Monday, March 31, 2008

ഇമറാത്തിലെ ബൂലോഗ ഡയറക്റ്ററി

ഇമറാത്തിലെ പുതിയ ബ്ലോഗേഴ്സിന്റെ ശ്രദ്ധയ്ക്ക്,

യു.എ.ഇ. യില്‍ നിന്നുള്ള എല്ലാ ബ്ലോഗേഴ്സിന്റെയും (പരസ്യപ്പെടുത്താന്‍ താല്പര്യമുള്ളവരുടെ മാത്രം) പേരും, ഫോണ്‍ നമ്പരും, ഈമെയില്‍ ഐഡിയും ഒക്കെ അടങ്ങിയ ഒരു ബൂലോഗ ഡയറക്റ്ററി നമ്മള്‍ സൂക്ഷിക്കുന്നുണ്ട്. അതില്‍ പേര് ചേര്‍ത്തിട്ടുള്ള എല്ലാവര്‍ക്കും അത് ഓണ്‍ലൈനില്‍ ആക്സസബിളും ആണ്. ദില്‍ബാസുരന്‍ എന്ന ബ്ലോഗറാണ് ഇപ്പോള്‍ അത് പ്രധാനമായും കൈകാര്യം ചെയ്യുന്നത്.

ഈ കഴിഞ്ഞ മീറ്റില്‍ പങ്കെടുത്ത വളരെയേറേ പുതിയ ബ്ലോഗേഴ്സിന്റെ പേരും ഡീറ്റെയിത്സും അതില്‍ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു.

അതില്‍ പേരും, ടെലഫോണ്‍ നമ്പരും മറ്റും ചേര്‍ക്കാന്‍ താല്പര്യമുള്ളവര്‍ ദയവു ചെയ്ത് dilbaasuran@gmail.com എന്ന ഐഡിയിലേക്ക് ഒരു മെയില്‍ അയക്കാന്‍ താല്പര്യപ്പെടുന്നു. (ഇവിടെ കമന്റുകളായി ഇടണം എന്നില്ല, നേരിട്ട് അയച്ചാല്‍ മതി)

Sunday, March 30, 2008

അനോണികളുടെ പ്രസക്തി യൂയേയി മീറ്റില്‍

തറവാടി: അതെന്തിനാ അനോണിയായി കമന്റിടുന്നതു് അവരവരുടെ പേരിലങ്ങിട്ടാല്‍ എന്താണു കുഴപ്പം?
കൈപ്പള്ളി: അല്ലല്ല അനോണികള്‍ക്കു പ്രസക്തിയുണ്ടു്. പറയാം...

യൂയേയി ട്രാഫിക് നിയമങ്ങള്‍ക്കും അതിനെ ഒട്ടും മാനിക്കാത്ത ട്രാഫിക്കിനും എതിരേ വണ്ടിയോടിച്ചു് മീറ്റരങ്ങിലെത്തിയതിനും, അതുല്ല്യാമ്മ സ്നേഹപൂര്‍വം കൊണ്ടു വന്നു നിരത്തിവച്ച ഉഴുന്നുവടകള്‍ കണ്ണില്‍പ്പെടുന്നതിനും ഇടയ്ക്കുള്ള സമയം കൊണ്ടു് എനിക്കു കേള്‍ക്കാന്‍ കഴിഞ്ഞ സംഭാഷണ ശകലമാണു് മുകളില്‍.

ബ്ലോഗര്‍മ്മാരുടെ നിരന്തര ആക്രമണങ്ങള്‍ക്കു വിധേയമായി വൃത്താകൃതിനഷ്ടപ്പെട്ട ഉഴുന്നുവടകളിലെ തുളകള്‍ക്കിടയിലൂടെ മെമ്മറി പയ്യന്മാര്‍ പുറകോട്ടോടി, ഇപ്പറഞ്ഞതിന്റെ ബാക്കി ഭാഗം പൂരിപ്പിച്ചു.

സമയം: വിശാലന്റെ നല്ല സമയം
സ്ഥലം: കൊടകരപുരാണം പ്രകാശന ചടങ്ങു്. കരീം മാഷെടുത്ത ചിത്രം ശ്രദ്ധിക്കൂ.



മുഖവുരിക്കാന്‍ മൈക്കു പിടിച്ച വിത്സന്‍ മുഖവുരയും കഴിഞ്ഞു് ബഹുകാതം സഞ്ചരിക്കുന്നതു കണ്ടു് വേദിയിലിരുന്നവര്‍ അസ്വസ്ഥരായി. മൈക്കു വേറൊന്നു് കാശുകൊടുത്തു് വാങ്ങേണ്ടിവരുമോ എന്നു് ആശങ്കിച്ചിരിപ്പാണു് ഈയുള്ളവനടക്കമുള്ളവര്‍. കൈപ്പള്ളി എന്നെ നോക്കി. ഞാന്‍ പിരിവു വേണെങ്കിലിടാം എന്നു ദയനീയമായി പറഞ്ഞു. പിന്നെ കണ്ടതു് കക്ഷിയുടെ കാലു് വിത്സന്റെ കാലുമായി ബന്ധം സ്ഥാപിക്കുന്നതാണു്. വിത്സനു് ഒരു ചവിട്ടു കൊടുത്ത ശേഷം എന്നെ നോക്കി ഒരു ചിരി. എന്നിട്ടു പറഞ്ഞു “ഞാനൊരു അനോണി കമന്റിട്ടു”. അതു കൊണ്ടാണോ എന്നറിയില്ല, വിത്സന്‍ വിരമിച്ചു. വളരെ വിഷമിച്ചു് വേറേയാര്‍ക്കോ മൈക്കു കൊടുത്തു.
...

ആഹാരസാമഗ്രികള്‍ ഒന്നെണ്ണിത്തിട്ടപ്പെടുത്തുമ്പോഴേക്കും നേരം ഇരുട്ടാ‍റായി. കേക്കു മുറിച്ചു് ആര്‍ക്കൊക്കെയോ കൊടുത്തു് ദേവനേയും കൂട്ടി തിരിഞ്ഞു നടന്നു. ഇതിനിടയില്‍ ആരെയൊക്കെയോ കണ്ടു. അഗ്രജന്‍ ക്ഷീണിച്ചിരിക്കുന്നു. സുല്ലു് വണ്ണം വച്ചു. അതുല്യ അടുത്തമീറ്റിനുണ്ടാവില്ലെന്നു പറഞ്ഞു. കൈതമുള്ളിനു കൈ കൊടുത്തോ എന്നോര്‍മ്മയില്ല. വിശാലന്‍ പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹന്‍ലാലിനെ പോലെ വന്നു് റ്റാറ്റ പറഞ്ഞു. സൂര്യന്‍ വീട്ടീപ്പോയി.

Saturday, March 29, 2008

യു.എ.ഇ. ബ്ലോഗേഴ്സ് മീറ്റ് (പിക്നിക്) 2008 - റിപ്പോര്‍ട്ട്

ബ്ലോഗ് എന്ന മാധ്യമത്തിലൂടെ പരിചയപ്പെട്ട കുറേ പേര്‍ ഒന്നിച്ച് ചേര്‍ന്ന് കുറേ നല്ല നിമിഷങ്ങള്‍ പങ്കുവെച്ചു... അതെ, അതു തന്നെയായിരുന്നു പോയ വെള്ളിയാഴ്ചയുടെ സായഹ്നത്തില്‍ ക്രീക്ക് പാര്‍ക്കില്‍ അരങ്ങേറിയത്.

മുന്‍പ് കണ്ടിട്ടുള്ളവരും ആദ്യമായി കാണുന്നവരും ചിരകാലമായി അറിയുന്നവരെ പോലെ സൌഹൃദം പങ്കുവെക്കുന്ന കാഴ്ച... അതിനെ മീറ്റെന്നോ പിക്നിക്കെന്നോ കൂട്ടായ്മയെന്നോ കൂടിച്ചേരലെന്നോ... എന്ത് പേരില്‍ വേണമെങ്കിലും നമുക്ക് വിളിക്കാം. പക്ഷെ, എന്ത് പേരിട്ട് വിളിച്ചാലും അതിന്‍റെ മുന്‍പ് ഒരു വാക്ക് കാണും. അവിടെ കൂടിയിരുന്നവരുടേയെല്ലാം പരിചയത്തിന് ഹേതുവായത് ബ്ലോഗ് എന്ന മാധ്യമം തന്നെയായിരുന്നു.

എല്ലാവരും ചേര്‍ന്ന് ആത്മാര്‍ത്ഥതയോടെ പരസ്പരം കാണണം പരിചയപ്പെടണം എന്ന ആഗ്രഹത്തോടെ സംഘടിപ്പിച്ച ഈ പരിപാടി എല്ലാവരുടേയും ആത്മാര്‍ത്ഥമായ സഹകരണത്തോടെ വിജയകരമായി തീര്‍ന്നിരിക്കുകയാണ്.

യു.എ.ഇ. യുടെ പലഭാഗങ്ങളില്‍ നിന്നും എത്തിയവര്‍, മൂന്ന് മണിക്കും അതിനു മുമ്പ് തന്നേയും എത്തിച്ചേര്‍ന്നവര്‍... തിരക്കുകള്‍ക്കിടയിലും സമയമുണ്ടാക്കി അവസാന നിമിഷങ്ങളില്‍ എത്തിച്ചേര്‍ന്നവര്‍, എല്ലാവരും ഈ പരിപാടിയില്‍ പങ്കെടുക്കുക എന്ന ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെയാണ് അവിടെ എത്തിച്ചേര്‍ന്നത്.

കുഞ്ഞുങ്ങളുള്‍പ്പെടെ പങ്കെടുത്ത എല്ലാവരുടേയും പേരുകള്‍ ചേര്‍ക്കുന്നു, ആരേയും വിട്ടുപോയിട്ടില്ല എന്ന് വിചാരിക്കുന്നു. ആരെയെങ്കിലും വിട്ടുപോയതായി ശ്രദ്ധയില്‍ പെട്ടാല്‍ ദയവായി അറിയിക്കണം. ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നമ്മളോരോരുത്തരുടേയും പേരില്‍ നന്ദി അറിയിക്കട്ടെ... പ്രത്യേകിച്ചും ബ്ലോഗര്‍മാരല്ലാത്ത... ബ്ലോഗര്‍മാരെ സഹിച്ച എല്ലാവര്‍ക്കും :)

അതുല്യ, ശര്‍മ്മാജി
അനില്‍ശ്രീ, പ്രിയ, ആദ്യത്യ, ആദര്‍ശ്
അപ്പു, ദീപ, ഉണ്ണിമോള്‍, മനു
അത്ക്കന്‍
ഇത്തിരിവെട്ടം
ഉഗാണ്ട രണ്ടാമന്‍
കനല്‍
കരീം മാഷ്
കുറുമാന്‍, കവിത, റിഷിക, അവന്തിക
കാവലാന്‍
കൈതമുള്ള്, പ്രേമ
കൈപ്പള്ളി
ചന്ദ്രകാന്തം
ചുള്ളിക്കാല ബാബു
തമനു
തറവാടി, വല്യമ്മായി, പച്ചാന, ആജു, ഫിറാസ്, സജ്ന
ദില്‍ബാസുരന്‍
ദേവന്‍, വിദ്യ, ദത്തന്‍
നിതിന്‍ വാവ & പാരന്‍റ്സ് ഷംസുദ്ദീന്‍, വഹീദ
പട്ടേരി
പൊതുവാള്‍
ബൈജു സുല്‍ത്താന്‍, റസീന, അജ്ന, അന്‍സില്‍
ഭടന്‍, സറീന, ഫറാഷ, ഫെന്‍സിര്‍
മുസാഫിര്‍, ശ്രീലത, നിതീഷ്, ഋതിക് & സതീഷ്, ഷീന
മുഹമ്മദ്
മിന്നാമിനുങ്ങ്
രാധേയന്‍, ഭദ്ര (മകള്‍)
വഴിപോക്കന്‍
വിശാലമന‍സ്കന്‍‍
ശരത്
ശിവപ്രസാദ് (മൈനാഗന്‍)
ശ്രീജിത്ത്
ഷംസ്
ഷാരു
സമീഹ, ഷഫീഖ് (ബ്രദര്‍)
സുല്‍, ഹസീന, അമി, അനു
സൂരജ്
സാക്ഷി, ആതിര
സിദ്ധാര്‍ത്ഥന്‍, ഷെമീന, ബിലാല്‍
സിമി
ഹരിയണ്ണന്‍
അഗ്രജന്‍, മുനീറ, പാച്ചു

ഇനിയും നമുക്ക് ഇടയ്ക്കിടെ ഇതുപോലെയൊക്കെ കൂടണം, കത്തിവെക്കണം, ഫുഡ്ഡടിക്കണം, പടം പിടിക്കണം...

വേണ്ടേ...? വേണം!

ഫോണിലൂടെ ഈ പരിപാടിക്ക് ആശംസകള്‍ അറിയിച്ച കലേഷ്, തഥാഗതന്‍, ബയാന്‍, അഭിലാഷ്, കുട്ടന്മേനോന്‍, ദേവദാസ്, ആഗ്നേയ എന്നിവര്‍ക്ക് സ്നേഹത്തോടെ നന്ദി അറിക്കുന്നു!

രുചികരമായ ഭക്ഷണസാധങ്ങള്‍ എത്തിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി, ഇനിയും ഇതുപോലുള്ള എല്ലാ പരിപാടികളിലും ഈ നന്ദി ഏറ്റുവാങ്ങാന്‍ നിങ്ങള്‍ക്കാവട്ടെ :)

പിന്നെ, എല്ലാ മീറ്റുകളിലും കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങളുമായി എത്തി മീറ്റിനെ കളര്‍ഫുള്‍ ആക്കുന്ന ശര്‍മ്മാജിക്ക് എല്ലാവരുടെ പേരിലും പ്രത്യേകം നന്ദി അറിയിക്കട്ടെ!

മീറ്റിനോടനുബന്ധിച്ച പടങ്ങളും പോസ്റ്റുകളും:-

അപ്പു വഹ

അനില്‍ ശ്രീ‍ വഹ ‍

തറവാടി വഹ

കനല്‍ വഹ

ദേവേട്ടന്‍ വഹ

അതുല്യേച്ചി വഹ

ബൈജു സുല്‍ത്താന്‍ വഹ

മിന്നാമിനുങ്ങ് വഹ

സുല്‍ വഹ

സിദ്ധാര്‍ത്ഥന്‍ വഹ

ഇതും അതുല്യേച്ചി വഹ പിന്നെ ഇതും

അഗ്രജന്‍ വഹ

ചുള്ളിക്കാല ബാബു വഹ വീഡിയോ ക്ലിപ്പ്

ഞാന്‍ കണ്ട ബ്ലോഗേര്‍സ് പിക്നിക്ക് അഥവാ ...

അഥവാ കോവാലന്‍ കൊല്ലത്തു പോയതുപോലെ. ആ കഥ എന്താണെന്നു വച്ചാല്‍, ജന്മനാ മാങ്ങൂരുകാര്‍ മണ്ടന്മാരാണത്രേ (അത്രേ വച്ചത് ഈ സ്റ്റേറ്റ്മെന്റ് ഞാന്‍ എന്‍ഡോര്‍സ് ചെന്നുന്നില്ലെന്നു മനസ്സിലാക്കി മാങ്ങൂരുകാര്‍ ആരെങ്കിലും ഇതു വായിക്കുന്നെങ്കില്‍‍ എന്നെയടിക്കാന്‍ വരാതിരിക്കാന്‍.)

പണ്ടൊരിക്കല്‍ മാങ്ങൂരു കട നടത്തുന്ന മുതലാളി അസിസ്റ്റന്റ് കോവാലനെ വിളിച്ചു പറഞ്ഞു
"ഡാ കോവാലാ, നാളെ രാവിലേ നീ കൊല്ലത്തു വരെ ഒന്നു പോകണം കേട്ടോ."
"ശരി മുതലാളീ. പോകാം"
അടുത്ത ദിവസം രാവിലേ തന്നെ മുതലാളി കൊല്ലത്തങ്ങാടീന്നു വാങ്ങിക്കാനുള്ള സാധനത്തിന്റെ ലിസ്റ്റും കാശുമായി കാത്തിരിപ്പായി. കോവാലനെ കാണാനില്ല. ഉച്ചകഴിഞ്ഞപ്പോ അവന്‍ കയറി വരുന്നു.
"നിന്നോട് ഞാന്‍ ഇന്നലേ പറഞ്ഞതല്ലേടാ രാവിലേ വരണം കൊല്ലത്തു പോകാനുണ്ടെന്ന്."
"ഞാന്‍ രാവിലേ തന്നെ കൊല്ലത്തു പോയല്ലോ. തിരിച്ചു വരണ വഴിയാ."
"പോയിട്ട്?"
"പോയിട്ട് ഞാനിങ്ങു പോന്നു. വേറൊന്നും പറഞ്ഞില്ലായിരുന്നല്ലോ"

കോവാലന്റെ കൊല്ലം ട്രിപ്പ് പോലെ ഞാനും പിക്നിക്കിനു പോയി.

അതായത്, രാവിലേ അത്യാവശ്യമായി ഒരാളെ കാണാന്‍ പോയി. ഉച്ചയായപ്പോള്‍ ദത്തനുറങ്ങി. ലവനെ വിളിച്ചെണീപ്പിച്ചാല്‍ മൂശേട്ട പിടിച്ച് അത്രയും ചളമാക്കും. അങ്ങനെ കാത്തിരിക്കുമ്പോള്‍ നാട്ടീന്നു കലേഷ് വിളിച്ചു
"ആരൊക്കെയുണ്ട് ദേവേട്ടാ അവിടെ?"
"ഞാനും വിദ്യയും ദത്തനും"
"ആരുമെത്തിയില്ലേ ഇതുവരെ?"
"ഓ മീറ്റിനോ? അവിടെ എല്ലാവരും എത്തിക്കാണും, ഞാന്‍ ഇപ്പോഴും വീട്ടിലിരിക്കുന്നതേയുള്ളു."

ദത്തനും ബിലാലും എണീറ്റപ്പോള്‍ സിദ്ധാര്‍ത്ഥന്‍ പോയി കേക്കു വാങ്ങി വന്നു. പുള്ളിയുടെ വണ്ടിയില്‍ കയറിക്കൂടി. റോഡ് ബ്ലോക്കോട് ബ്ലോക്ക്.
"ചൈക്കിള്‍" ദത്തന്‍.
"ഹ ഹാ" ബിലാല്‍.
സൈക്കിളില്‍ പോയാല്‍ ഇതിലും വേഗം എത്താം എന്നായിരിക്കും ലവന്മാര്‍ പറഞ്ഞത്. ഒരിഞ്ച് വീതം ആണ്‌ മിനുട്ടില്‍ വണ്ടികള്‍ നീങ്ങുന്നത്.

ദില്‍ബാസുരന്‍ ഫോണ്‍ ചെയ്തു. ഗേറ്റ് രണ്ടില്‍ കയറണം പോലും. എത്ര കറങ്ങിയിട്ടും ഗേറ്റ് ഒന്നു കഴിഞ്ഞാല്‍ മൂന്നേ കാണുന്നുള്ളു. പാര്‍ക്കിങ്ങ് എങ്ങുമില്ല. ഒടുക്കം റോഡിനപ്പുറത്ത് നിര്‍ത്തി ഇനി നടക്കാമെന്ന് സിദ്ധാര്‍ത്ഥന്‍.

മീറ്റ് അപ്പഴേക്ക് ഒരു പരുവം കഴിഞ്ഞിരുന്നെന്ന് അപ്പു, അനില്‍ശ്രീ തറവാടി തുടങ്ങിയവരിട്ട പടത്തില്‍ നിന്നും ഇന്ന് മനസ്സിലായി.

ഒരു തരത്തില്‍ എത്തിപ്പെട്ടു. നൂറോളം ആളു കൂടി നില്‍ക്കുന്നു.
"റ്റാ റ്റാ ." ദത്തന്‍
"മ്മാ, പൂവ്വാം?" ബിലാല്‍
ഒരഞ്ചു പേരെയൊക്കെ നേരിടാന്‍പറ്റിയേക്കും,പക്ഷേ നൂറു പേര്‍ കൂടിയാല്‍ സ്കൂട്ടാവുന്നതല്ലേ ബുദ്ധി?

ഇതുവരെ നേരിട്ടു കാണാന്‍ പറ്റിയിട്ടില്ലാത്ത മൈനാഗന്‍ മാഷെയും അപ്പുവിനെയും കണ്ടു. സിമി, ഉഗാണ്ട രണ്ടാമന്‍, കാവലാന്‍, അനില്‍ശ്രീ, ഹരിയണ്ണന്‍ തുടങ്ങി അഞ്ചാറു പേരെ പരിചയപ്പെട്ടപ്പോഴേക്ക് വട, കടല, അവില്‍ തുടങ്ങിയവ കണ്ണില്‍ പെട്ടു. പിന്നെ ഞാനൊന്നുമറിഞ്ഞില്ല. കൈപ്പള്ളി ക്ലാസ്സെടുത്തെന്നോ ഒക്കെ ഇവിടൊക്കെ വായിച്ചറിഞ്ഞു. എന്തരോ എന്തോ. ബ്ലോഗ് സൂചിക, ബ്ലോഗര്‍മാര്‍ക്കിടയിലെ വിഷൂചിക, ബൂലോഗം എന്ന മരീചിക തുടങ്ങിയവയെപ്പറ്റിയാവമ്മെന്ന് ഊഹിക്കുന്നു.

ശരിക്കും ബിലാലിന്റെ പിറന്നാളായിരുന്നു, ദത്തനൂടെ കേക്കു കട്ടണം എന്ന് സിദ്ധാര്‍ത്ഥനു വാശി. എന്നാ അങ്ങനെ തന്നെ.

തറവാടി വല്യമ്മായിമാരുടെ വാവ, നിതിന്‍ വാവ എന്നിവരെയും കണ്ടു. ഒരുപാടു കാലത്തിനു ശേഷം മീറ്റിനു വന്ന ഇത്തിരിവെട്ടം, സമീഹ തുടങ്ങിയരെയും കിട്ടി. അപ്പുവിട്ട പടം കണ്ടപ്പോള്‍ ഞാന്‍ പച്ചാനയാണെന്നു കരുതിയത് ഷാരുവായിരുന്നെന്ന് മനസ്സിലായി.

അതുല്യാമ്മ അടുത്ത രണ്ടുവര്‍ഷം യൂയേയി മീറ്റിനുണ്ടാവില്ലത്രേ. അതെന്തരായാലും ശര്‍മ്മാജി കൃത്യമായി എത്തണം, കുട്ടികളൊത്തു കളിക്കണം. ഇതുവരെ നടന്ന സകല ബ്ലോഗേര്‍സ് കൂടിക്കാഴ്ച്ചയിലും മുടങ്ങാതെ നടന്ന ഈ ഐറ്റം ഇല്ലെങ്കില്‍ എന്തരോ കുറവുപോലെപോലെ തോന്നും.

കുറുമാന്റെ തല കണ്ട് തലകറങ്ങി ഒരിടത്തിരിക്കുമ്പഴേക്ക് ദത്തന്‍ വന്നു മേലേക്കു ചൂണ്ടി "സാര്‍"- എന്നുവച്ചാല്‍ സ്റ്റാറൊക്കെ ഉദിച്ചു ഇനിയെങ്കിലും വീട്ടില്‍ പോകാം എന്ന്.

അങ്ങനെ ഞങ്ങളിങ്ങു പോന്നു.
ഇത്രയും പേരെ വിളിച്ചു കൂട്ടി പരിപാടി നടത്തിയ അഗ്രജനും ശാപ്പാട് കൊണ്ടുവന്ന എല്ലാവര്‍ക്കും നന്ദി.

Saturday, March 15, 2008

ബ്ലോഗേര്‍സ് മീറ്റ് (യു.എ.ഇ.) 2008

മിനിമം മൂന്ന് പോസ്റ്റെങ്കിലും ഇട്ടാലേ ബ്ലോഗേര്‍സ് മീറ്റ് നടത്തൂ എന്നത് ഞങ്ങള്‍ യു.എ.ഇ.ക്കാരുടെ ഒരു ചെറിയ നിര്‍ബ്ബന്ധാ… :)

ദേ… യു.എ.ഇ. ബ്ലോഗേര്‍സ് മീറ്റ് 2008 - മൂന്നാമത്തെ പോസ്റ്റ്!

21 മാര്‍ച്ച് ദുഃഖവെള്ളിയാഴ്ചയായിരിക്കും എന്നതിനാല്‍ മാര്‍ച്ച് 28-ആം തിയ്യതിയിലേക്ക് പരിപാടി നിശ്ചയിക്കാം എന്ന് കരുതുന്നു...

അപ്പോ അതങ്ങട്ട് ഒറപ്പിക്കല്ലേ...?

സ്ഥലം മുമ്പ് നമ്മള്‍ പറഞ്ഞപ്രകാരം ദുബായിലെ മുശ്രിഫ് പാര്‍ക്ക് തന്നെ.

എല്ലാവരും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക. ഇനി ബാക്കിയുള്ളത് 13 ദിവസങ്ങള്‍ മാത്രം!

മുന്‍പിട്ട രണ്ട് പോസ്റ്റുകളിലൂടെ മീറ്റില്‍ പങ്കെടുക്കാന്‍ താത്പര്യവും സന്നദ്ധതയും അറിയിച്ചവര്‍:-
01- അതുല്യ
02- കൈതമുള്ള്
03- അപ്പു
04- കുറുമാന്‍
05- ശിവപ്രസാദ്/ മൈനാഗന്‍
06- ദില്‍ബാസുരന്‍
07- ഇത്തിരിവെട്ടം
08- അഭിലാഷങ്ങള്‍
09- മുസാഫിര്‍
10- സുല്‍
11- ആഗ്നേയ
12- ബഷീര്‍ വെള്ളറക്കാട്
13- സിമി
14- പൊതുവാള്‍
15- കൈപ്പള്ളി
16- ദേവന്‍
17- ഷാരു
18- കണ്ണൂസ്
19- കുറ്റ്യാടിക്കാരന്‍
20- നജൂസ്
21- മുസിരിസ്/ അജിത്ത് പോളക്കുളത്ത്
22- രാധേയന്‍
23- ഉഗാണ്ട രണ്ടാമന്‍
24- ഇളംതെന്നല്‍
25- ചുള്ളിക്കാല ബാബു
26- തമനു
27- വിശാലമന‍സ്കന്‍‍
28- കരീം മാഷ്
29- സാക്ഷി
30- പട്ടേരി
31- തറവാടി
32- വല്യമ്മായി
33- സുഹൈര്‍
34- അഗ്രജന്‍

പുതുതായി ഹാജര്‍ വെച്ചവര്‍:-
35- സമീഹ
36- കാവലാന്‍
37- രാജീവ് ചേലനാട്ട്
38- ഷഫീര്‍
39- ബൈജു സുല്‍ത്താന്‍
40- അനില്‍ശ്രീ
41- നിതിന്‍ വാവ
42- സാല്‍ജോ
43- അനില്‍ ഫുജൈറ
44- സിദ്ധാര്‍ത്ഥന്‍
45- വഴിപോക്കന്‍
46- സങ്കുചിതമനസ്കന്‍
47- ഹരിയണ്ണന്‍
48- കനല്‍
49- ചന്ദ്രകാന്തം
50- ഷംസ്
51- പച്ചാന
52- മിന്നാമിനുങ്ങ്
53- ഭടന്‍

=================

പലരുടേയും അഭിപ്രായങ്ങള്‍ മാനിച്ച് നമ്മള്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ദിവസം: 28 മാര്‍ച്ച് വെള്ളിയാഴ്ച
വേദി: ക്രീക്ക് പാര്‍ക്ക് - ദുബായ്
സമയം: ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ വൈകീട്ട് 7 മണി വരെ.
ഭക്ഷണം: ലഘുഭക്ഷണം
പാര്‍ക്ക് പ്രവേശന നിരക്ക്: തല ഒന്നുക്ക് 5 ദിര്‍ഹം

ആരെങ്കിലും എന്തെങ്കിലുമൊക്കെ ഭക്ഷണങ്ങള്‍ കൊണ്ട് വരികയാണെങ്കില്‍ സസന്തോഷം സ്വാഗതം :)

Friday, March 07, 2008

എന്നാണപ്പാ ഈ ബാര്‍ബര്‍ ക്യൂ ?

നമ്മളെല്ലാം കൂടാന്‍ പോണെന്നും അത്‌ മംസാര്‍ പാര്‍ക്കിലോ സാബീലിലോ മറ്റോ ആണെന്നും അവിടെ ഒട്ടരു സ്റ്റൈലില്‍ കൊള്ളിയില്‍ പ്രാവിറച്ചി കുത്തി വറുക്കാന്‍ പോണെന്നും വായിച്ചിരുന്നു. അത്‌ മാര്‍ച്ച്‌ ഇരുപത്തൊന്നിനാണെന്ന് ആദ്യം തീരുമാനിച്ചെന്നും ആ ദിവസം ദുഖ വെള്ളിയാഴ്ച്ച ആയതിനാല്‍ നീട്ടിവച്ചെന്നും പിന്നീടറിഞ്ഞ്‌. പുതിയ തീയതി തീരുമാനിച്ചോ? എന്നാ? എപ്പഴാ? എവിടെ വച്ചാ? പച്ചവെള്ളത്തില്‍ കുളിക്കാമോ? പഴങ്കഞ്ഞി കുടിച്ചാല്‍ മൂര്‍ച്ഛിക്കുമോ?