ്രീ അനൂപ് ചന്ദ്രന്‍ അവതരിപ്പിക്കുന്നതയായിരിക്കും.

ഓടോ: ഇതു വരെ 25 ബൂലോക കൂടപ്പിറപ്പുകള്‍ എത്തിച്ചേരാം എന്ന് സമ്മതിച്ചിട്ടുണ്ട്. ചുളുവില്‍ ഒരു മീറ്റിനുള്ള അവസരവും, ബൂലോഗത്തിന്റെ വെള്ളക്കൊടി അവിടെ പാറിക്കാനുള്ള ഒരു അവസരവും.

ബ്ലോഗര്‍ മീറ്റ്‌ c/o IACF

പോയത്‌ ഇന്‍ഡോ അറബ്‌ കള്‍ച്ചറല്‍ ഫെസ്റ്റിവലിനായിരുന്നുവെങ്കിലും, ഒരു ബൂലോഗ മീറ്റിന്റെ വീക്ഷണകോണിലാണ്‌ ഞാന്‍ ഇതെഴുതുന്നത്‌. കാരണം, മീറ്റിനെപ്പറ്റിയും ചര്‍ച്ചകളെപ്പറ്റിയും ഒക്കെ ഇവിടെ സുന്ദരമായും ആധികാരികമായും പുലികള്‍ എഴുതും എന്നതു തന്നെ.

മുടിഞ്ഞ ട്രാഫിക്ക്‌ കാരണം വൈകിയാണ്‌ വീട്ടിലെത്തിയത്‌ എന്നതു കൊണ്ടുതന്നെ പുറപ്പെടാനും അരമണിക്കൂറോളം വൈകി. ബൂലോഗത്തെ പുലികളുടെ കൂടെ യാത്ര ചെയ്യുന്നതിലുള്ള ത്രില്‍ വൈകുന്നേരം മുതല്‍ തന്നെ ഉണ്ടായിരുന്നു. ആദ്യം പിക്ക്‌ ചെയ്തത്‌ വിശാലനെയാണ്‌. പുലിക്ക്‌ ചേരുന്ന ഒരു പുള്ളിക്കുപ്പായമൊക്കെ ഇട്ടായിരുന്നു വിശാലന്റെ വരവ്‌. കയ്യിലാവട്ടെ, ഒരു കുന്ന് തീറ്റിസാധനങ്ങളും. പത്തു മിനിറ്റിനുള്ളില്‍ ഏറനാടനും കൂടി ഞങ്ങള്‍ക്കൊപ്പം. ട്രാഫിക്ക്‌ ബാധിച്ചത്‌ കൊണ്ട്‌ കുറുമാനും അല്‍പം വൈകിയാണെത്തിയത്‌. റഷ്യയില്‍ നിന്ന് വന്ന അതേ സ്റ്റൈലില്‍ ആയിരുന്നു കക്ഷി. കയ്യില്‍ വീഡിയോ ക്യാമറ കണ്ടപ്പോള്‍ എല്ലാരും മീറ്റിന്റെ മൂവി കാണാമല്ലോ ഇനി എന്ന് സന്തോഷിച്ചെങ്കിലും, ബാഗിനുള്ളില്‍ സാധനം വേറെയായിരുന്നു എന്നറിയാന്‍ അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല.

കുറുമാന്റേയും ബാഗിനുള്ളിലെ കൂട്ടുകാരന്റേയും വരവോടെ രംഗം ചൂടുപിടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ബൂലോഗത്തെ പുതിയ വിവാദങ്ങളും, വിശാലന്റെ ഏഷ്യാനെറ്റ്‌ അഭിമുഖത്തിന്റെ ഷൂട്ടിംഗ്‌ വിശേഷങ്ങളും കുറുമാന്റെ യൂ.പ. പതിനൊന്നിന്റെ കാണാപ്പുറങ്ങളും ഒക്കെ ചര്‍ച്ച ചെയ്ത്‌ അബുദാബി എത്തിയത്‌ തന്നെ അറിഞ്ഞില്ല. ഇടക്ക്‌ ദില്‍ബാസുരന്‍, സിദ്ധാര്‍ത്ഥന്‍ എന്നിവരെ വിളിച്ച്‌ അവര്‍ എവിടെയെത്തി എന്ന് ഉറപ്പാക്കുന്നുണ്ടായിരുന്നു. സിറ്റിയില്‍ എത്തിയ ശേഷം സങ്കുചിതന്റെ സഹായത്തോടെ നാഷണല്‍ തിയേറ്റര്‍ കൃത്യമായി കണ്ട്‌ പിടിച്ച്‌ ഞങ്ങള്‍ എത്തിയപ്പോഴേക്കും സമയം എട്ടരയായിരുന്നു.

അധികം ആള്‍ത്തിരക്ക്‌ ഇല്ലാതിരുന്നതിനാല്‍ ബൂലോഗരെ കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. കൈപ്പള്ളി, സാക്ഷി, ദില്‍ബന്‍, പെരിങ്ങോടന്‍, അനിയന്‍സ്‌ എന്നിവരൊക്കെ ഒന്നിച്ചു തന്നെ ഇരിപ്പുണ്ടായിരുന്നു. ഞങ്ങള്‍ എത്തിയപ്പോള്‍ യു.എ.ഇ.യിലെ പ്രമുഖ വ്യവസായിയും കലാ-സാംസ്‌കാരിക-കായിക രംഗത്തെ സജീവ സാനിനിധ്യവുമായ ബി.ആര്‍.ഷെട്ടിയുടെ ആശംസാ പ്രസംഗം നടക്കുകയായിരുന്നു. അതിനു ശേഷം അടൂരിന്റെ കാര്യമാത്ര പ്രസക്തമായ പ്രസംഗമായിരുന്നു. തുടര്‍ന്ന് അറബ്‌ കവികള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഭൂരിഭാഗം സദസ്സിനോടൊപ്പം ഞങ്ങളും വെളിയിലിറങ്ങി. (ബെസ്റ്റ്‌ സാംസ്‌കാരിക വിനിമയം!!)

വെളിയിലിറങ്ങി മറ്റു ബൂലോഗരെ തെരഞ്ഞു പിടിക്കാനുള്ള ശ്രമമായിരുന്നു. സിദ്ധാര്‍ത്ഥന്‍ വിളിച്ച്‌ അവരും താഴേക്ക്‌ വരുന്നുവെന്ന് അറിയിച്ചു. ഇതിനിടയില്‍ കുറേ അറബിപ്പിള്ളേരെ കൂട്ടു കിട്ടിയ കുറുമാന്‍ അവരോടൊപ്പം ഫുട്ബാള്‍ കളിക്കാന്‍ തുടങ്ങിയിരുന്നു. സിദ്ധാര്‍ത്ഥനോടൊപ്പം മിക്കവാറും എല്ലാവരും ഇതിനിടയില്‍ താഴേക്ക്‌ എത്തിയിരുന്നു. അത്തിക്കുറിശ്ശി, തമനു, പുഞ്ചിരി, ഇടങ്ങള്‍ എന്നിവരെ ഞാന്‍ ആദ്യമായായിരുന്നു കാണുന്നത്‌. ഇതിനിടയില്‍ ദേവനും എത്തി. കൂടെയുണ്ടായിരുന്ന അതുല്ല്യേച്ചിയേയും അപ്പുവിനേയും എന്തോ ആദ്യമായി കാണുകയാണെന്ന് ഒരു തോന്നലേ ഉണ്ടായില്ല എന്നതാണ്‌ സത്യം. രാധേയനും എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ്‌ മാറിനില്‍ക്കുകയായിരുന്ന പുള്ളിയേയും തപ്പിപ്പിടിച്ച്‌ പരിചയപ്പെട്ടു.

അനൌപചാരിക പരിചയപ്പെടലും പരിചയം പുതുക്കലും ഒക്കെ കഴിഞ്ഞപ്പോഴേക്കും സമയം 10.30 മണി കഴിഞ്ഞിരുന്നു. കുറുമാന്‍ ചെണ്ട കൊണ്ടുവന്നില്ലെങ്കിലും ഭക്ഷനത്തിന്റെ ഉത്തരവാദിത്തം ഏറ്റ സാക്ഷി ഒരു ചെണ്ടയായി മാറാനുള്ള സാധ്യത അടുത്തു വരികയായിരുന്നു. എന്തായാലും ഭക്ഷണം റെഡിയായെന്നും നീങ്ങാമെന്നുമുള്ള സാക്ഷിയുടെ അറിയിപ്പ്‌ കിട്ടിയപ്പോള്‍ ആ ടെന്‍ഷന്‍ അവസാനിച്ചു. ഇതിനിടയില്‍ ദേവന്‍ & പാര്‍ട്ടി മടങ്ങി പോവുകയാണെന്ന് അറിയിച്ചു. തമനുവും അവരോടൊപ്പം കൂടി.

അബുദാബി ക്രീക്കിനടുത്തുള്ള ഒഴിഞ്ഞ ഒരു സ്ഥലത്തായിരുന്നു ഞങ്ങള്‍ ഡിന്നറിനായി ഒത്തു കൂടിയത്‌. നറും നിലാവും, ഇളം കാറ്റും, തടാകക്കരയും, സൌഹൃദവും ഒക്കെ ഒത്തു ചേര്‍ന്ന അവസരത്തില്‍ വിശാലന്റെ നേതൃത്വത്തില്‍ പാട്ട്‌ തുടങ്ങിയത്‌ തികച്ചും സ്വാഭാവികമായിരുന്നു. ഇതിനിടക്ക്‌, ഇരുട്ടത്ത്‌ തടാകത്തിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച സിദ്ധാര്‍ത്ഥനെ കൈപ്പള്ളി തെറി പറയുന്നുണ്ടായിരുന്നു. ഭക്ഷണം ഹൃദ്യമായിരുന്നു.ഭക്ഷണശേഷം എങ്ങോട്ടു പോകണം എന്നത്‌ ചെറിയ ഒരു ആശയക്കുഴപ്പമുണ്ടാക്കിയ കാര്യമായിരുന്നു. അവസാനം, അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും എല്ലാവരും ബെന്യാമിന്റെ മുറിയില്‍ കൂടാം എന്ന് തീരുമാനമായി. (ചില കൊച്ചു പയ്യന്‍മാര്‍ അവിടെ നിന്ന് ഒതുക്കത്തില്‍ സ്കൂട്ട്‌ ആയത്‌ ചേട്ടന്‍മാര്‍ ശ്രദ്ധിച്ചിരുന്നുവെന്ന് അറിയിക്കട്ടെ).

പെരിങ്ങോടന്റെ വണ്ടിയില്‍ കയറിയ സാക്ഷി വഴികാട്ടിയായി ബാക്കി മൂന്ന് വണ്ടികളും പിന്തുടര്‍ന്നുവെങ്കിലും വിശാലന്റെ അയ്യപ്പഭക്തി ഗാനങ്ങള്‍ അലതല്ലിക്കൊണ്ടിരുന്ന കണ്ണൂസിന്റെ വണ്ടി മാത്രമേ വഴി തെറ്റിക്കാതിരുന്നുള്ളൂ. കൈപ്പള്ളിയും സിദ്ധാര്‍ത്ഥനും അല്‍പ്പം വൈകിയെങ്കിലും എത്തിച്ചേര്‍ന്നതോടെ എല്ലാവരും ചേര്‍ന്ന് ബെന്യാമിന്റെ ഫ്ലാറ്റിലേക്ക്‌ പോയി.

മേതില്‍ രാധാകൃഷ്ണനും, സി.പി.കരുണാകരനും, കവിയും സംഘാടകരില്‍ ഒരാളുമായ സര്‍ജു ചാത്തന്നൂരും സംസാരിച്ചു കൊണ്ടിരുന്നതിനിടയിലേക്കാണ്‌ ബ്ലോഗര്‍ വെട്ടുകിളികള്‍ പറന്നിറങ്ങിയത്‌. അപരിചിതത്വത്തിന്റെ അംശം പോലുമില്ലാതെ അവര്‍ ഞങ്ങളെ സ്വീകരിച്ചു. അവരുടെ സംഭാഷണത്തില്‍ ഞങ്ങളും ഭാഗഭാക്കായത്‌ തികച്ചും സ്വാഭാവികമായിരുന്നു. കുവൈറ്റിലെ പ്രവാസകാലത്ത്‌ പരിചയപ്പെട്ടതു മുതലുള്ള രസകരമായ അനുഭവങ്ങള്‍ മേതിലും കരുണാകരനും പങ്കു വെച്ചു.

ഫെസ്റ്റിവലിന്റെ പ്രധാന തീം ആയ ഇന്‍ഡോ-അറബ്‌ സാംസ്‌കാരിക പങ്കുവെക്കല്‍ വിഷയമായി വന്നപ്പോഴാണ്‌ ചര്‍ച്ചകള്‍ ഗൌരവപരമായ ഒരു തലത്തിലേക്ക്‌ കടന്നത്‌. അറബുകളുടെ യുദ്ധനൃത്തത്തെ " വടിയും കോലും വെച്ചുള്ള ചാട്ടം" എന്നാരോ പറഞ്ഞത്‌ കൈപ്പള്ളിയെ പ്രകോപിപ്പിച്ചു. വാര്‍ ഡാന്‍സിന്റേയും, മുക്കുവരുടെ നൃത്തത്തിന്റേയും ശൈലിയും, അതിനു പുറകിലുള്ള മിത്തുകളും കൈപ്പള്ളി സരസമായി പറഞ്ഞു കേള്‍പ്പിച്ചു. സ്വന്തം സംസ്കാരത്തെ സാംശീകരിക്കാനോ, മനസ്സിലാക്കാനോ തന്നെ തയ്യാറില്ലാത്ത മലയാളികള്‍ മറ്റുള്ളവരുടെ സംസ്കാരത്തെ പുച്ഛിക്കുന്നത്‌ ശരിയല്ല എന്ന് മേതില്‍ നിരീക്ഷിച്ചു. നമ്മുടെ സ്വന്തം സംസ്കാരത്തിലോ, പുരാണങ്ങളിലോ, മുത്തശ്ശിക്കഥകളിലോ ഒക്കെ വളര്‍ന്ന് വരുന്ന തലമുറക്ക്‌ താത്‌പര്യം ഇല്ലാതെ പോവുന്നതിന്‌, മാധ്യമങ്ങളുടേയും തലമുറകളുടെ വിടവിന്റേയും മേല്‍ പഴിചാരുന്നതില്‍ അര്‍ത്ഥമില്ല എന്നും, അവര്‍ക്ക്‌ ഇത്‌ ഭംഗിയായി വിവരിച്ചു കൊടുക്കുന്നതിനോ താത്‌പര്യം ജനിപ്പിക്കുന്നതിലോ നമ്മുടെ തലമുറയുടെ കഴിവുകുറവിനേയാണ്‌ പഴിക്കേണ്ടത്‌ എന്ന കൈപ്പള്ളിയുടെ വാദം മേതിലും കരുണാകരനും ബെന്യാമിനും സര്‍വ്വാത്‌മനാ അംഗീകരിച്ചു.

സംവാദം കാലികരാഷ്ട്രീയത്തിലേക്ക്‌ വഴിമാറിയപ്പോള്‍ സദ്ദാം കേന്ദ്രബിന്ദുവായത്‌ സ്വാഭാവികം മാത്രം. തങ്ങളുടെ കാര്യങ്ങള്‍ക്ക്‌ മുട്ടില്ലാതെ ഇരിക്കണമെന്നും, എല്ലാ കാര്യങ്ങളും കോക്ക്‌ മെഷീനില്‍ നാണയം ഇടുമ്പോള്‍ വരുന്ന ബോട്ടില്‍ പോലെ സുഗമമായിരിക്കണമെന്നുള്ള അരാഷ്ടീയതയാണ്‌ കേരളീയരുടെ സദ്ദാം അനുകൂല മനോഭാവത്തിന്റെ കാതലായ വശം എന്ന് കരുണാകരന്‍ വാദിച്ചു. ഈ ഒരു അരാഷ്ട്രീയത, അപകടകരമാണെന്നും പല രാജ്യങ്ങളിലും സ്വേച്ഛാധിപത്യത്തിന്റെ വിത്തുപാകിയത്‌ ഇതായിരുന്നുമെന്നും മേതിലും അഭിപ്രായപ്പെട്ടു. കേരളത്തിലെ അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള സാഹചര്യം ഉദാഹരിച്ച്‌ ബെന്യാമിനും ഇതിനെ പിന്തുണച്ചു. കൈപ്പള്ളിയും, ഗന്ധര്‍വനും, പെരിങ്ങോടനും ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന വര്‍ഗീയത കൂടി ചൂണ്ടിക്കാണിച്ച്‌ സംവാദത്തിന്‌ കൊഴുപ്പ്‌ കൂട്ടിയതോടു കൂടി പലവാദങ്ങളോടും യോജിക്കാതിരുന്ന ഒരു എലിക്ക്‌ ആറു പുലികളോട്‌ നേരിടാന്‍ കഴിയാതെ മാളത്തിലൊളിക്കേണ്ടി വന്നു.

ഇതിനിടക്ക്‌, സദ്ദാമിന്റെ കുവൈറ്റ്‌ അധിനിവേശത്തിന്‌ മുന്‍പെ ഇറാഖിലും, മറ്റു പല ഗള്‍ഫ്‌ രാജ്യങ്ങളിലും, യൂറോപ്പ്പിലും ഒക്കെ ജോലി ചെയ്തിരുന്ന ഒരു മാന്യദേഹം (ഇദ്ദേഹത്തിന്റെ പേരറിയില്ല, അറിയാവുന്നവര്‍ എഴുതുക), തന്റെ അനുഭവങ്ങളെ പിന്‍ബലമാക്കി സദ്ദാമിന്റെ ഇറാഖ്‌ ഒരു പുരോഗമന രാജ്യമായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും അത്‌ ക്ലിക്ക്‌ ആയില്ല.

തുടര്‍ന്ന്, ചര്‍ച്ച കേരളത്തിലെ ബന്ദിലേക്കും ഹര്‍ത്താലിലേക്കും വഴി മാറിയതോടെ കര്‍ശനമായ ചില രാഷ്ട്രീയ പരാമര്‍ശങ്ങള്‍ വന്നത്‌ (ബ്ലോഗര്‍മാരില്‍ നിന്നല്ല) ചര്‍ച്ചയുടെ സുഗമമായ വികാസത്തിന്‌ തടസ്സം സൃഷ്ടിച്ചു. കൃത്യമായ രാഷ്ട്രീയചായ്‌വുള്ള ഒരു സംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടികളില്‍ രാഷ്ട്രീയചര്‍ച്ചകള്‍ എവിടേയുമെത്തില്ല എന്ന തിരിച്ചറിവ്‌ കൊണ്ടാവണം പക്വമതികളായ മേതില്‍ സറും, കരുണാകരന്‍ സറും യാത്ര പറഞ്ഞു പിരിഞ്ഞു. പിറ്റേന്ന് അവര്‍ക്ക്‌ പങ്കെടുക്കാനുള്ള പൊതു പരിപാടികളുണ്ട്‌ എന്നത്‌ കൂടി കണക്കിലെടുക്കുമ്പോള്‍ അവര്‍ ഞങ്ങള്‍ക്ക്‌ തന്ന സമയത്തിന്റെ വില തന്നെ അമൂല്യം. രണ്ട്‌ പേര്‍ക്കും ബ്ലോഗര്‍മാരുടെ പേരില്‍ അകൈതവമായ നന്ദി പറയാന്‍ കൂടി ഈ അവസരം വിനിയോഗിക്കട്ടെ. (ഉറക്കം വരുന്നില്ല, കുറച്ചുകൂടി കഴിഞ്ഞു പോവാം എന്ന് പറഞ്ഞ്‌ ഞങ്ങളുടെ കൂടെ തുടര്‍ന്ന ബെന്യാമിന്‌ നന്ദി വേറെ പറയുന്നില്ല. ബെന്യാമിന്‍ നമ്മളിലൊരാള്‍ തന്നെയാണല്ലോ.)

മേതിലും സി.പി.യും പോയിക്കഴിഞ്ഞപ്പോള്‍ വേദി ബൂലോഗത്തിന്റെ മാത്രമായി. ചര്‍ച്ചകളും കുറച്ചു കൂടി സ്പെസിഫിക്ക്‌ ആയ വിഷയങ്ങളിലേക്കൊതുങ്ങി. സമൂഹത്തിന്റെ ക്രോസ്സ്‌ സെക്ഷന്‍ തന്നെയാണ്‌ നമ്മള്‍ എന്നിരിക്കെ "ബ്ലോഗര്‍" എന്ന ചേരിതിരിവിന്റെ നിരര്‍ത്ഥകതയെക്കുറിച്ച്‌ കൈപ്പള്ളി ഓര്‍മ്മിപ്പിച്ചു. ബൂലോഗത്തെ പല സംവാദങ്ങളും പാളം തെറ്റുന്നതിനെക്കുറിച്ചും ചര്‍ച്ചകളുണ്ടായി. സംവാദം നിയന്ത്രിക്കേണ്ടത്‌ ബ്ലോഗ്‌ ഉടമ തന്നെയാണെന്ന് കൈപ്പള്ളിയുടെ സ്വന്തം ബ്ലോഗിലുള്ള ഇടപെടലുകളും ചന്ത്രക്കാരന്റെ "ബ്ലോഗിന്റെ രാഷ്ട്രീയ"ത്തിലുള്ള മോഡറേഷനുകളും ചൂണ്ടിക്കാട്ടി ഒരു വിഭാഗം വാദിച്ചെങ്കിലും, അതിന്‌ ഉത്തരവാദിത്തമുള്ള വായനക്കാര്‍ക്കും ബാധ്യതയുണ്ട്‌ എന്ന അഭിപ്രായമായിരുന്നു എനിക്ക്‌.

പെരിങ്ങോടന്റെ "സ്ത്രീപക്ഷം" എന്ന കഥയില്‍ ഒരു സംവാദം തുടങ്ങിക്കൊണ്ട്‌ പെരിങ്ങോടന്റെ ഭാഷയേയും ആശയത്തേയും വര്‍ത്തമാന വായന കാര്യമായി സ്വാധീനിക്കുന്നുണ്ട്‌ എന്ന് ബെന്യാമിന്‍ സമര്‍ത്ഥിച്ചു. പൊതുവേ, എല്ലാവരും ഇതിനെ അനുകൂലിക്കുന്നതാണ്‌ കണ്ടത്‌. (പെരിങ്ങോടന്‍ ഉള്‍പ്പടെ). സ്ത്രീപക്ഷത്തില്‍ പെരിങ്ങോടന്‍ നല്‍കിയ മിത്തുകളുടെ റെഫറന്‍സ്‌ - അവ റാസ്‌പുച്ചിനെ വധിച്ചവര്‍ മെനഞ്ഞതാണ്‌ എന്ന ഒരു വാദം നിലവിലുള്ളതിനാല്‍ - ഒഴിവാക്കിയിരുന്നുവെങ്കില്‍ കഥക്ക്‌ വായനക്കാരുടെ ഭാഗത്ത്‌ നിന്നുള്ള പുനര്‍വായനക്ക്‌ കൂടുതല്‍ സാധ്യത നല്‍കുമായിരുന്നുവെന്ന് കണ്ണൂസ്‌ വാദിച്ചു. ഇതിനിടയില്‍ ബെന്യാമിന്‍ താന്‍ എഴുതിയ " അബിശഗീന്‍" എന്ന ലഘു നോവല്‍ എല്ലാവര്‍ക്കും സ്നേഹപൂര്‍വം വിതരണം ചെയ്തു.

തിരക്ക്‌ കാരണം കൂടെച്ചേരാന്‍ താമസിച്ച സങ്കുചിത മനസ്കന്‍, അനില്‍ കുമാര്‍, സുനില്‍ സലാം എന്നീ മൂന്നാമിടം ടീമിലെ ബ്ലോഗര്‍മാര്‍ കൂടി എത്തിച്ചേര്‍ന്നതോട്‌ കൂടി അരങ്ങ്‌ കൊഴുത്തു. അനിലും, ഇടങ്ങളും, സങ്കുവും തങ്ങളുടെ കവിതകള്‍ അവതരിപ്പിച്ചു. അനൂപ്‌, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ "ശംഖുമുഖം" എന്ന കവിത സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയെങ്കിലും, ഇടക്കു വെച്ചു നിര്‍ത്തി പോകേണ്ടി വന്നു. കവിതയില്‍ നിന്ന് രംഗം സിദ്ധാര്‍ത്ഥന്റെ നേതൃത്വത്തില്‍ പഴയ ഗാനങ്ങളിലേക്കും, അവിടെ നിന്ന് അന്തിക്കടപ്പുറത്തും, രാമകഥാ ഗാനലയവും ഉള്‍പ്പടെയുള്ള ഫാസ്റ്റ്‌ നമ്പറുകളിലേക്കും വഴിമാറി. വിശാലന്‍ കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ ഭംഗിയായി പാടി. എല്ലാത്തിനും അകമ്പടി സേവിച്ചു കൊണ്ട്‌ കുറുമാന്റേയും അനിലിന്റേയും വക ഡബിള്‍ തായമ്പകയുമുണ്ടായിരുന്നു. നാടന്‍ പാട്ടുകളും, അതിനോട്‌ ചേരുന്ന ചുവടുകളുമായി കെ.എസ്‌.സി.യിലെ നൌഫല്‍ കൂടി വന്നതോട്‌ കൂടി കിഴക്ക്‌ വെള്ള കീറിയത്‌ ആരുമറിഞ്ഞില്ല.

ഉറങ്ങിയത്‌ 6 മണി കഴിഞ്ഞിട്ടാവണം. തിരിച്ചു പോവുമ്പോള്‍ ക്ഷീണം കാരണം വണ്ടിയോടിക്കാന്‍ കഴിഞ്ഞില്ല, വിശാലനാണ്‌ സദയം ആ പണി ഏറ്റെടുത്തത്‌. വണ്ടിയിലിരുന്ന് ഉറങ്ങിയത്‌ കാരണം ഗന്ധര്‍വന്റേയും വിശാലന്റേയും ഏറനാടന്റേയും ചര്‍ച്ചകളിലും പങ്കെടുക്കാന്‍ പറ്റിയില്ല. അതിലും വലിയ സങ്കടമാണ്‌ ശനിയാഴ്ച്ചത്തെ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ തോന്നുന്നത്‌. തുടര്‍ന്ന് നടന്ന മാമാങ്കങ്ങളെക്കുറിച്ച്‌ പങ്കെടുത്തവര്‍ എഴുതാന്‍ കാത്തിരിക്കുന്നു ഞാനും.

നല്ലൊരു കൂടിക്കാഴ്ച്ചക്ക്‌ എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി പറയട്ടെ. ആരുടെയെങ്കിലും പേര്‌ വിട്ടു പോയിട്ടുണ്ടെങ്കില്‍ അത്‌ മനപൂര്‍വമല്ലെന്ന് മനസ്സിലാക്കി ക്ഷമിക്കുക. ഒരു റെഫറന്‍സും ഇല്ലാതെ ഓര്‍മ്മയില്‍ നിന്ന് മാത്രം എഴുതുന്നതാണ്‌.

Wednesday, January 10, 2007

സാംസ്ക്കാരിക സമ്മേളനവും മീറ്റും

ഇവിടെ പറയപ്പെട്ട ഇന്‍ഡൊ അറബ് സാംസ്ക്കാരിക സമ്മേളനവുമായി ബന്ധപ്പെട്ടു്, പതിനൊന്നാം തീയതി, അതായതു് നാളെ, വൈകീട്ടു് നമുക്കെല്ലാവര്‍ക്കും തമ്മില്‍ കാണാമെന്നു കരുതുന്നു. അബുദാബിയിലെത്തുന്നവര്‍ അവിടെ 7.30 ക്കു തന്നെ എത്താന്‍ ശ്രമിക്കുക. ദുബായ്, ഷാര്‍ജ, ഉമ്മുല്‍ക്കുവൈന്‍‍, റാസ് അല്‍ ഖോര്‍, ഫുജൈറ(?) മുതലായ എമിറേറ്റുകളിലുള്ളവര്‍ വാഹന സൌകര്യങ്ങള്‍ ലഭിക്കുന്നതിനും പങ്കു വക്കുന്നതിനും മറ്റു വിശദവിവരങ്ങള്‍ക്കും സിദ്ധാര്‍ത്ഥനേയോ ദില്‍ബാസുരനേയോ ബന്ധപ്പെടുക. ഇവന്മാരുടെ ചെലവാകാത്ത നമ്പരുകള്‍ താഴെ.

സിദ്ധാര്‍ത്ഥന്‍: 0505455976
ദില്‍ബാസുരന്‍: 0508972301

സകലമാന ബൂലോകരും പരിപാടിയില്‍ പങ്കെടുക്കുകയും താല്പര്യമുള്ള ജനങ്ങളെ പങ്കെടുപ്പിക്കുകയും ചെയ്യണമെന്നു് താല്പര്യപ്പെടുന്നു.

പീസ്: പരിപാടി കഴിഞ്ഞു് എല്ലാവരും ചേര്‍ന്നൊരു ഡിന്നര്‍ സാക്ഷി അറേഞ്ചു് ചെയ്യുന്നുണ്ടെന്നാണു് ശ്രുതി. അതിലേക്കു കൂടി കരുതി വേണം സഹൃദയര്‍ പുറപ്പെടാന്‍ എന്നിതിനാലോര്‍മ്മിപ്പിച്ചു കൊള്ളുന്നു.

എന്നു് വിധേയന്‍
ഒപ്പു്

കാര്യപരിപാടികള്‍ വെബ്സൈറ്റില്‍ നിന്നറിയാന്‍ കഴിയാഞ്ഞവര്‍ക്കായി ഇതാ ദില്‍ബന്‍ കോപ്പിറൈറ്റ് വയലറ്റാക്കി ഇവിടെ പ്രസിദ്ധീകരിക്കുന്നു.

Programme
11th January 2007, Thursday - 7:00p.m
Venue: Emirates Writers Union (National Theatre Abu Dhabi)

Inaugural function: 7: 30 - 9:00 pm
Prominent Guests: Adoor Gopalakrishnan, Chandra Mohan Bhandari ,Hareb Al Dhaheri, Paul Zacharia, Al Saad Al Manhali ,K.G. Sankarapillai, Dr. Shihab Ghanem, Maythil Radhakrishnan,Ali Kenham, Karunakaran, E.P. Rajagopalan, Shakir Noori, Anwar Kateeb, Mohd Walid Abdi, M.A. Yusuf Ali, B.R. Shetty,Dr. Raja Balakrishanan, K.B.Murali, Shihabuddeen Poithumkadav.

Indo-Arab Musical Concert: 9:00p.m

Cultural programme : 9:30p.m.

ഇത്രയുമാണ് നാളത്തെ പരിപാടികള്‍. എതായാലും ധാരാളം ബൂലോഗര്‍ ഇത് കാണാന്‍ അബുദാബിയില്‍ വരുന്നുണ്ട് , എന്തായാലും ഇതൊക്കെ കണ്ടു കഴിഞ്ഞാല്‍ വിശപ്പ് വരാന്‍ സാധ്യത ഉണ്ട്. അങ്ങനെയാണെങ്കില്‍ പലരും പല ഭക്ഷണശാലകളില്‍ പോകുന്നതിന് പകരം ഒരുമിച്ച് കൂടി ഭക്ഷണവും കഴിയ്ക്കാം മീറ്റും ഒടിയ്ക്കാം എന്നാണ് പ്ലാന്‍. ഇതിങ്കലേയ്ക്കായി അബുദാബി തട്ടകമായിട്ടുള്ള തിര,സാക്ഷി എന്നീ ബ്ലോഗര്‍മാര്‍ ടെന്റ്, നല്ല ഒരു ലൊക്കേഷന്‍, ഭക്ഷണം മുതലായവ തെയ്യാര്‍ ചെയ്ത് വെപ്പാനായിക്കൊണ്ട് സന്നദ്ധരായിരിക്കുന്നു. നല്ല രണ്ട് കുതിരകളെ പൂട്ടിയ വണ്ടികള്‍ ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്നതാണ്. സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

എന്ന് ദില്‍ബാസുരന്‍