ഇന്നലെ ഉറങ്ങീയത് ഇന്ന് വെളുപ്പിന് നാലരക്കാ...രാവിലെ ഒമ്പതേകാലിനു ഫോണ്‍ നിലവിളിച്ചപ്പോള്‍ പിറുപിറുത്തുകൊണ്ട് ഫോണ്‍ എടുത്തു....
കുറുമാനെ, ഞാന്‍ ഇവിടെ എത്തി.
ഞാന്‍ എവിടെ എത്തി?
കരാമ സെന്ററില്‍.....
ഓഹോ, താനാരാ?
അത് ശരി, ഞാന്‍ ഇത്തിരി.
ഓഹ് സോറി ഇത്തിരി, വീക്കെന്റ് സിന്‍ഡ്രോം ഉള്ളതിനാല്ല് രാവിലെ ഇന്നലെ വൈകീട്ട് സംസാരിച്ചാതൊക്കെ മറന്നുപോയി. താന്‍ ഫ്ലാറ്റില്‍ വാ, ഞാന്‍ ദാ ഇപ്പോ റെഡിയാകാം.
ഓ ശരി.
തലേന്നത്തെ സംഭാഷണങ്ങള്‍ ഒന്ന് റിവൈന്‍ഡ് ചെയ്തു. ഹരിയണ്ണന്‍ സാരഥിയാവാമെന്ന് പറഞ്ഞതിനാല്‍ വീക്കെന്റ് അര്‍മാദിച്ച് തിരിച്ചു വന്നത് നാലരക്കായിരുന്നു. പക്ഷെ ഹരിയണ്ണന്‍ ഇന്ന് സാരഥിയാവാമെന്ന് പറഞ്ഞിരുന്ന വാക്ക് അദ്ദേഹത്തിന് ചില അതിഥികള്‍ വരുന്നതിനാല്‍ പിന്‍വലിച്ചത് ഞാന്‍ അന്നേരത്തെ ആവേശത്തില്‍ മറന്നുപോയിരുന്നത് പിന്നേം ഓര്‍മ്മ വന്നു.
കമ്പിളിക്കുള്ളില്‍ നിന്നും പുറത്ത് വന്ന് പല്ലുതേപ്പ്, കുളി, പ്രാര്‍ത്ഥന എല്ലാം കഴിഞ്ഞ്, തലയില്‍ രോമം ഫിറ്റ് ചെയ്ത് വണ്ടിയ്ടെ ചാവിയുമെടുത്ത്, ഞാന്‍ പോവ്വാട്ടാ എന്ന് നല്ലപാതിയോട് യാത്രപറഞ്ഞപ്പോ ഉച്ചത്തില്‍ ഒരു അറിയിപ്പ്.
ദേ ഇന്നലെ രാത്രി കഴിക്കാന്‍ ഉണ്ടാക്കിയ ചപ്പാത്തിയും, പാലക്ക് പനീറും ഉണ്ട്, അത് കഴിക്കാണ്ട് നിങ്ങള്‍ എങ്ങോട്ടും പോകുന്നില്ല.
തിരുവായ്ക്കെതീര്‍വായ്പ്പില്ലാത്തതിനാല്‍, ചൂടാക്കീ വച്ച രണ്ട് ചപ്പാത്തി ചൂടായി കഴിച്ച് ഉഷാറായി. മൂന്നാമത്തെ ചപ്പാത്തിക്ക് നില്‍ക്കാഞ്ഞത്, അവിടെ വിളമ്പാന്‍ പോകുന്ന സാമ്പാറും, ചട്നിയുമൊക്കെ മനസ്സില്‍ കണ്ടാണ്.
ചപ്പാത്തി കഴീച്ച് കഴിഞ്ഞിട്ടും ഇത്തിരിയുടെ വെട്ടം കാണാഞ്ഞതിനാല്‍, ഞാന്‍ ഫ്ലാറ്റിന്റെ താഴോട്ട് കെട്ടിയെടുത്തു.
ഫോണില്‍ നമ്പര്‍ കുത്തി.
ഡോ താനെവീടെ?
ഞാന്‍ ദാ ഇവിടെ?
എവിടെ?
ദേ ഇങ്ങോട്ട് നോക്ക്!!
എങ്ങോട്ട്?
അപ്പോഴേക്കും ഇത്തിരിയുടെ വെട്ടം എന്റെ കണ്ണിലടിച്ചു.
താന്‍ എന്താ ഫ്ലാറ്റില്‍ വരാതിരുന്നത്? ബേസ്മെന്റ് പാര്‍ക്കിങ്ങിലേക്കുള്ള കോണിപടികള്‍ ഇറങ്ങികൊണ്ടിരുന്നപ്പോള്‍ ഞാന്‍ ചോദിച്ചു.
അതിന്‍ നിങ്ങളേന്നോട് ഫ്ലാറ്റില്‍ വരാന്‍ പറഞ്ഞത് ഞാന്‍ കേട്ടില്ല.
ദൈവമേ, വീക്കെന്റ് സിന്‍ഡ്രോം എനിക്കോ അതോ ഇത്തിരിക്കോ?
വണ്ടിയില്‍ കയറിയപ്പോഴേക്കും ഫോണ്‍ വീണ്ടും നിലവിളിച്ചു.
ഡോ, താനെവിട്യേഷ്ടാ?
ഇടിവാള്‍!
താനെവിടെ? മറുചോദ്യം ഞാന്‍ തൊടുത്തു.
ഞാന്‍ അല്‍ ജസീറയിലെത്തിഷ്ടാ!
ഉവ്വോ? ഞാന്‍ ദേ അല്‍മുള്ളയെത്തിഷ്ടാ (കരാമ സെന്ററിലെ പാര്‍ക്കിങ്ങില്‍ നിന്നും വണ്ടി തിരിച്ചിട്ട് പോലുമില്ല ഭാര്യയും പിള്ളാരും ഇന്നലെ ഒരാഴ്ചക്ക് നാട്ടില്പോയതിനാല്‍ ബോറടിച്ചീട്ട് കൊച്ചുവെളുപ്പാന്‍ കാലത്ത് എഴുന്നേറ്റ് കുട്ടപ്പനായി കണ്ണടയും ഫിറ്റ് ചെയ്ത് പത്തുമണിക്ക് എല്ലാവരും എത്തിചേരണമെന്ന് പറഞ്ഞ മീറ്റിന് ഒമ്പതേമുക്കാലിനു തന്നെ വന്ന അദ്ദേഹത്തോട് ഞാന്‍ വേറെ എന്തു പറയാന്‍?)
വെള്ളിയാഴ്ചയായതിനാല്‍ ട്രാഫിക്ക് ഇല്ലായിരുന്നു. അതിനാല്‍ തന്നെ കൃത്യം പത്തേ പത്തിന് ഞങ്ങള്‍ അല്‍ ജസീറ പാര്‍ക്കില്‍ വണ്ടി പാര്‍ക്ക് ചെയ്തിറങ്ങിയതും, തൊട്ടടുത്ത പാര്‍ക്കിങ്ങില്‍ ലോട്ടില്‍ ഒരു നിസ്സാന്‍ അള്‍ട്ടിമ പാര്‍ക്ക് ചെയ്തു. അതാരാപ്പാ ഇത്രരാവിലെ പാര്‍ക്കിലേക്ക് ഞങ്ങളെ കൂടാതെ വന്നിരിക്കുന്നതെന്ന് അന്ധാളിച്ച് നോക്കിയപ്പോള്‍ വണ്ടിയിലുണ്ടായിരുന്ന സവാരി ഗിരി ഗിരികള്‍ ഡോര്‍ തുറന്ന് പുറത്തോട്ട് ചുവട് വെച്ചു.
കൈതമുള്ള് അഥവാ ശശിയേട്ടന്‍
വഴിപ്പോക്കന്‍ (വഴിപ്പോക്കനെന്താ പാര്‍ക്കില്‍ എന്നാരോ ചോദിക്കുന്നത് ഞാന്‍ കേട്ടൂ)
കിലുക്കാം പെട്ടി.
എല്ലാരും ഒരുമിച്ച് നടന്നു പാര്‍ക്കിലേക്ക്.
ടിക്കറ്റ് കൌണ്ടറടുത്തപ്പോള്‍ പതിവുപോലെ ഞാന്‍ പിന്നിലേക്ക് മാറി അവിടേം ഇവിടേം നോക്കി നിന്നു. ആരേലും എടുത്താല്‍ ഉള്ളില്‍ കയറിയാല്‍ മതിയല്ലോ.
എല്ലാവരും പോക്കറ്റില്‍ കയ്യിട്ടിട്ടും പേഴ്സ് പുറത്തേക്ക് വരൂന്നില്ലായിരുന്നു, ഞാനടക്കം. ഭാഗ്യത്തിന് ശശ്യേട്ടന്റെ പേഴ്സ് പുറത്തായി. അദ്ദേഹം ടിക്കറ്റെടുക്കാന്‍ പൈസ കൊടുത്തപ്പോഴേക്കും ഞങ്ങളുടെ എല്ലാവരുടേയും പേഴ്സ് ഒരുമിച്ച് പുറത്ത് വന്നു. ഞാന്‍ കൊടുക്കാം, ഞാന്‍ കൊടുക്കാം എന്ന് പറഞ്ഞൊരു മത്സരം തന്നെ അവിടെ നടന്നു. അപ്പോഴേക്കും ശശിയേട്ടന്റെ കയ്യില്‍ ടിക്കറ്റ് കിട്ടിയതിനാല്‍ പേഴ്സിനെ എല്ലാരും ഭദ്രമായി പോക്കറ്റില്‍ തിരിച്ചു തിരുകി.
പാര്‍ക്കിലേക്ക് നടന്ന് കയറി.
വന്ന് ചേര്‍ന്നവരുടെ ലിസ്റ്റ് ഇപ്രകാരം.
അഗ്രജന്‍ - പാച്ചു,
അപ്പു, ക്യാമറ
ദേവേട്ടന്‍, വിദ്യേച്ചി, ദേവദത്തന്‍ ദ ഗ്രേറ്റ്
ഡില്‍ബാസുരന്‍, റെസീപ്റ്റ് കുറ്റി
ഇഡിവാള്‍ + കണ്ണട
ഇത്തിരിവെട്ടം
കൈതമുള്ള് (അതിഥി ഉണ്ടായിരുന്നതിനാല്‍ ചേച്ചി വന്നില്ല)
കരീം മാഷ്
കുറുമാന്‍ + വിഗ്ഗ്
രാധേയന്‍, രാധേയി, രണ്ട് പൈതങ്ങള്‍
സിദ്ധാര്‍ത്ഥന്‍
തമനു
തറവാടി, വല്യമ്മായി + ക്യാമറ
വിശാലന്‍,
പാര്‍പ്പിടം കുമാര്‍
ഹരിയണ്ണന്‍, സുഹൃത്തുക്കള്‍ രണ്ട് മൂന്നു പേര്‍
ചന്ദ്രകാന്തം, ചന്ദ്രകാന്തന്‍, സ്കേറ്റിങ്ങ് ബോര്‍ഡില്‍ വന്ന പുത്രന്‍ + പുത്രി
വഴിപോക്കന്‍
ഭടന്‍ (ഇദ്ദേഹം കോട്ടക്കല്‍ മേഡ് ആയുര്‍വേദ ഡോക്ടര്‍ ആണെന്ന് ഇന്നാ അറിഞ്ഞത്)
കിലുക്കാം പെട്ടി.
ഇനീ ആരേങ്കിലും വിട്ടുവോ ആവോ?
ഉവ്വ്.
ഉവ്വ്.
വിട്ടു.
അതുല്യാമ്മ!!
ഭാക്കി ഭാഗം രാത്രി എഴുതാംട്ടാ..അപ്പോഴേക്കും ഫോട്ടോകള്‍ അപ്പുവും, അഗ്രജനും, തറവാടിയും ഒക്കെ പോസ്റ്റ് ചെയ്യും എന്ന് കരുതട്ടെ
ഊണുകഴിച്ച് ഉറങ്ങട്ടെ.
19 comments:
അതുല്യേച്ചിക്ക് യാത്രയയപ്പ്.
പോസ്റ്റ് തുടരും (ഇപ്പോള്‍ തന്നെ, എഴുതുന്നതിനനുസരിച്ച് പോസ്റ്റ് ചെയ്ത്കൊണ്ടേയിരിക്കും)
ആഹാ...പോസ്റ്റുന്നത് അനുസരിച്ചു വായിച്ചു കൊണ്ടുമിരിക്കും. പോരട്ടെ...
അതു കൊള്ളാമല്ലോ...
എന്നിട്ട്?
:)
ചാത്തനേറ്: എന്നിട്ട്...ഫോട്ടോസ് പോരട്ടെ
ഓടോ:കണ്ണട എന്ന് പറഞ്ഞ് വാളേട്ടനെ നാണം കെടുത്തരുത് കൂളിങ്ഗ്ലാസ്. കണ്ണട വയ്ക്കാനും തലേല്‍ മുടി പറിച്ച് നടാനുമൊന്നും പ്രായമായില്ലെന്നെ
“അതുല്യം “ ഓട്ടന്‍തുള്ളന്‍
(യു.എ.ഇ യിലെ സ്നേഹവും കൂട്ടായ്മയും കണ്ട് അസൂയ പൂണ്ട് എഴുതിയത്. പെട്ടെന്നു തല്ലിക്കൂട്ടിയതിനാല്‍ അക്ഷരത്തെറ്റുകള്‍ പൊറുക്കുക)
അങ്ങനെയാ നിറഹരിത പാര്‍ക്കില്‍
അതുലസുരാംഗന മന്ദമിരുന്നു
അമരസുശോഭിത ഹസിത വിലാസം
അനഘസുഭാഷിതമമൃത സമം തവ..
നഹിമുടി കിണ്ണത്തലയും തടവി
നരനിലൊരുത്തമ തമനുവുമെത്തി
തലയോടുള്ളൊരു പകവീട്ടന്‍ നിറ-
താടി സമിര്‍ദ്ധമൊരുക്കിയ ശുംഭന്‍
ഒമ്പതു വെള്ളിക്കാശിനു വാങ്ങിയ
വമ്പന്‍ മുടിയും വച്ചു മിനുങ്ങി
ചുള്ളന്‍ കുറുമാന്‍ വന്നൊരു നേരം
ചള്ളിയ മുഖമൊന്നാട്ടി തമന്നു.
"മൂപ്പീന്നെ ഈ തൊപ്പി ധരിച്ചാല്‍
എപ്പടി ചൂടും ചൊറിയും? ചൊല്ലുക
കെട്ട്യോള്‍ തേങ്ങ പെറുക്കി എറിഞ്ഞാല്
കഷ്ടം ഇതൂരി പോവുകയില്ലെ... "
"ശുംഭാ പെണ്ണിനടുത്തെത്തുമ്പോള്‍
ശംഭോ ഇവനെ ഊരിയകറ്റുക
ഷവ്വറിന്നടിയില്‍, ഷാപ്പിന്നുള്ളില്‍
ലാവിഷായി ചൂടാമിവനെ"
ഉഗ്രഭയങ്കര രൂപം പൂണ്ടോ-
രഗ്രജമാഷും വന്നു നിറഞ്ഞു
"ഊൊശാന്‍ താടിയിതില്ലെങ്കില്‍ പി-
ന്നാശാനെ കിളിമണികള്‍ വരുമോ
അമ്പതു കമുകിമാരെന്‍ ജി-റ്റാക്ക്
അമ്പല നടയിലിരുപ്പതു കണ്ടോ"
അപ്പുക്കുട്ടന്‍ പടമെടു വീരന്‍
അപ്പടി കള്ളച്ചിരിയും കൈയില്‍
പോട്ടമേടുക്കും കുന്ത്രാണ്ടോം കൊ-
ടോട്ടെടാ ഓട്ടമിതെത്ര വിചിത്രം
ഇത്തിരിയമ്പിളി വെള്ളമുതിര്‍ത്ത്തി-
ട്ടിത്തിരിമാഷും കൂടെയിരുന്നു
അമ്പോ ആ മുഖം ഒന്നു തെളിഞ്ഞാല്‍
രംഭയുമുടനെ പ്രൊപോസ് ചെയ്യും
ഇടിവെട്ടേന്തും നടയും ചിരിയും
ഇടിവാള്‍ മാഷിനിതെന്തൊരു ഗ്ളാമര്‍
മടമട കള്ളു കുടിക്കും എന്നൊരു
കടുകിട സന്ദേഹം തരുകില്ല
ഗുല്‍മോഹര്‍ച്ചിരിയുള്ളിലൊതുക്കി
ദില്‍ബന്‍ കുഞ്ഞും മന്ദമണഞ്ഞു.
ദേവസുധാംശു പൊഴിച്ചു വരുന്നു
ദേവേട്ടന്‍ വിജ്ഞാന വിശാലന്‍
കടു കടു നിറമീ മീശയ്ക്കെങ്ങനെ
കൈതച്ചേട്ടാ സത്യം പറയുക
കരിമിഴി തന്നിതിലെന്തു തിളക്കം
കരിമാന്‍ മാഷേ ഫാനായ് ഞാനും
രാധാഹൃദയം കവരുന്നവനായ്
രാധേയന്‍ ദാ മുന്നിലണഞ്ഞു
സിദ്ധാര്‍ഥന്‍ തവ നടനം കണ്ടാല്‍
ബുദ്ധനുമൊന്നു കൊതിക്കും പക്കാ
തറവാടിത്തം വാക്കില്‍ നിറച്ചു
തറവാടീ കൂടമ്മായീ ഹര
ബ്ളോഗു പറമ്പില്‍ കാരണവന്‍ ചിരി
ബോധത്തില്‍ നട്ടെത്തി വിശാലന്‍
പാര്‍പ്പിടമൊന്നു കിനാവില്‍ കണ്ടു
പാര്‍പ്പിട ബ്ളോഗന്‍ പൊന്നു കുമാരന്‍
ഹരഹര കൂട്ടിനു മൂന്നു സുഹൃത്തോ
ഹരിയാണ്ണാ അടി പേടിച്ചാണോ
ചന്ദനചര്‍ചിത ചിരിയും കൊണ്ടേ
ചാന്ദിനിയുടനടിയവിടെയണഞ്ഞു
ശാന്തീകൃഷ്ണ പരുവം മുഖവും
ശാന്തവിലാസിത നടയും കേമം
വഴിയഹ തെട്ടിപ്പോയൊ എന്നായ്
വഴിപോക്കന്നൊരു സന്ദേഹം ശിവ
ഭടനേ ചൊല്ലുക കുന്തം ശൂലം
ഛടുതിയിലൊക്കെ മറന്നോ വീരാ?
കിലുകുലു മുത്തു കിലുക്കും ചിരിയും
കിലുക്കാം പെട്ടിക്കെന്തൊരു ഗ്ളാമര്‍
ചിരിയും വടയും ചായക്കപ്പും
ചരിതം ചൊല്ലും പഴമപ്പാട്ടും
വിരുതന്‍മാരും വിരുതത്തികളും
ചൊരിയും സ്നേഹം കാണുക ശിവനേ
മണലിന്‍ ചൂടു കളഞ്ഞിട്ടൊടുവില്‍
മഹിളാരത്നമതുല്യ ചേച്ചീ
മഹിയില്‍ സ്വര്‍ഗം തീര്‍ക്കും കേരള
മടിയില്‍ വസിക്കാന്‍ പോവുകയല്ലേ
മൌനത്തില്‍ പല ഹൃദയമുടഞ്ഞു
മിഴികള്‍ത്തുമ്പില്‍ നനവു പരന്നു
വാക്കുകള്‍ വീണു പിടഞ്ഞു മറിഞ്ഞു
വാണീ ദേവിയുമൊന്നു കരഞ്ഞു
പോവുക ചേച്ചീ പുലര്‍കാലങ്ങള്‍
പൂവുകള്‍ നീട്ടിയിരുപ്പുണ്ടവിടെ
ഓര്‍ക്കുക വല്ലപ്പോഴും നെഞ്ചില്
ചേര്‍ക്കുക മണലില്‍ വരച്ചൊരു ചിരികള്‍....
ചേച്ചിക്ക് ആശംസകള്‍....
മനുച്ചേട്ടോ തുള്ളല്‍ കലക്കി..
“ഹരഹര കൂട്ടിനു മൂന്നു സുഹൃത്തോ
ഹരിയാണ്ണാ അടി പേടിച്ചാണോ ”--- ചിരിപ്പിച്ചു ....
മനുവേട്ടന്‍ തകര്‍ത്തൂ...
“പോവുക ചേച്ചീ പുലര്‍കാലങ്ങള്‍
പൂവുകള്‍ നീട്ടിയിരുപ്പുണ്ടവിടെ
ഓര്‍ക്കുക വല്ലപ്പോഴും നെഞ്ചില്
ചേര്‍ക്കുക മണലില്‍ വരച്ചൊരു ചിരികള്‍...”
ഇതു തന്നെ പറയുന്നു, അതുല്യേച്ചീ...
(ശ്ശൊ! കമന്റില്‍ നിന്നും ക്വോട്ടി തുടങ്ങി)
മനു അച്ചായാ... എന്തിറ്റാ കീറ്.. ഹൌ..
ങേ കുറുമാന്റെ റിപ്പോര്‍ട്ട് എത്തിക്കഴിഞ്ഞോ? എന്തരു സ്പീഡ് !
ഞാന്‍ അടിച്ചത് ഡ്യൂപ്ലിക്കേറ്റായോ?
അവിടെ വരണമെന്നും ഏല്ലാവരെയും കാണണമെന്നും വലിയ അഗ്രഹമുണ്ടായിരുന്നു.പ്ക്ഷെ സാധിച്ചില്ല
എങ്കിലും മന്‍സ് അവിടെ ഉണ്ടായിരുന്നു.
നിങ്ങളുടെയെല്ലാം ഒത്തുചേരലും തമാശക്കളും
മന്‍സില്‍ കണ്ടു സന്തോഷിച്ചു.
ദുബായിയ്യോടു വിടപറയുന്ന അതുല്ല്യ ചേച്ചിക്ക്
എന്നും നന്മകള്‍ തന്ന് ഈശ്വരന്‍ അനുഗ്രഹിക്കട്ടെ
അപ്പുവേട്ടന്റെ അടിപൊളി ഫോട്ടോകള്‍
ഉടന്‍ എത്തുമെന്നു പ്രതിക്ഷിക്കുന്നു.
നല്ല റിപ്പോര്‍ട്ട് തന്ന രാഗേഷ് ചേട്ടന്(കുറുമാന്‍-ജി)പ്രത്യേകം അനുമോദനം നേരുന്നു
മീറ്റ് ചരിത്രം കലക്കി. കലക്കത്ത് മനുവും സൂപ്പര്‍! എന്നാണാവോ ഇതുപോലൊന്ന് ഞങ്ങടെ നാട്ടിലും സംഘടിപ്പിക്കാനാവുക...
മനുവേ നൂറ് മാര്‍ക്ക് ഞാന്‍ തന്നു.
വായിച്ച് മനസ്സു നിറഞ്ഞടോ.....
Waiting for the next part :-)
നാട്ടിലേക്ക് താമസം മാറ്റുന്ന അതുല്യേച്ചിക്ക് യു.എ.ഇ സുഹൃത്ത്‌ക്കള്‍ നല്‍കിയ സ്നേഹനിര്‍ഭരമായ യാത്രയയപ്പിന്‍റ്റെ ദൃശ്യങ്ങള്‍
http://picasaweb.google.com/aliyup/Atulyechisendoff
കുറുഅണ്ണോ..എന്തൊരു സ്പീഡാപ്പാ ഈ പോസ്റ്റിന്!!! ഞങ്ങളൊക്കെ വീട്ടിലെത്തി കമ്പ്യൂട്ടര്‍ തുറന്നപ്പോഴേക്ക് റിപ്പോര്‍ട്ട് റെഡി. എന്റമ്മോ.
മനുവിന്റെ ഓട്ടന്‍ തുള്ളലിന്റെ പിന്നെലെ രഹസ്യം ഇപ്പോഴല്ലേ ചുരുളഴിഞ്ഞത്!
ശ്രീയുടെ വരികള്‍ ഞാനും ആവര്‍ത്തിക്കുന്നു.
“പോവുക ചേച്ചീ പുലര്‍കാലങ്ങള്‍
പൂവുകള്‍ നീട്ടിയിരുപ്പുണ്ടവിടെ
ഓര്‍ക്കുക വല്ലപ്പോഴും നെഞ്ചില്
ചേര്‍ക്കുക മണലില്‍ വരച്ചൊരു ചിരികള്‍...”
മനൂ...
എന്നാ ഗംഭീരം അണ്ണാ ... :)
കുറുമാനേ.. അടിപൊളി വിവരണം.. ബാക്കി പോരട്ടെ..
ഒരാളുടെതൊഴികെ എല്ലാവരുടെയും പേഴ്സ് പുറത്തേക്ക് വരാതിരുന്നത് വായിച്ച് കുറേ ചിരിച്ചു.
മനൂജി.. ഹ ഹ...
:-)
അകത്തുകയറിക്കഴിഞ്ഞ് പേഴ്സ് അടക്കാതെപിടിച്ച ഒരാളുണ്ടാരുന്നു.
ആ റെഡ് ടീഷര്‍ട്ടിട്ട,മെലിഞ്ഞ...ഹൃദയബാസുരന്‍!!
അടുത്ത കമ്മറ്റിയില്‍ കണക്കവതരിപ്പിച്ചോണം! ങാഹാ!!
:)
Post a Comment