Saturday, September 08, 2007

യു.എ.ഇ. മീറ്റ് 2007 - റിപ്പോര്‍ട്ട്

യു.എ.ഇ. ബ്ലോഗേര്‍സ് മീറ്റ് 2007
പറഞ്ഞിരുന്ന സമയമായ 7 മണിക്ക് മുമ്പ് തന്നെ പല ബ്ലോഗേഴ്സും എത്തിച്ചേര്‍ന്ന് തുടങ്ങിയിരുന്നു. 8 മണി ആകുമ്പോഴേക്കും ഏറെക്കുറെ എല്ലാവരും വന്ന് ചേര്‍ന്നു. മൂന്ന് നാല് മണിക്കൂറുകള്‍ വളരെ സൌഹാര്‍ദ്ദപരമായി ചിലവഴിക്കുകയായിരുന്നു അവിടെ കൂടിയവരെല്ലാം തന്നെ.

സ്റ്റേജില്ലാതെ, മൈക്കില്ലാതെ, ആരും പ്രാസംഗീകരാവാതെ, കേള്‍വിക്കാരാവാതെ, ചൂടുപിടിച്ച ചര്‍ച്ചകളില്ലാതെ… ഒരു തുറന്ന സൌഹൃദസംഗമം - ഉള്ള പരിചയങ്ങള്‍ പുതുക്കലും പുതിയവ സൃഷ്ടിക്കുകയും ചെയ്ത ഒരു മീറ്റ്.

ഈ സംഗമം ബ്ലോഗിന്‍റെ വളര്‍ച്ചയ്ക്കോ നിലനിൽപ്പിനോ ഒന്നും തന്നെ നല്‍കുകയില്ലായിരിക്കാം. പക്ഷെ, പുറത്തെവിടെയെങ്കിലും വെച്ച് കാണുമ്പോള്‍ ഒരു ഹായ് പറയാന്‍ അല്ലെങ്കില്‍ തിരിച്ചറിഞ്ഞ് ഒരു ചിരി തൂകാന്‍… അതിന് ഇവിടെ കൂടിയവര്‍ക്കെല്ലാം സാധ്യമാക്കും ഈ മീറ്റ് എന്ന് നിസ്സംശയം പറയാം.

‘എന്‍റെ യൂറോപ്പ് സ്വപ്നങ്ങള്‍‘ - പുസ്തക വിൽപ്പന ഹാളിന്‍റെ ഒരു ഭാഗത്ത് നടന്നിരുന്നു. ദില്‍ബാസുരന്‍ തന്നെയായിരുന്നു ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. കുഴൂര്‍ വിത്സന്‍റെ വക കവിത ചൊല്ലലും വിശാലമനസ്കന്‍, തമനു, കുഴൂര്‍, അത്തിക്കുറിശ്ശി, ഇളം തെന്നല്‍ എന്നിവര്‍ ചേര്‍ന്നാലപിച്ച നാടന്‍ പാട്ടും സദ്ദസ്സിനെ രസം പിടിപ്പിച്ചു... ഇതിനെല്ലാം ഉപ്പും പുളിയും പകരാന്‍ അതുല്യേച്ചി വിതരണം ചെയ്ത മാങ്ങാത്തൊലി ഈറ്റ് വിഭവങ്ങളില്‍ നൂറ്റി ഇരുപത്തിയൊന്നാമത്തെ ഇനമായി ഇടം പിടിച്ചു.

യു. എ. ഇ. ബ്ലോഗേഴ്സ് മീറ്റ് 2007 എന്നെഴുതിയതിന് താഴെ സ്വന്തം ബ്ലോഗ് പേരെഴുതിയ ബാഡ്ജ് ബ്ലോഗെര്‍മാരെല്ലാം ചെസ്റ്റില്‍ ഒട്ടിച്ചിരുന്നു.

അത്തിക്കുറിശ്ശി
അതുല്യേച്ചിയും കുടുംബവും
അബുജി
അഗ്രജനും കുടുംബവും
അഞ്ചല്‍കാരനും കുടുംബവും
(ഷഹനാസ് + നഹനാസ്)
ഇത്തിരിവെട്ടം
ഇളംതെന്നല്‍
ഉറുമ്പ്
കയ്യൊപ്പ് (റിയാസ്)
കരീം മാഷും കസിനും ഭര്‍ത്താവും
കുറുമാനും കുടുംബവും കസിനും
കുഴൂര്‍ വിത്സണും കുടുംബവും
കൈപ്പള്ളി
തമനു
തറവാടി
ദില്‍ബാസുരന്‍
ദേവരാഗം
പൊതുവാള്‍
ബിജു ആബേല്‍ ജേക്കബ്ബ്
മുസ് രിസ് (അജിത് പോളക്കുളത്ത്)
രാധേയന്‍
രാമേട്ടന്‍ (അഭയാര്‍ത്ഥി)
വിശാലമനസ്കന്‍
സങ്കുചിതനും കുടുംബവും
സജീവ് കിഴക്കേപറമ്പില്‍
സുനില്‍
സുല്ലും കുടുംബവും
സിദ്ധാര്‍ത്ഥന്‍

ഇത്രയും പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

വരാമെന്നേറ്റിരുന്നവരില്‍ ചിലര്‍ എത്തിച്ചേര്‍ന്നില്ല. അനിലേട്ടന്‍, അപ്പു, ഡ്രിസില്‍, ഏറനാടന്‍, വല്യമ്മായി എന്നിവര്‍ വരാതിരിക്കാനുള്ള അസൌകര്യങ്ങളെ പറ്റി വിളിച്ചറിയിച്ചിരുന്നു.

കുറുമാന്‍റെ നന്ദിപ്രകടനത്തിന് ശേഷം പതിനൊന്ന് മണിയോടെ കൂടെ എല്ലാവരും പിരിയുമ്പോള്‍ വീണ്ടും യു.എ.ഇ. ബ്ലോഗേഴ്സ് മീറ്റ് 2008 ല് വെച്ച് കാണാം എന്ന ശുഭപ്രതീക്ഷയിലായിരുന്നു എല്ലാവരും.

ഈ പരിപാടിയില്‍ പങ്കെടുത്ത് ഇതൊരു വിജയമാക്കി തീര്‍ത്ത എല്ലാവര്‍ക്കും അഭിമാനിക്കാം.

പടങ്ങള്‍ ഇവിടേയും പിന്നെ ഇവിടേയും കാണാം.

'യു.ഏ.ഇ. ബ്ലോഗ് മീറ്റ് 2007' - പടങ്ങള്‍!



ആല്‍ബത്തിലേക്കുള്ള ലിങ്ക്

Sunday, September 02, 2007

കുറുമാനെ അനുമോദിക്കലും ബ്ലോഗ് മീറ്റും

പ്രിയപ്പെട്ട സുഹൃത്തുക്കളെ...

‘എന്‍റെ യൂറോപ്പ് സ്വപ്നങ്ങളു’ടെ പ്രകാശനവും അതിനോടനുബന്ധിച്ച് നടന്ന പലവിധ സ്വീകരണങ്ങളും ഏറ്റ് വാങ്ങി ഇവിടെ യു.എ.ഇ. യില്‍ തിരിച്ചെത്തിയിരിക്കുന്ന നമ്മുടെ കുറുമാനെ അനുമോദിക്കലും അതോടനുബന്ധിച്ച് നടക്കുന്ന ബ്ലോഗ് മീറ്റും നമ്മള്‍ തീരുമാനിച്ചത് പോലെ വരുന്ന വെള്ളിയാഴ്ച, സെപ്റ്റംബര്‍ 7ന് ഷാര്‍ജയില്‍ വെച്ച് നടക്കുന്നു.

സമയം: വൈകുന്നേരം 7 മണി മുതല്‍ രാത്രി 12 മണി വരെ.

വേദി: ഷാര്‍ജയില്‍ റോളയ്ക്ക് സമീപമുള്ള ലുലു സെന്‍ററിന്‍റെ എതിര്‍വശത്തുള്ള മുബാറക് സെന്‍ററില്‍ സ്ഥിതി ചെയ്യുന്ന ഏഷ്യന്‍ പാലസ് റെസ്റ്റോറന്‍റ്.

ചാര്‍ജ്ജ്: ആളൊന്നുക്ക് 40 ദിര്‍ഹംസ് എന്ന തോതില്‍ ചാര്‍ജ്ജ് ചെയ്യപ്പെടുന്നതായിരിക്കും.

ഇതുവരെ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുള്ള ബ്ലോഗര്‍മാര്‍ ഇവരാണ്:
1) അഗ്രജന്‍
2) അഞ്ചല്‍കാരന്‍
3) അത്തിക്കുര്‍ശി
4) അതുല്യ
5) അനിലന്‍
6) അഭയാര്‍ത്ഥി
7) ഇത്തിരിവെട്ടം
8) ഏറനാടന്‍
9) കണ്ണൂസ്‌
10) കരീം മാഷ്‌
11) കുറുമാന്‍
12) കൈതമുള്ള്
13) കൈപ്പള്ളി
14) തമനു
15) തറവാടി
16) താമരക്കുട്ടന്‍
17) ദില്‍ബാസുരന്‍
18) ദീപു കെ നായര്‍
19) ദേവന്‍
20) പുഞ്ചിരി
21) പൊതുവാള്
22) മുസാഫിര്‍
23) മുസിരിസ്
24) വല്യമ്മായി
25) വിശാല മനസ്കന്
26) സങ്കുചിത മനസ്കന്‍
27) സുല്‍
28) സാല്‍ജോ
29) സിദ്ധാര്‍ത്ഥന്‍
30) ഇളംതെന്നല്‍
31) കുഴൂര്‍ വിത്സണ്‍
32) അപ്പു
33) ഡ്രിസില്‍
34) ബിജു ആബേല്‍ ജേക്കബ്
35) പെരിങ്ങോടന്‍
36) രാധേയന്‍‍

(ഇത് മൊത്തം പോസ്റ്റുകളില്‍ നിന്നും ശേഖരിച്ചവയും നേരിട്ട് അറിയിച്ചിട്ടുള്ളവരും ഉള്‍പ്പെടുന്ന ലിസ്റ്റാണ്)

ഇവിടെ വിട്ട് പോയിട്ടുള്ളവരും, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും എത്രയും പെട്ടെന്ന് വിവരം അറിയിക്കുവാന്‍ താത്പര്യപ്പെടുന്നു.

മറ്റ് കാര്യപരിപാടികള്‍ പെട്ടെന്ന് തന്നെ തീരുമാനിച്ച് അറിയിക്കുന്നതാണ് - മീറ്റിനിടയില്‍ ചുമ്മാ നേരമ്പോക്കിന് കൊറിച്ചോണ്ടിരിക്കാന്‍ 120 വിഭവങ്ങള്‍ എന്നുള്ളതില്‍ നോ കോമ്പ്രമൈസ്... യേത്... ;).

Tuesday, August 21, 2007

ഒരു സ്ഥലം ഒത്തേ !!!

ബ്ലഗാക്കന്മാരെ:

ബ്ലഗാവ് അഞ്ജല്കാരന്റെ പരിശ്രമത്തിന്റെ ഫലമായി ബ്ലഗാവ് കുറുമാന്‍റെ സ്വീകരണം നടത്താന്‍ ഒരു സ്ഥലം ഒത്തുക്കിട്ടി.

ഷാര്‍ജ്ജയില്‍ മല്ലു.. (അല്ല sorry!!) Lulu centre Rollaക്ക് എതിര്‍ വശത്തുള്ള Asia Palace Restaurant, ലാണു് നിശ്ചയിച്ചിരിക്കുന്നത്.
തീയതി 7 September, 2007

മൂക്കറ്റം തിന്നാന്‍ 120 വിഭവങ്ങള്‍ തരാം എന്ന് അവര്‍ സമ്മതിച്ചു.

ഒരു mic,

വസ്ത്രം: casuals. (jeans, t-shirt, lungi, bermuda, 2000ത്തില്‍ material supplier free ആയി തന്ന T-shirt.


Fee: 40 ദ്രോ.. അല്ല sorry ദിര്‍ഹം. ദമ്പദികള്‍ക്ക് AED 80.

രാഗേഷ് എത്രയും പെട്ടന്ന് ticket confirm ചെയ്യുക.
മറ്റു പരിപാടികള്‍ chart out ചെയ്യാണം.

Wednesday, August 08, 2007

UAE Blog Meet/ ബ്ല. കുറുമാന്‍ സ്വീകരണം. ഹാജ്ജര്‍ list

Septembet 7നു ഒരു സമ്മേളനം നടത്തിയാല്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഇവിടെ ഹാജര്‍ വെക്കുക. കൂടുതല്‍ ചര്‍ച്ചകള്‍ ഇതിനു മുന്നേ ഇട്ട പോസ്റ്റില്‍ ചര്‍ച്ചിക്കാം.

Tuesday, August 07, 2007

ബ്ലഗാവ് കുറുമാനു് ഒരു സ്വീകരണം

ഇമറാത്തിലെ ബ്ലോഗന്മാരെ, ബ്ലോഗിനിമാരെ (ഇതെല്ലാം സഹിക്കുന്ന പാവം വായനക്കാരെ !)

നമ്മുടെ അഭിമാന പുരുഷനും, ബ്ലോഗ് താര രത്നവുമായ കുറുമാന്‍ എന്ന ബ്ലഗാവ് * രാഗേഷ് കുറുമാന്‍ അദ്ദേഹത്തിന്റെ "യൂറോപ് സ്വപ്നങ്ങള്‍" എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന്റെ ഗംഭീര വിജയം കഴിഞ്ഞ് വിജയശ്രീലാളിതനായി തിരിച്ചു വരുന്ന വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. പുസ്തക പ്രകാശനം നാട്ടില്‍ നടന്ന സ്ഥിധിക്ക് ഇവിടേ അദ്ദേഹത്തിനു് സ്വീകരണം നടത്തുന്നതില്‍ കുഴപ്പം ഇല്ല. സ്വീകരണം എത്രവേണമെങ്കിലും ആയിക്കൂടെ. ഹല്ല പിന്നെ.

കഴിഞ്ഞ മാസം ദില്ബനും വിശാലനും ഈ കാര്യം എന്നോടു പറഞ്ഞിരുന്നു. പല സുഹൃത്തുക്കള്‍ക്കും ഇതിനോടു താത്പര്യമുണ്ട് എന്ന് അറിഞ്ഞ സ്ഥിദിക്ക് സ്വീകരണവും അതിനോടൊപ്പം ഒരു സൌഹൃദ സമ്മേളനവും നടത്തുന്നതിന്റെ ഒരു കരട് രേഖയാണു ഇത്.
Karama centerല്‍ ഒരു സാമാന്യം ഭേതപ്പെട്ട ഹാള്‍ ഉണ്ട് (ബ്ലഗാവ് ഏറനാടന്റെ സീരിയലിന്റെ ഉത്ഘാടനത്തിനു് സമ്മേളിച്ച ഹാള്‍ ). പരിസര പ്രദേശങ്ങളില്‍ Parking സൌകര്യം ഉള്ളതിനാല്‍ ഇതു് നല്ല ഒരു ഇടമായി തോന്നുന്നു. വേറെ ഏതെങ്കിലും ഇടം ഉണ്ടെങ്കില്‍ അതും അരിഗണിക്കണം. ചുമതലകള്‍ ഏറ്റെടുക്കുവാന്‍ കമ്മറ്റി അംഗങ്ങളെ ആവശ്യമുണ്ട്.

സാമ്പത്തികം / പിരുവ് കമ്മിറ്റി
1) ബ്ലഗാവ് ദില്‍ബാസുരന്‍
2) ബ്ലഗാവ് വിശാലമനസ്കന്‍
3) ബ്ലഗാവ് (അനോണി)


ഭക്ഷണം
1) ബ്ലഗാവ് പെരിങ്ങോടന്‍
2) ബ്ലഗാവ് (അനോണി)
3) ബ്ലഗാവ് (അനോണി)

പരിപാടിയില്‍ പങ്കേടുത്ത ആവേശഭരിതരായി പാമ്പാവുന്നവരെ വീട്ടില്‍ എത്തിക്കല്‍ കമ്മിറ്റി
1) ബ്ലഗാവ് കൈപ്പള്ളി
2) ബ്ലഗാവ് (അനോണി)
3) ബ്ലഗാവ് (അനോണി)

Public Relations / മീഡിയ കമ്മറ്റി
1) ബ്ലഗാവ് വില്സണ്‍

Entertainment കമ്മറ്റി
1) ബ്ലഗാവ് (അനോണി)

ഇതില്‍ അനോണിയായി ഇട്ടിരിക്കുന്ന പേരുകള്‍ നിങ്ങള്‍ നിര്‍ദ്ദേശിക്കണം. പരിപാടി വളരെ informal ആയിരുന്നാല്‍ ചളുക്ക് പ്രസങ്ങങ്ങള്‍ ഒഴിവാക്കാം. T.V. Media coverage വേണമോ വേണ്ടയോ എന്നുള്ളതും ചര്‍ച്ചചെയ്യണം.

തീരുമാനിക്കേണ്ട കാര്യങ്ങള്‍
Agenda
Light entertainment
Menu
Duration
Date

Cost
കുറഞ്ഞപക്ഷം 150 പേരെങ്കിലും ഉണ്ടെങ്കില്‍ per head AED 30 മതിയാവും.
"യുറോപ്പ് സ്വപ്നങ്ങള്‍" പുസ്തകം അവിടെ വില്കുന്നത് നന്നായിരിക്കും. പുസ്തകത്തിനു ഒരു നല്ല exposure ആയിരിക്കും. ബ്ലഗാവ് കുറുമാന്‍ ഇപ്പോള്‍ നാട്ടിലാണു്. അദ്ദേഹം നാട്ടില്‍ നിന്നും തിരിച്ചുവരുന്നതിനു മുമ്പ് തന്നെ എത്തിക്കേണ്ട പുസ്തകങ്ങളുടെ എണ്ണം ഒറപ്പിക്കണം.

അദിപ്രായങ്ങള്‍ അറിയിക്കാതിരിക്കല്ലും.

---------------------------------------
ബ്ലഗാവ് = സനാതന കാലം മുതല്കേ മലയാളം ബ്ലോഗ് എഴുത്തുകാര്‍ തമ്മില്‍ അഭിസംബോധനം ചെയ്യുന്ന ഒരു വാക്ക്. (അറിയില്ല? എങ്കില്‍ പഠിക്കെടെയ് !!!)

Sunday, July 22, 2007

കുറുമാന്‍റെ പുസ്തകപ്രകാശനം

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

നമ്മളേവരുടേയും പ്രിയങ്കരനായ കുറുമാന്‍റെ (നമ്മുടെ കുറുവിന്‍റെ) "എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍" എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് ആഗസ്റ്റ് 5ന് എറണാംകുളം യുവറാണി റെസിഡെന്‍സിയില്‍ വെച്ച് നടക്കുമെന്ന സന്തോഷവിവരം നമ്മളെല്ലാം അറിഞ്ഞിരിക്കുമല്ലോ... എല്ലാ ബ്ലോഗേഴ്സിനും അഭിമാനിക്കാവുന്ന മറ്റൊരു മുഹൂര്‍ത്തം കൂടെ കടന്നു വരുന്നു.

നമ്മള്‍ യു.ഏ.ഇ. ബ്ലോഗേഴ്സിനെ സംബന്ധിച്ച് പ്രകാശനത്തിന്‍റെ മുഖ്യ ചടങ്ങില്‍ പങ്കെടുക്കാനാവില്ല എന്നത് വലിയൊരു നഷ്ടം തന്നെയാണ്. ഈയവസരത്തില്‍ "എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍" ടെ വിപുലമായൊരു പ്രകാശന ചടങ്ങ് ഇവിടെ യു.എ.ഇ. യില്‍ സംഘടിപ്പിച്ച് നമ്മളതിന്‍റെ ക്ഷീണം തീര്‍ക്കേണ്ടതാകുന്നു. മുഖ്യപ്രകാശന ചടങ്ങ് കഴിഞ്ഞ് വരുന്ന ഏറ്റവും അടുത്ത ദിവസത്തില്‍ തന്നെ അത് സംഘടിപ്പിക്കേണ്ടതാണ് - കുറുമാന്‍ അവധിയില്‍ നാട്ടില്‍ പോവുകയാണ് എന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്...

എല്ലാവരും ഒന്നുത്സാഹിച്ചേ...
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പെട്ടെന്ന് വരട്ടെ

തിയ്യതി
വേദി
പരിപാടികള്‍

എല്ലാം നമുക്കിവിടെ ഒന്നിച്ചാലോചിച്ച് തീരുമാനിക്കാം...

Sunday, June 10, 2007

ഗള്‍ഫിലെ മികച്ച മലയാളം റേഡിയോ അവതാരകരെ തിരഞ്ഞെടുക്കുക.

യു.ഏ.ഈയിലെന്നല്ല, എനിക്ക് തോന്നുന്നു ലോകത്ത് തന്നെ ആദ്യമായിട്ടാണിങ്ങനൊരു സംഭവം. മലയാളത്തില്‍ 3-4 റേഡിയോ നിലയങ്ങളുള്ള യു.ഏ.ഈയില്‍ ഇതു വരെ ആരും എന്താ ഇങ്ങനൊരു പരിപാടിയെക്കുറിച്ച് ആലോചിക്കാത്തതെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. (എന്റെ പെങ്ങളും ഒരു റേഡിയോ അവതാരകയായിരുന്നു) ഏതായാലും ശരി, ഏതോ ബുദ്ധിമാനായ ഇവന്റ് മാനേജരുടെ തലയില്‍ അവസാനം അങ്ങനൊരു ബുദ്ധി ഉദിച്ചു! അങ്ങനെ “ഫ്രീക്വന്‍സി 2007” എന്ന പേരില്‍ ആദ്യമായി ഒരു ഗള്‍ഫ് മലയാളം റേഡിയോ ഫെസ്റ്റിവല്‍ നടക്കാന്‍ പോണു. അവാര്‍ഡ് ദാന ചടങ്ങ് ജൂണ്‍ 29ന് ദുബൈ അല്‍ നാസര്‍ ലീഷര്‍ ലാന്റില്‍ വച്ച് നടത്തപ്പെടും. സംഘാടകര്‍ പ്രേക്ഷകര്‍ക്കായി ഒരുപാട് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഗള്‍ഫിലുള്ള മലയാളികളില്‍ മലയാളം റേഡിയോ കേള്‍ക്കാത്തവര്‍ എനിക്ക് തോന്നുന്നു ദന്തഗോപുരങ്ങളില്‍ ഇരിക്കുന്നവര്‍ മാത്രമായിരിക്കും. അത്രയ്ക്ക് ജനകീയമായൊരു മാധ്യമമാണ് റേഡിയോ ഗള്‍ഫില്‍. എല്ലാ അവതാരകരും പുലികളാണ്. എന്നിരുന്നാലും, അവരില്‍ മികച്ചവരെന്ന് നമ്മുക്ക് തോന്നുന്നവരെ തിരഞ്ഞെടുക്കാന്‍ കിട്ടിയ ഈ അവസരം എല്ലാവരും വിനിയോഗിക്കണമെന്ന് അപേക്ഷിക്കുന്നു.

അതു സംബന്ധിച്ച വാര്‍ത്ത ദാ താഴെ ചേര്‍ക്കുന്നു.

Frequency 2007 :- A Malayalam Radio Award Night, first of its kind ever in the history of UAE and the Radio world. The idea behind this venture is to appreciate the efforts of all those people who make life interesting ,and yet continue to remain behind the screen. This is an event hosted to honor the talented and creative souls behind the birth of the Malayalam Channel in UAE.

Award Categories
• Best program
• Best informative program
• Best music program
• Best Film based program
• Best audio advertisement
• Best news reader
• Best RJ male
• Best RJ female
• Best Malayalam presenter

Sms to 4410 and win prizes and free tickets

Frequency2007' will be a rocking night for Dubai and experience of a life time. With music and dance by famous Malayalam Film personalities along with the presence of eminent politicians which the Dubai audience will remember for a long long time

എസ്.എം.എസ് വോട്ടിംഗും ഓണ്‍ലൈന്‍ പോളും ഒക്കെയുണ്ട്. എല്ലാവരും പങ്കെടുത്ത് ഈ മാധ്യമത്തില്‍ ജോലി ചെയ്ത് നമ്മെ ആനന്ദിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. മലയാളം റേഡിയോ കേള്‍ക്കുന്ന ഓരോ മലയാളിയുടെയും കടമ കൂടിയാണ് അത്.

കൂടുതല്‍ വിവരങ്ങള്‍ ദാ ഇവിടെ.

Friday, May 25, 2007

അന്യഗ്രഹ ജീവി ‘പൊന്നപ്പന്‍’ ദുബൈയില്‍


പൊന്നപ്പന്‍ the Alien ദുബൈ വഴി ഒന്നു കറങ്ങി. നെതര്‍ലാന്‍ഡ്സില്‍ നിന്നും നാട്ടിലേക്ക്‌ പോകും വഴി ട്രാന്‍സിറ്റില്‍ ഒരാറേ ആറ് മണിക്കൂര്‍. വ്യാഴാഴ്ച ആയിരുന്നതിനാലും, സമയം രാവിലെ ആയിരുന്നതിനാലും ഒരു മീറ്റ് സംഘടിപ്പിക്കാന്‍ ഒത്തില്ല. എങ്കിലും...

ഒരു ബ്ലോഗര്‍ ദുബൈ വഴി പോകുമ്പോ ആരെങ്കിലും ഒന്നു കാണണ്ടേ ..?
കണ്ടതിന്റെ തെളിവായി രണ്ടു ഫോട്ടൊകള്‍ ഇടണ്ടേ ..?
യു.എ.യി. ബ്ലോഗേഴ്സിന്റെ തനതു സ്വഭാവമായ മുണ്ടിട്ടു പിടിക്കല്‍ നടത്തേണ്ടേ ...?
എല്ലാം പ്രതീകാത്മകമായി നടത്തി.... ദാ തെളിവിനായി ഫോട്ടോസ്..


യു.എ.യി. ബ്ലോഗേഴ്സിനു വേണ്ടി തമനു പൊന്നപ്പനെ പൊന്നാട അണിയിക്കുന്നു.
കസവു മുണ്ട് കിട്ടിയില്ല, പകരം ഇതു മതി. വെള്ളമുണ്ട്.
(ശരിക്കും ‘വെള്ളമുണ്ട്‘ . പൊന്നപ്പന്‍ കുളികഴിഞ്ഞ്‌ തോര്‍ത്തി ഇട്ടിരുന്നതാ, അതു പിന്നെ വെള്ളം ഉണങ്ങും വരെ വെയിറ്റ് ചെയ്യാന്‍ ഒക്കുമോ, ബാത്രൂം ടൌവലെങ്കില്‍ അത്, കെടക്കെട്ടേന്നേ..!!)




പൊന്നപ്പന്‍ യു.എ.യി. ബ്ലോഗേഴ്സിന്റെ ഓഫീസില്‍.
(ഇത് എമിറേറ്റ്സ് എയര്‍ലൈന്‍‌സ്‌കാര്‍‍ താമസ സൌകര്യം ഒരുക്കിക്കൊടുത്ത
എയര്‍‍പോര്‍‍ട്ട് മില്ലേനിയം ഹോട്ടലാണെന്ന്‌ പൊന്നപ്പന്‍ പറേം... വിശ്വസിക്കരുത്‌...)




ദേവഗുരുക്കള്‍ തന്റെ സ്വന്തം തട്ടകമായ എയര്‍പോര്‍ട്ടില്‍ വച്ച്‌ പൊന്നപ്പന് ദര്‍ശനം നല്‍കിയപ്പോള്‍.


പൊന്നപ്പനും, ദേവേട്ടനും.
(ദേവേട്ടന്‍ എയ്യര്‍പോര്‍ട്ടിലാ ജോലി ചെയ്യുന്നേന്ന്‌ ഇനി ആരും സംശയം പറയരുത്...
ദേ കറുത്ത പാന്റ്, നീലഷര്‍ട്ട്, ടൈ, കഴുത്തേല്‍ ടാഗും പാസും .. എല്ലാം ഓകെ.
എന്തോ .... ? അവിടെ തൂപ്പുകാരുടേം യൂണിഫോം ഇതാണെന്നോ ... ഒന്നു പോടേ, ചുമ്മാ എല്ലാത്തിലും കുറ്റം മാത്രം കാണാതെ ...)



ഇനി പൊന്നപ്പന്‍ ഇതുവഴി വരും എന്നു തോന്നുന്നില്ല. നെതര്‍ലാന്‍ഡ്സില്‍ നിന്നും റുവാണ്ട വഴി തിരുവനന്തപുരത്തേക്ക്‌ ഫ്ലൈറ്റ് ഉണ്ടോ എന്നു തിരക്കുന്നതു കണ്ടു പാവം പൊന്നപ്പന്‍...
ഫോണ്‍ ചെയ്ത് സ്നേഹം പങ്കുവച്ച അഗ്രജന്‍, അതുല്യേച്ചി, കുറുമാന്‍, സുല്‍, ഇത്തിരി, കരീം‌മാഷ് എന്നിവരോടും, എല്ലാ യു. എ. യി. ബ്ലോഗേഴ്സിനോടും പൊന്നപ്പന്‍ നന്ദി അറിയിച്ചിട്ടുണ്ട്. പൊന്നപ്പനു വേണ്ടി ഞാന്‍ അതിവിടെ കുറിക്കുന്നു.

Saturday, May 19, 2007

ചാറ്റും ഈറ്റും പിന്നെ മീറ്റും - യു. എ. ഇ. മിനിമീറ്റ്

കഴിഞ്ഞ വെള്ളിയാഴ്ചയുടെ സായാഹ്നം, യു.എ.ഇ. യിലെ ബ്ലോഗര്‍മാരില്‍ നിന്നും എത്തിച്ചേരാന്‍ കഴിഞ്ഞ ചിലര്‍ക്ക് നല്ല കുറച്ച് നിമിഷങ്ങള്‍ സമ്മാനിച്ചു.

ഷാര്‍ജയിലെ കോര്‍ണിഷിനടുത്തുള്ള ഈന്തപ്പനകള്‍ നിറഞ്ഞ പുല്‍ത്തകിടിയില്‍, വരാമെന്നോ ഇല്ലെന്നോ പറയാതെ കൃത്യസമയത്ത് തന്നെ എല്ലാവരേക്കാളും മുന്‍പ് കൈപ്പള്ളി കുടുംബസമേതം എത്തിയിരുന്നു. പിന്നീട് അബൂദാബിയില്‍ നിന്നുള്ള ബ്ലോഗറായ ചുള്ളിക്കാല്‍ ബാബുവും, ഷാര്‍ജ്ജയില്‍ നിന്നുള്ള തമനുവും അഗ്രജനും എത്തിച്ചേര്‍ന്നു. അധികം വൈകാതെ തന്നെ ദുബായില്‍ നിന്നും പൊതുവാള്‍, മിന്നാമിനുങ്ങ്, ഇത്തിരിവെട്ടം എന്നിവരും എത്തിച്ചേര്‍ന്നു... പിന്നീട് ഷാര്‍ജയില്‍ നിന്നുള്ള സുല്ലും എത്തിച്ചേര്‍ന്നു.

പലരും പരസ്പരം കണ്ടിട്ടുള്ളവരായിരുന്നെങ്കിലും ആദ്യമായി കാണുന്നവരും ഉണ്ടായിരുന്നു.

‘ഒരേ ഒരു പഴ‘ത്തില്‍‘ നിന്നും വളരെ ശ്രദ്ധാപൂര്‍വ്വം ചീകിയെടുത്ത് പൊരിച്ചെടുത്ത ‘ഒരുപാടു’ പഴം പൊരികള്‍ ഈറ്റിന്‍റെ സാന്നിധ്യം അറിയിച്ചു കൊണ്ട് നിരന്നതിനോടൊപ്പം തന്നെ അയ്യപ്പന്‍റെ അമ്മ ചുട്ടതും കാക്ക കൊത്തി കടലിലിട്ടതും മുക്കുവപിള്ളേര്‍ മുങ്ങിയെടുത്തതും തട്ടാപ്പിള്ളേര്‍ തട്ടിയെടുത്തതുമായ നെയ്യപ്പം(ങ്ങള്‍) രംഗത്തെത്തി.

ഇതിലിടയ്ക്ക് ബര്‍ദുബായില്‍ നിന്നും ഏറനാടന്‍ വിളിച്ച്, നാട്ടില്‍ നിന്നും (ആരോ) കൊണ്ടു വന്ന വിഭവങ്ങളുമായി എത്രയും പെട്ടെന്ന് താന്‍ എത്തിച്ചേരുന്നതാണെന്ന് അറിയിച്ചു. അധികം താമസിയാതെ തന്നെ... പഴുത്തതും മൂത്തതും മൂക്കാത്തതുമായ മാങ്ങകളും പിന്നെ കായ വറുത്തത്, അവുലോസ് പൊടി, ശര്‍ക്കരയുപ്പേരി, ഉണ്ണിയപ്പം എന്നീ വിഭവങ്ങളുടെ അകമ്പടിയോടെ ഏറനാടന്‍ എത്തിച്ചേര്‍ന്നു. എങ്കിലും പലരും വളരെ മോഹിച്ച ‘ബീഫ് ഫ്രൈ’ യുടെ അഭാവം നികത്താന്‍ ഇവയൊന്നിനും തന്നെ ആയില്ല.

അജ്മാനില്‍ നിന്ന് അത്തിക്കുറിശ്ശി കുടുംബസമേതവും, ഫുജൈറയില്‍ പോയിവന്ന യാത്രാക്ഷീണം പോലും വക വെയ്ക്കാതെ അപ്പുവും അങ്ങോട്ടെത്തിച്ചേരുമ്പോള്‍ ഇരുട്ട് വീണിട്ടേയുണ്ടായിരുന്നുള്ളു.

ഇതിലിടയ്ക്ക് ചര്‍ച്ചകളില്‍ പല വിഷയങ്ങളും വന്നും പോയ്ക്കൊണ്ടുമിരുന്നു. പോസ്റ്റുകള്‍, കമന്‍റുകള്‍, യൂണീക്കോഡ്, വിക്കി, പോസ്റ്റുകളുടെ നിലവാരം, ഓഫടികള്‍... പിന്നെ പത്രങ്ങളുടെ മൂല്യച്യുതി, കേരള രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ ഭാഗീകമായി ചര്‍ച്ച ചെയ്യപ്പെട്ടു.

ജോലി തിരക്ക് കാരണം എത്തിച്ചേരാന്‍ പറ്റാതിരുന്ന ദേവേട്ടനും പനി മൂലം വരാന്‍ സാധിക്കാതിരുന്ന അതുല്യേച്ചിയും, അപ്രതീക്ഷിതമായി വന്നെത്തിയ അതിഥികള്‍ കാരണം വരാന്‍ പറ്റാതിരുന്ന കരീം മാഷും വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നു.

അവസാനം എട്ടമണിയോടെ എല്ലാവരും പോകാനായെഴുന്നേറ്റെങ്കിലും, പിന്നീട് പല തവണ ബൈ പറഞ്ഞെങ്കിലും എല്ലാവരും പിരിഞ്ഞ് പോകുമ്പോള്‍ ഒന്‍പത് മണി കഴിഞ്ഞിരുന്നു.

കുറച്ച് നേരം രസകരമായി ചിലവഴിച്ചതിന്‍റെ സന്തോഷം എല്ലാവരുടെ മുഖത്തും കാണാമായിരുന്നു.


മീറ്റിനെത്തിയ ബ്ലോഗര്‍മാര്‍

അപ്പു ------------------------------------- അത്തിക്കുറിശ്ശി


ചുള്ളിക്കാല്‍ ബാബു ---------------------- ഏറനാടന്‍


ഇത്തിരിവെട്ടം ----------------------------------- കൈപ്പള്ളി


മിന്നാമിനുങ്ങ് -------------------------------- പൊതുവാള്‍


സിനു (അത്തിക്കുറിശ്ശി ജൂനിയര്‍) ---------- സുല്‍


തമനു --------------------------------------------- അഗ്രജന്‍


മീറ്റ് - ചില ദൃശ്യങ്ങള്‍












താഴെ ഈറ്റില്‍ പങ്കെടുത്ത ഐറ്റംസ്

ഔലോസുപൊടി, കായ വറുത്തത്, പഴം പൊരി, മാങ്ങ, ഉണ്ണിയപ്പം, ശര്‍ക്കരയുപ്പേരി, നെയ്യപ്പം.

വിറ്റ് ഓഫ് ദ മീറ്റ്:
ചര്‍ച്ചകള്‍ക്കിടയില്‍ ഏറനാടന്‍ കൈപ്പള്ളിയുടെ എഴുത്തിനെപറ്റി അഭിപ്രായം പറഞ്ഞു...

അതിങ്ങനെയായിരുന്നു...

‘കൈപ്പള്ളിയുടെ ബ്ലോഗുകളില്‍ ഇടയ്ക്കിടയ്ക്ക് അക്ഷരതെറ്റുകള്‍ ഉണ്ടാവാറുണ്ട്...’

Tuesday, May 15, 2007

ചാറ്റാം, പിന്നെ വല്ലതും തടഞ്ഞാല്‍ ഈറ്റാം

സൌഹൃദങ്ങള്‍ക്ക് കൂടിച്ചേരാന്‍ ഒരു ഔപചാരികതയുടെ ആവശ്യമുണ്ടോ... ഇല്ല - അല്ലേ!

ഒന്നിച്ച് കൂടി കുറച്ച് നേരം കത്തിയടിക്കുന്നതിനെ പറ്റി ഇടയ്ക്കൊക്കെ സ്വകാര്യസംഭാഷണങ്ങളില്‍ ചില ബ്ലോഗര്‍മാര്‍ പറയാറുണ്ട് - പോസ്റ്റിലൂടെ വെയ്ക്കുന്ന കത്തിയൊന്നും പോരാഞ്ഞിട്ടാണേയ്... :)

എന്നാപ്പിന്നെ വെള്ളിയാഴ്ച വൈകീട്ട് ചുമ്മാ ഒന്ന് കൂടിയാലോന്നൊരു തോന്നല്‍... ഔപചാരികത ഒട്ടും തീണ്ടാതെ... ചുമ്മാ കുറച്ചുനേരം കത്തിക്കാം... ബാ പറ്റണോരൊക്കെ ബാ :) നമ്മുടെ കുറച്ച് പടങ്ങളും കൂടെ ലോഡ് ചെയ്ത് നെറ്റിനെ നമുക്ക് സമ്പുഷ്ടമാക്കാം :)

സംഗതി തരക്കേടില്ലാത്ത ചൂടൊക്കെയാണ്... എന്നാലും ഒരു 5 മണി കഴിഞ്ഞാല്‍ വലിയ കുഴപ്പമില്ലാന്ന് തോന്നുന്നു... അങ്ങിനെയെങ്കില്‍ ഷാര്‍ജയിലെ Buhaira Cornich ന് അടുത്തുള്ള AL MAJAZ PARK ല് വെച്ച് കൂടാം.

പുറത്ത് നിന്നും കൊണ്ടു വരുന്ന ഭക്ഷണസാധനങ്ങള്‍ക്കോ പാനിയങ്ങള്‍ക്കോ പ്രസ്തുത പാര്‍ക്കില്‍ യാതൊരു വിലക്കുകളും ഇല്ലാ എന്നും അറിയിക്കട്ടെ :)

അപ്പോ എല്ലാം പറഞ്ഞ പോലെ...
സ്ഥലം: ഷാര്‍ജ Buhaira Cornich ന് അടുത്തുള്ള AL MAJAZ PARK
ദിവസം: 18-05-2007 വെള്ളിയാഴ്ച
സമയം: വൈകീട്ട് 5 മണി മുതല്‍ 7:30 വരെ
പങ്കെടുക്കുന്നവര്‍: വരുന്നവരെല്ലാം


വാല്‍കക്ഷ്ണം:
കുറച്ചു പേരുടെ തമ്മില്‍ കാണാം എന്ന തീരുമനത്തിന്, എന്നാ പിന്നെ പറ്റുന്നവരെയൊക്കെ കാണാം എന്നൊരു വിശാലചിന്താഗതി വന്നപ്പോഴുണ്ടായ ഒരാശയമാണ്.

Saturday, March 24, 2007

ദൂഭായ്ക്ക് റ്റാറ്റാ

പ്രിയപ്പെട്ട ബൂലോക സുഹൃത്തുക്കളെ,
അനിയന്‍സ് എന്ന പേരില്‍ ബ്ലോഗ് എഴുതിയിരുന്ന ഞാന്‍ യു.എ.ഇ വാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. ഏപ്രില്‍ 2ന് രാവിലെയാണ് മടക്കം. കഴിഞ്ഞ ഒക്ടോബറില്‍ ബ്ലോഗിലേക്ക് വന്ന എനിക്ക് കുറെയേറെ നല്ല സുഹൃത്തുക്കളെ ബൂലോകം നല്‍കി. അത് നാട്ടിലെത്തിയാലും തുടരാന്‍ കഴിയും എന്ന് തന്നെ കരുതുന്നു. നേരില്‍ കണ്ടും ബൂലോഗത്ത് കൂടിയും അല്ലാതെയും സൌഹൃദം പങ്കിട്ട എല്ലാവര്‍ക്കും നന്ദി. സ് നേഹവും. ക്രിയാത്മകതയുടെ ഇടം എന്നതുപോലെതന്നെ ചങ്ങാത്തത്തിന്റെയും ഇടമാണ് ബൂലോകത്ത് കാണാന്‍ കഴിഞ്ഞത് എന്നത് സന്തോഷം. യു.എ.ഇ വിട്ടാലും ബൂലോകത്ത് ചുറ്റിപ്പറ്റിയൊക്കെ നടക്കാന്‍ ശ്രമിക്കാം. (അതൊക്കെ ഒരു ജാഡയ്ക്ക് പറഞ്ഞതാ. ഇവിടൊക്കെത്തന്നെ കാണും. ട്ടാ‍ാ.) നന്ദി...

അപ്പം ദൂഭായ്ക്ക് റ്റാറ്റാ.. ബൂലോകത്തിനല്ല.

Tuesday, March 20, 2007

'കൊടകര പുരാണം’ ഗള്‍ഫ് റൌണ്ടപ്പില്‍

പ്രിയപ്പെട്ടവരേ,
ഷാര്‍ജയില്‍ നടന്ന വിശാലേട്ടന്റെ ‘കൊടകരപുരാണം’ പുസ്തകത്തിന്റെ പ്രകാശനത്തിനെ പറ്റി ഇന്ന് രാത്രി 9.30ന് ഏഷ്യാനെറ്റ് ചാനലിലെ ഗള്‍ഫ് റൌണ്ടപ്പില്‍ കാണാം.

9.30 യൂ ഏ ഇ സമയം.

Thursday, March 15, 2007

മുണ്ടരുത്‌!





മോഹന്‍ ലാല്‍ സ്ഫടികം ജോര്‍ജ്ജിനെ മറന്നിട്ടും യൂയേയിക്കാര്‍ക്ക്‌ തോമാബാധ ഒഴിയുന്നില്ല. കയ്യില്‍ കിട്ടുന്നവരെയെല്ലാം മുണ്ടിട്ടു പിടിക്കുന്നത്‌ നമുക്ക്‌ ഒരു ഹരമായി തന്നെ തുടരുന്നു.

ആദ്യബൂലോഗ മീറ്റില്‍ തന്നെ വിശാലനും കലേഷും മുണ്ടില്‍പ്പെട്ടു. തുടര്‍ന്നു നടന്ന മീറ്റില്‍ വിശ്വം മാഷിനെയും ചന്തുവിനെയും മുണ്ടിലാക്കാന്‍ സ്റ്റേജിലേക്കു ചാടിക്കയറിയവരെ ഈ നാട്ടിലെ ബ്ലോഗര്‍മാര്‍ കാളപ്പോരിലെ മാറ്റഡോറിനെ ചീയേര്‍സടിച്ചു പ്രോത്സാഹിപ്പിക്കുന്നതുപോലെ ബഹളം വച്ചു ഉത്സാഹിപ്പിക്കുന്ന പൈശാചികമായ കാഴ്ച്ച കണ്ട്‌ ക്യാമറക്കണ്ണുകളില്‍ നിന്നു പോലും നീരൊഴുകി. അതും പോരാഞ്ഞ്‌ ഒരു മൂലക്ക്‌ ഒന്നുമറിയാതെ കുത്തിയിരുന്ന ഇത്തിരി പോന്ന ഞാനും ചുട്ടിത്തോര്‍ത്തില്‍ പെട്ട വരാലുപോലെ പിടയുന്നതും നിങ്ങളാസ്വദിച്ചു.

വിശാലനെ രണ്ടാമതും ഈയിടെ കുരുക്കി. എന്നിട്ടും തീരാതെ ആരൊക്കെയോ ഇപ്പോള്‍ മുണ്ടും പറിച്ച്‌ കുറുമാനു നേരേ കുതിക്കുന്നു.

ചിലര്‍ക്കെങ്കിലും മുണ്ടില്‍പ്പെട്ട ഷോക്കില്‍ നിന്നും ഗുരുതരമായ മാനസികപ്രശ്നങ്ങളുണ്ടായിട്ടുണ്ട്‌. കലേഷും ചന്തുവും നാടുവിട്ടുപോയി. വിശ്വം മാഷ്‌ സംഭ്രമം മൂത്ത്‌ ക്യാമറയുടെ എസ്‌ ഡി കാര്‍ഡ്‌ കളഞ്ഞു.

ഇട്ടിട്ടു ദ്രവിച്ച ആ മുണ്ടു ദേഹത്തു വീണിട്ട്‌ ബാര്‍ബര്‍ മുടിവെട്ടാന്‍ മുണ്ടു പുതപ്പിക്കുമ്പോള്‍ തോന്നുന്ന വികാരം പോലും തോന്നിയില്ല എന്നും ആരോ പറഞ്ഞു കേട്ടിരുന്നു.

കൊട്ടാരങ്ങളില്‍ രാജേശമംഗളം എഴുതി വായിച്ചിരുന്ന കവികള്‍ക്കും കാഴ്ച്ചക്കുലയുമായി മാടമ്പിക്കു മുന്നില്‍ നില്‍ക്കുന്ന അടിയാനും മുണ്ടു കൊടുക്കുന്ന തമ്പുരാന്‍ കനിവാണ്‌ ഈ പൊന്നാടകളിലൂടെ തിരിച്ചു വരാന്‍ ശ്രമിക്കുന്നതെന്നും അഭിനവ ഫ്യൂഡല്‍ പ്രഭുക്കളാകാന്‍ ശ്രമിക്കുന്നവരെ തടയേണ്ടുണ്ടെന്ന് റാഡിക്കല്‍ ഗ്രൂപ്പ്‌ ഇന്നലെ മുണ്ടൂരില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തുകയും ചെയ്തു.

കുറുമാനെ ആദരിക്കുന്ന ചടങ്ങിലെങ്കിലും ഈ ദ്രവിച്ച മുണ്ടിനു പകരം നമുക്ക്‌ നിറപറയുടെ ഒരു സഞ്ചി പാലക്കാടന്‍ മട്ടയോ, അല്‍ വത്തനിയയുടെ ഒരു ട്രേ മുട്ടയോ, പോട്ടെ ഒരു കുപ്പി പട്ടയോ മറ്റു ഉപയോഗമുള്ള എന്തെങ്കിലും കൊടുത്ത്‌ മുണ്ടുപ്രയോഗത്തിന്‌ ഒരു പൂര്‍ണ്ണ വിരാമമിടാന്‍ അപേക്ഷിക്കുന്നു.
എന്ന്,
പണ്ടുമുണ്ടില്‍പ്പെട്ട ഒരു സാധു.

(ബ്ലോഗ്ഗിലൊന്നും വരാതെ ഈമെയില്‍ അയച്ച്‌ പോസ്റ്റിടാനുള്ള ഒരു ടെസ്റ്റ്‌ ആണ്‌ ഇത്‌)

Wednesday, March 14, 2007

ഒരു മീറ്റ്‌ കൂടിയായാലൊ?

നമ്മളുടെ കഴിഞ്ഞ ഒത്തുകൂടല്‍ 'കൊടകര പുരാണം' പ്രകാശനമായിരുന്നുവല്ലൊ! വ്യാഴാഴ്ച വൈകുന്നേരമായതുകൊണ്ടും ഔപചാരികമായ ചടങ്ങായതു കൊണ്ടും പലരുമായും സംവദിക്കാന്‍ പോലും ഒത്തില്ല.. പലര്‍ക്കും അന്ന് എത്താനും പറ്റിയില്ല.

പിന്നെ ഇപ്രാവശ്യത്തെ 'ഇന്‍ഡിക്‌ ബ്ലൊഗേര്‍സ്‌‌ അവാര്‍ഡ്‌' ജേതാവും യൂറോപ്യന്‍ സ്വപ്നങ്ങളുടെ രചയിതാവും, എല്ലാറ്റിനുമുപരി എല്ലാവരുടെയും പ്രിയങ്കരനുമായ ശ്രീ.കുറുമാനെ അനുമോദിക്കാന്‍ ഈ അവസരം നമുക്ക്‌ ഉപയൊഗിക്കാം. അതിനപ്പുറം മറ്റുപലതും..

അഭിപ്രായങ്ങള്‍ കമന്റുകളായി കുറിക്കുക. താഴെ പറയുന്ന കാര്യങ്ങള്‍ തീരുമാനിക്കണം:

1. സ്ഥലം
2. തീയതി
3. ദൈര്‍ഘ്യം
4. കാര്യപരിപാടികള്‍
5. മറ്റുള്ളവ...

കമന്റുകള്‍ മുഴങ്ങട്ടെ!!

Friday, March 09, 2007

കൊടകരപുരാണം പുസ്തകപ്രകാശനം ദാണ്ടേ [;)] ചിലപടങ്ങള്‍ കൂടി....
























ആരെയെങ്കിലും വിട്ടുപോയെങ്കില്‍ അതു മനപ്പൂറ്വം മാത്രം ഹാളിനകത്തുള്ള ബ്ളോഗറ്മാരിലധികം വാതിലിനു പുറത്തുള്ള ലിപ്ടന്‍ ചായക്കടയിലായതിനാല്‍ മനപ്പൂറ്വം ഈ കാമറ അവരെയൊക്കെ വിട്ടു കള്ഞ്ഞതാണ്...:
കോപ്പി റയിറ്റ് എനിക്കു മാത്രം !!!









http://video.google.com/videoplay?docid=-1651271001884355589

കാമറ സ്ക്രീനിലെ എക്സ്പോഷര്‍ വെബിലെ വീഡിയോവില്‍ കാണാന്‍ എന്തു ചെയ്യണം??? ... (മീന്സ് ചെമ ചെമ വെളുപ്പുള്ള സിദ്ദാര്‍ഥ ഗുരുവിനെ ആഫ്രിക്കാരനെപ്പോലെ കാണാതിരിക്കാന്‍ എന്തു ചെയ്യണം എന്നു- ടോറ്ച്ചുപയോഗിക്കാതെ!!! )




തലയില്‍ മുണ്ടിട്ട കൊടകരക്കാരന്‍ :)




അല്ലപ്പാ ദില്ബന്‍ വന്നില്ലേ പരിപാടിക്ക് ?!!!!!!
കൊടകരപുരാണത്തിലെ ചില കഥാപാത്രങ്ങള്‍ ചടങ്ങില്‍ ഉണ്ടായിരുന്നു !!!!!!!!!!!


ഷേക്കായതും "ഷേയിക്ക്" ഇല്ലാത്തതുമായ പടങ്ങളൊക്കെ ഇട്ടതു ചുമ്മാ കാണാന്‍ വേണ്ടി മാത്രം ... (ഫോട്ടോഗ്രാഫി മത്സരമല്ല എന്നറിഞ്ഞു കൊണ്ടു തന്നെ :)






കൊടകരപുരാണം പ്രകാശനം

കൊടകരപുരാണം പ്രകാശനം- (ഡി വി ഡി യുടെ സ്ക്രീന്‍ ക്യാപ്ചര്‍ ആണ് റെസൊല്യൂഷന്‍ കുറവ് ക്ഷമിക്കുക)

1. പുസ്തക പരിചയം- ശ്രീ. കുഴൂര്‍ വിത്സണ്‍

2. സ്വാഗത പ്രസംഗം- ശ്രീ. സിദ്ധാര്‍ത്ഥന്‍


3. അദ്ധ്യക്ഷന്‍- ശ്രീ. ഗന്ധര്‍വ്വന്‍

4. പുസ്തകത്തിലെ ഒരദ്ധ്യായം ശ്രീമതി മനീഷ പാരായണം ചെയ്യുന്നു

5. പ്രകാശനം- ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ (ശ്രീ. മോഹനന്‍ അരക്കുളത്തില്‍ ഏറ്റുവാങ്ങുന്നു)


6. ശ്രീ. കുരീപ്പുഴ കവിത ചൊല്ലുന്നു


7. ആശംസാ പ്രസംഗം - ശ്രീ. ചന്ദ്രസേനന്‍

8. ആശംസാ പ്രസംഗം -ശ്രീമതി സുഷ

9. ശ്രീ ടി. പി. അനില്‍ കുമാറിന്റെ കവിത.

10. യൂ. ഏ. ഈ ബ്ലോഗര്‍മാരുടെ തനതു കായിക വിനോദം- മുണ്ടിട്ടു പിടിക്കല്‍.

Thursday, March 08, 2007

കലേഷ് ഇന്ന് ഏഷ്യാനെററ് റേഡിയോയില്‍

ഏഷ്യാനെററ് 648 എ.എം. ലെ ഇന്നത്തെ ലുലു ന്യൂസ് അവറില്‍ വൈകീട്ട് 7.20 നും 7.40 നും ഇടയില്‍ കലേഷ് ഓണ്‍ലൈനില്‍ സംസാരിക്കുന്നു.

Tuesday, March 06, 2007

കൊടകരപുരാണം പുസ്തകപ്രകാശനച്ചടങ്ങ്


സുഹൃത്തുക്കളേ,

ഈ വരുന്ന വ്യാഴാഴ്ച (8/3/2007) വൈകുന്നേരം 8 മണിയ്ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് വിശാലമനസ്കന്റെ കൊടകരപുരാണം പുസ്തക പ്രകാശനച്ചടങ്ങ് താഴെ പറയുന്ന വിധം നടത്താന്‍ ഉദ്ദേശിക്കുന്നു.

1. സ്വാഗത പ്രസംഗം- ശ്രീ.സജിത്ത് യൂസഫ് (സിദ്ധാര്‍ത്ഥന്‍)
2. അദ്ധ്യക്ഷപ്രസംഗം- ശ്രീ. മാത്യൂസ് (പ്രസിഡന്റ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍)
3. പുസ്തക പരിചയം- ശ്രീ.കുഴൂര്‍ വിത്സണ്‍
4. പുസ്തകപ്രകാശനം- ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ (ശ്രീ.മോഹന്‍ അരക്കുളത്തില്‍ പുസ്തകം ഏറ്റ് വാങ്ങുന്നു)
5. ആശംസാ പ്രസംഗം
ശ്രീ.ചന്ദ്രസേനന്‍ (Programme Director, Asianet Radio 648 AM)
ശ്രീ. എം.സി.നാസര്‍ (Madhyamam)
ശ്രീ. മൊയ്തീന്‍ കോയ (Jeevan TV)
ശ്രീ. ഷാബു (Hit FM)
ശ്രീ. നിഷാദ് കൈപ്പള്ളി
ശ്രീ. റിയാസ് ബാബു (Khaleej Times)
ശ്രീമതി. സുഷ ജോര്‍ജ്ജ് (Daffodils group)
6. മറുപടി പ്രസംഗം: ശ്രീ.സജീവ് എടത്താടന്‍ (വിശാലമന‍സ്കന്‍)
7. നന്ദി പ്രകാശനം: ശ്രീ.പ്രസീദ് (കണ്ണൂസ്)

യു.ഏ.ഇയിലെ പ്രസിദ്ധ ഗായിക ശ്രീമതി.മനീഷ വേദി കൈകാര്യം ചെയ്യുന്നു.
യു.ഏ.ഇ കൊടകര അസോസിയേഷന്‍, ഡാഫോഡിത്സ് ഗ്രൂപ്പ് എന്നിവര്‍ ശ്രീ.വിശാലമനസ്കന് പുരസ്കാരം നല്‍കുന്നു.

നിങ്ങള്‍ ഏവരുടേയും മഹനീയ സാനിധ്യം പ്രതീക്ഷിക്കുന്നു.

Thursday, February 22, 2007

‘കൊടകര പുരാണം’ പുസ്തക പ്രകാശനം

സുഹൃത്തുക്കളേ,

ശ്രീ. വിശാലമനസ്കന്റെ ‘കൊടകരപുരാണം’ പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയ വിവരം നമ്മളെല്ലാവരും അറിഞ്ഞതാണല്ലോ.

യൂ. എ. ഇ. യിലെ പുസ്തകപ്രകാശനവും അനുബന്ധ പരിപാടികളും ഈ വരുന്ന മാര്‍ച്ച് 8-ന് (08/03/2007) വ്യാഴാഴ്ച വൈകുന്നേരം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ വിശാലമായ‍ ഹാളില്‍ വെച്ച് നടത്താന്‍ പരിപാടിയിട്ടിരിക്കുന്നു.

ട്രാഫിക്കിന്റെയും സ്ഥലസൌകര്യത്തിന്റേയും കാര്യങ്ങള്‍ കണക്കിലെടുത്താണ് ഈ വെന്യു തീരുമാനിച്ചത്. കാര്യപരിപാടികളും സമയവും വഴിയേ തീരുമാനമാവുന്നതിനനുസരിച്ച് പോസ്റ്റ് ചെയ്യുന്നതായിരിക്കും.

അപ്പോള്‍ പരിപാടി, 08/03/2007 വ്യാഴാഴ്ച വൈകുന്നേരം. മറക്കല്ലേ....

Sunday, January 14, 2007

ഇന്ന് വീണ്ടുമൊരു യു.എ.ഇ ബ്ലോഗ് മീറ്റ് -ഇന്ത്യന്‍

ബൂലോക കൂടപ്പിറപ്പുകളേ.

ഇന്തോ-അറബ് കല്‍ച്ചറല്‍ ഫെസ്റ്റ് -2007 നോടനുബന്ധിച്ച് ജനുവരി 15 തിങ്കളാഴ്ച ഇന്ഡ്യന്‍ കോണ്‍സുലേറ്റ് ഹാള്‍ ദുബായിയില്‍ വച്ച് സന്ധ്യയ്ക്ക് 7.30 ന് ഗംഭീര പരിപാടികള്‍!!

1.
ഇന്ററാക്ഷന്‍ വിത്ത് റൈറ്റേഴ്സ് & മീഡിയ പേഴ്സണ്‍സ്
പങ്കെടുക്കുന്നവര്‍: സക്കറിയ, സാറാ ജോസഫ്, മേതില്‍ രാധാകൃഷ്ണന്‍, ഇ.പി രാജഗോപാലന്‍, ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ബെന്യാമിന്‍

2.
സാംസ്കാരിക സമ്മേളനം:
ഉദ്ഘാടനം: സക്കറിയ
വേദിയില്‍: സാറാ ജോസഫ്, മേതില്‍ രാധാകൃഷ്ണന്‍, ഇ.പി രാജഗോപാലന്‍, ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ബെന്യാമിന്‍

3.
ഓപ്പണ്‍ ഫോറം: മേല്‍ വിവരിച്ച സാഹിത്യ-സാംസ്കാരിക വ്യക്തിത്വങ്ങളുമായി സംവദിക്കാന്‍
നമുക്കൊരു അവസരം.

4.
ഇന്തോ അറബ് പോയിട്രി ഫെസ്റ്റ് -മുഷാഹിര

പ്രശസ്ത യു.എ.ഇ കവികളാ‍യ നുജൂം ഗാനിം, ഖാലിദ് ബദര്‍, ആതില്‍ ഹൊസ്സാം, ഷിഹാബ് ഗാനിം, ഹംദാ കമ്മീസ് എന്നിവരോടൊപ്പം മേതില്‍ രാധാകൃഷ്ണന്‍, ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, രാം മോഹന്‍, ടി.പി അനില്‍ കുമാര്‍, സിന്ധു മനോഹരന്‍, കുഴൂര്‍ വിത്സന്‍, അനൂപ് ചന്ദ്രന്‍.

അറബി കവിതകളുടെ മലയാള വിവര്‍ത്തനം ശ്രീ അനൂപ് ചന്ദ്രന്‍ അവതരിപ്പിക്കുന്നതയായിരിക്കും.

ഓടോ: ഇതു വരെ 25 ബൂലോക കൂടപ്പിറപ്പുകള്‍ എത്തിച്ചേരാം എന്ന് സമ്മതിച്ചിട്ടുണ്ട്. ചുളുവില്‍ ഒരു മീറ്റിനുള്ള അവസരവും, ബൂലോഗത്തിന്റെ വെള്ളക്കൊടി അവിടെ പാറിക്കാനുള്ള ഒരു അവസരവും.

ബ്ലോഗര്‍ മീറ്റ്‌ c/o IACF

പോയത്‌ ഇന്‍ഡോ അറബ്‌ കള്‍ച്ചറല്‍ ഫെസ്റ്റിവലിനായിരുന്നുവെങ്കിലും, ഒരു ബൂലോഗ മീറ്റിന്റെ വീക്ഷണകോണിലാണ്‌ ഞാന്‍ ഇതെഴുതുന്നത്‌. കാരണം, മീറ്റിനെപ്പറ്റിയും ചര്‍ച്ചകളെപ്പറ്റിയും ഒക്കെ ഇവിടെ സുന്ദരമായും ആധികാരികമായും പുലികള്‍ എഴുതും എന്നതു തന്നെ.

മുടിഞ്ഞ ട്രാഫിക്ക്‌ കാരണം വൈകിയാണ്‌ വീട്ടിലെത്തിയത്‌ എന്നതു കൊണ്ടുതന്നെ പുറപ്പെടാനും അരമണിക്കൂറോളം വൈകി. ബൂലോഗത്തെ പുലികളുടെ കൂടെ യാത്ര ചെയ്യുന്നതിലുള്ള ത്രില്‍ വൈകുന്നേരം മുതല്‍ തന്നെ ഉണ്ടായിരുന്നു. ആദ്യം പിക്ക്‌ ചെയ്തത്‌ വിശാലനെയാണ്‌. പുലിക്ക്‌ ചേരുന്ന ഒരു പുള്ളിക്കുപ്പായമൊക്കെ ഇട്ടായിരുന്നു വിശാലന്റെ വരവ്‌. കയ്യിലാവട്ടെ, ഒരു കുന്ന് തീറ്റിസാധനങ്ങളും. പത്തു മിനിറ്റിനുള്ളില്‍ ഏറനാടനും കൂടി ഞങ്ങള്‍ക്കൊപ്പം. ട്രാഫിക്ക്‌ ബാധിച്ചത്‌ കൊണ്ട്‌ കുറുമാനും അല്‍പം വൈകിയാണെത്തിയത്‌. റഷ്യയില്‍ നിന്ന് വന്ന അതേ സ്റ്റൈലില്‍ ആയിരുന്നു കക്ഷി. കയ്യില്‍ വീഡിയോ ക്യാമറ കണ്ടപ്പോള്‍ എല്ലാരും മീറ്റിന്റെ മൂവി കാണാമല്ലോ ഇനി എന്ന് സന്തോഷിച്ചെങ്കിലും, ബാഗിനുള്ളില്‍ സാധനം വേറെയായിരുന്നു എന്നറിയാന്‍ അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല.

കുറുമാന്റേയും ബാഗിനുള്ളിലെ കൂട്ടുകാരന്റേയും വരവോടെ രംഗം ചൂടുപിടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ബൂലോഗത്തെ പുതിയ വിവാദങ്ങളും, വിശാലന്റെ ഏഷ്യാനെറ്റ്‌ അഭിമുഖത്തിന്റെ ഷൂട്ടിംഗ്‌ വിശേഷങ്ങളും കുറുമാന്റെ യൂ.പ. പതിനൊന്നിന്റെ കാണാപ്പുറങ്ങളും ഒക്കെ ചര്‍ച്ച ചെയ്ത്‌ അബുദാബി എത്തിയത്‌ തന്നെ അറിഞ്ഞില്ല. ഇടക്ക്‌ ദില്‍ബാസുരന്‍, സിദ്ധാര്‍ത്ഥന്‍ എന്നിവരെ വിളിച്ച്‌ അവര്‍ എവിടെയെത്തി എന്ന് ഉറപ്പാക്കുന്നുണ്ടായിരുന്നു. സിറ്റിയില്‍ എത്തിയ ശേഷം സങ്കുചിതന്റെ സഹായത്തോടെ നാഷണല്‍ തിയേറ്റര്‍ കൃത്യമായി കണ്ട്‌ പിടിച്ച്‌ ഞങ്ങള്‍ എത്തിയപ്പോഴേക്കും സമയം എട്ടരയായിരുന്നു.

അധികം ആള്‍ത്തിരക്ക്‌ ഇല്ലാതിരുന്നതിനാല്‍ ബൂലോഗരെ കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. കൈപ്പള്ളി, സാക്ഷി, ദില്‍ബന്‍, പെരിങ്ങോടന്‍, അനിയന്‍സ്‌ എന്നിവരൊക്കെ ഒന്നിച്ചു തന്നെ ഇരിപ്പുണ്ടായിരുന്നു. ഞങ്ങള്‍ എത്തിയപ്പോള്‍ യു.എ.ഇ.യിലെ പ്രമുഖ വ്യവസായിയും കലാ-സാംസ്‌കാരിക-കായിക രംഗത്തെ സജീവ സാനിനിധ്യവുമായ ബി.ആര്‍.ഷെട്ടിയുടെ ആശംസാ പ്രസംഗം നടക്കുകയായിരുന്നു. അതിനു ശേഷം അടൂരിന്റെ കാര്യമാത്ര പ്രസക്തമായ പ്രസംഗമായിരുന്നു. തുടര്‍ന്ന് അറബ്‌ കവികള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഭൂരിഭാഗം സദസ്സിനോടൊപ്പം ഞങ്ങളും വെളിയിലിറങ്ങി. (ബെസ്റ്റ്‌ സാംസ്‌കാരിക വിനിമയം!!)

വെളിയിലിറങ്ങി മറ്റു ബൂലോഗരെ തെരഞ്ഞു പിടിക്കാനുള്ള ശ്രമമായിരുന്നു. സിദ്ധാര്‍ത്ഥന്‍ വിളിച്ച്‌ അവരും താഴേക്ക്‌ വരുന്നുവെന്ന് അറിയിച്ചു. ഇതിനിടയില്‍ കുറേ അറബിപ്പിള്ളേരെ കൂട്ടു കിട്ടിയ കുറുമാന്‍ അവരോടൊപ്പം ഫുട്ബാള്‍ കളിക്കാന്‍ തുടങ്ങിയിരുന്നു. സിദ്ധാര്‍ത്ഥനോടൊപ്പം മിക്കവാറും എല്ലാവരും ഇതിനിടയില്‍ താഴേക്ക്‌ എത്തിയിരുന്നു. അത്തിക്കുറിശ്ശി, തമനു, പുഞ്ചിരി, ഇടങ്ങള്‍ എന്നിവരെ ഞാന്‍ ആദ്യമായായിരുന്നു കാണുന്നത്‌. ഇതിനിടയില്‍ ദേവനും എത്തി. കൂടെയുണ്ടായിരുന്ന അതുല്ല്യേച്ചിയേയും അപ്പുവിനേയും എന്തോ ആദ്യമായി കാണുകയാണെന്ന് ഒരു തോന്നലേ ഉണ്ടായില്ല എന്നതാണ്‌ സത്യം. രാധേയനും എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ്‌ മാറിനില്‍ക്കുകയായിരുന്ന പുള്ളിയേയും തപ്പിപ്പിടിച്ച്‌ പരിചയപ്പെട്ടു.

അനൌപചാരിക പരിചയപ്പെടലും പരിചയം പുതുക്കലും ഒക്കെ കഴിഞ്ഞപ്പോഴേക്കും സമയം 10.30 മണി കഴിഞ്ഞിരുന്നു. കുറുമാന്‍ ചെണ്ട കൊണ്ടുവന്നില്ലെങ്കിലും ഭക്ഷനത്തിന്റെ ഉത്തരവാദിത്തം ഏറ്റ സാക്ഷി ഒരു ചെണ്ടയായി മാറാനുള്ള സാധ്യത അടുത്തു വരികയായിരുന്നു. എന്തായാലും ഭക്ഷണം റെഡിയായെന്നും നീങ്ങാമെന്നുമുള്ള സാക്ഷിയുടെ അറിയിപ്പ്‌ കിട്ടിയപ്പോള്‍ ആ ടെന്‍ഷന്‍ അവസാനിച്ചു. ഇതിനിടയില്‍ ദേവന്‍ & പാര്‍ട്ടി മടങ്ങി പോവുകയാണെന്ന് അറിയിച്ചു. തമനുവും അവരോടൊപ്പം കൂടി.

അബുദാബി ക്രീക്കിനടുത്തുള്ള ഒഴിഞ്ഞ ഒരു സ്ഥലത്തായിരുന്നു ഞങ്ങള്‍ ഡിന്നറിനായി ഒത്തു കൂടിയത്‌. നറും നിലാവും, ഇളം കാറ്റും, തടാകക്കരയും, സൌഹൃദവും ഒക്കെ ഒത്തു ചേര്‍ന്ന അവസരത്തില്‍ വിശാലന്റെ നേതൃത്വത്തില്‍ പാട്ട്‌ തുടങ്ങിയത്‌ തികച്ചും സ്വാഭാവികമായിരുന്നു. ഇതിനിടക്ക്‌, ഇരുട്ടത്ത്‌ തടാകത്തിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച സിദ്ധാര്‍ത്ഥനെ കൈപ്പള്ളി തെറി പറയുന്നുണ്ടായിരുന്നു. ഭക്ഷണം ഹൃദ്യമായിരുന്നു.ഭക്ഷണശേഷം എങ്ങോട്ടു പോകണം എന്നത്‌ ചെറിയ ഒരു ആശയക്കുഴപ്പമുണ്ടാക്കിയ കാര്യമായിരുന്നു. അവസാനം, അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും എല്ലാവരും ബെന്യാമിന്റെ മുറിയില്‍ കൂടാം എന്ന് തീരുമാനമായി. (ചില കൊച്ചു പയ്യന്‍മാര്‍ അവിടെ നിന്ന് ഒതുക്കത്തില്‍ സ്കൂട്ട്‌ ആയത്‌ ചേട്ടന്‍മാര്‍ ശ്രദ്ധിച്ചിരുന്നുവെന്ന് അറിയിക്കട്ടെ).

പെരിങ്ങോടന്റെ വണ്ടിയില്‍ കയറിയ സാക്ഷി വഴികാട്ടിയായി ബാക്കി മൂന്ന് വണ്ടികളും പിന്തുടര്‍ന്നുവെങ്കിലും വിശാലന്റെ അയ്യപ്പഭക്തി ഗാനങ്ങള്‍ അലതല്ലിക്കൊണ്ടിരുന്ന കണ്ണൂസിന്റെ വണ്ടി മാത്രമേ വഴി തെറ്റിക്കാതിരുന്നുള്ളൂ. കൈപ്പള്ളിയും സിദ്ധാര്‍ത്ഥനും അല്‍പ്പം വൈകിയെങ്കിലും എത്തിച്ചേര്‍ന്നതോടെ എല്ലാവരും ചേര്‍ന്ന് ബെന്യാമിന്റെ ഫ്ലാറ്റിലേക്ക്‌ പോയി.

മേതില്‍ രാധാകൃഷ്ണനും, സി.പി.കരുണാകരനും, കവിയും സംഘാടകരില്‍ ഒരാളുമായ സര്‍ജു ചാത്തന്നൂരും സംസാരിച്ചു കൊണ്ടിരുന്നതിനിടയിലേക്കാണ്‌ ബ്ലോഗര്‍ വെട്ടുകിളികള്‍ പറന്നിറങ്ങിയത്‌. അപരിചിതത്വത്തിന്റെ അംശം പോലുമില്ലാതെ അവര്‍ ഞങ്ങളെ സ്വീകരിച്ചു. അവരുടെ സംഭാഷണത്തില്‍ ഞങ്ങളും ഭാഗഭാക്കായത്‌ തികച്ചും സ്വാഭാവികമായിരുന്നു. കുവൈറ്റിലെ പ്രവാസകാലത്ത്‌ പരിചയപ്പെട്ടതു മുതലുള്ള രസകരമായ അനുഭവങ്ങള്‍ മേതിലും കരുണാകരനും പങ്കു വെച്ചു.

ഫെസ്റ്റിവലിന്റെ പ്രധാന തീം ആയ ഇന്‍ഡോ-അറബ്‌ സാംസ്‌കാരിക പങ്കുവെക്കല്‍ വിഷയമായി വന്നപ്പോഴാണ്‌ ചര്‍ച്ചകള്‍ ഗൌരവപരമായ ഒരു തലത്തിലേക്ക്‌ കടന്നത്‌. അറബുകളുടെ യുദ്ധനൃത്തത്തെ " വടിയും കോലും വെച്ചുള്ള ചാട്ടം" എന്നാരോ പറഞ്ഞത്‌ കൈപ്പള്ളിയെ പ്രകോപിപ്പിച്ചു. വാര്‍ ഡാന്‍സിന്റേയും, മുക്കുവരുടെ നൃത്തത്തിന്റേയും ശൈലിയും, അതിനു പുറകിലുള്ള മിത്തുകളും കൈപ്പള്ളി സരസമായി പറഞ്ഞു കേള്‍പ്പിച്ചു. സ്വന്തം സംസ്കാരത്തെ സാംശീകരിക്കാനോ, മനസ്സിലാക്കാനോ തന്നെ തയ്യാറില്ലാത്ത മലയാളികള്‍ മറ്റുള്ളവരുടെ സംസ്കാരത്തെ പുച്ഛിക്കുന്നത്‌ ശരിയല്ല എന്ന് മേതില്‍ നിരീക്ഷിച്ചു. നമ്മുടെ സ്വന്തം സംസ്കാരത്തിലോ, പുരാണങ്ങളിലോ, മുത്തശ്ശിക്കഥകളിലോ ഒക്കെ വളര്‍ന്ന് വരുന്ന തലമുറക്ക്‌ താത്‌പര്യം ഇല്ലാതെ പോവുന്നതിന്‌, മാധ്യമങ്ങളുടേയും തലമുറകളുടെ വിടവിന്റേയും മേല്‍ പഴിചാരുന്നതില്‍ അര്‍ത്ഥമില്ല എന്നും, അവര്‍ക്ക്‌ ഇത്‌ ഭംഗിയായി വിവരിച്ചു കൊടുക്കുന്നതിനോ താത്‌പര്യം ജനിപ്പിക്കുന്നതിലോ നമ്മുടെ തലമുറയുടെ കഴിവുകുറവിനേയാണ്‌ പഴിക്കേണ്ടത്‌ എന്ന കൈപ്പള്ളിയുടെ വാദം മേതിലും കരുണാകരനും ബെന്യാമിനും സര്‍വ്വാത്‌മനാ അംഗീകരിച്ചു.

സംവാദം കാലികരാഷ്ട്രീയത്തിലേക്ക്‌ വഴിമാറിയപ്പോള്‍ സദ്ദാം കേന്ദ്രബിന്ദുവായത്‌ സ്വാഭാവികം മാത്രം. തങ്ങളുടെ കാര്യങ്ങള്‍ക്ക്‌ മുട്ടില്ലാതെ ഇരിക്കണമെന്നും, എല്ലാ കാര്യങ്ങളും കോക്ക്‌ മെഷീനില്‍ നാണയം ഇടുമ്പോള്‍ വരുന്ന ബോട്ടില്‍ പോലെ സുഗമമായിരിക്കണമെന്നുള്ള അരാഷ്ടീയതയാണ്‌ കേരളീയരുടെ സദ്ദാം അനുകൂല മനോഭാവത്തിന്റെ കാതലായ വശം എന്ന് കരുണാകരന്‍ വാദിച്ചു. ഈ ഒരു അരാഷ്ട്രീയത, അപകടകരമാണെന്നും പല രാജ്യങ്ങളിലും സ്വേച്ഛാധിപത്യത്തിന്റെ വിത്തുപാകിയത്‌ ഇതായിരുന്നുമെന്നും മേതിലും അഭിപ്രായപ്പെട്ടു. കേരളത്തിലെ അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള സാഹചര്യം ഉദാഹരിച്ച്‌ ബെന്യാമിനും ഇതിനെ പിന്തുണച്ചു. കൈപ്പള്ളിയും, ഗന്ധര്‍വനും, പെരിങ്ങോടനും ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന വര്‍ഗീയത കൂടി ചൂണ്ടിക്കാണിച്ച്‌ സംവാദത്തിന്‌ കൊഴുപ്പ്‌ കൂട്ടിയതോടു കൂടി പലവാദങ്ങളോടും യോജിക്കാതിരുന്ന ഒരു എലിക്ക്‌ ആറു പുലികളോട്‌ നേരിടാന്‍ കഴിയാതെ മാളത്തിലൊളിക്കേണ്ടി വന്നു.

ഇതിനിടക്ക്‌, സദ്ദാമിന്റെ കുവൈറ്റ്‌ അധിനിവേശത്തിന്‌ മുന്‍പെ ഇറാഖിലും, മറ്റു പല ഗള്‍ഫ്‌ രാജ്യങ്ങളിലും, യൂറോപ്പ്പിലും ഒക്കെ ജോലി ചെയ്തിരുന്ന ഒരു മാന്യദേഹം (ഇദ്ദേഹത്തിന്റെ പേരറിയില്ല, അറിയാവുന്നവര്‍ എഴുതുക), തന്റെ അനുഭവങ്ങളെ പിന്‍ബലമാക്കി സദ്ദാമിന്റെ ഇറാഖ്‌ ഒരു പുരോഗമന രാജ്യമായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും അത്‌ ക്ലിക്ക്‌ ആയില്ല.

തുടര്‍ന്ന്, ചര്‍ച്ച കേരളത്തിലെ ബന്ദിലേക്കും ഹര്‍ത്താലിലേക്കും വഴി മാറിയതോടെ കര്‍ശനമായ ചില രാഷ്ട്രീയ പരാമര്‍ശങ്ങള്‍ വന്നത്‌ (ബ്ലോഗര്‍മാരില്‍ നിന്നല്ല) ചര്‍ച്ചയുടെ സുഗമമായ വികാസത്തിന്‌ തടസ്സം സൃഷ്ടിച്ചു. കൃത്യമായ രാഷ്ട്രീയചായ്‌വുള്ള ഒരു സംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടികളില്‍ രാഷ്ട്രീയചര്‍ച്ചകള്‍ എവിടേയുമെത്തില്ല എന്ന തിരിച്ചറിവ്‌ കൊണ്ടാവണം പക്വമതികളായ മേതില്‍ സറും, കരുണാകരന്‍ സറും യാത്ര പറഞ്ഞു പിരിഞ്ഞു. പിറ്റേന്ന് അവര്‍ക്ക്‌ പങ്കെടുക്കാനുള്ള പൊതു പരിപാടികളുണ്ട്‌ എന്നത്‌ കൂടി കണക്കിലെടുക്കുമ്പോള്‍ അവര്‍ ഞങ്ങള്‍ക്ക്‌ തന്ന സമയത്തിന്റെ വില തന്നെ അമൂല്യം. രണ്ട്‌ പേര്‍ക്കും ബ്ലോഗര്‍മാരുടെ പേരില്‍ അകൈതവമായ നന്ദി പറയാന്‍ കൂടി ഈ അവസരം വിനിയോഗിക്കട്ടെ. (ഉറക്കം വരുന്നില്ല, കുറച്ചുകൂടി കഴിഞ്ഞു പോവാം എന്ന് പറഞ്ഞ്‌ ഞങ്ങളുടെ കൂടെ തുടര്‍ന്ന ബെന്യാമിന്‌ നന്ദി വേറെ പറയുന്നില്ല. ബെന്യാമിന്‍ നമ്മളിലൊരാള്‍ തന്നെയാണല്ലോ.)

മേതിലും സി.പി.യും പോയിക്കഴിഞ്ഞപ്പോള്‍ വേദി ബൂലോഗത്തിന്റെ മാത്രമായി. ചര്‍ച്ചകളും കുറച്ചു കൂടി സ്പെസിഫിക്ക്‌ ആയ വിഷയങ്ങളിലേക്കൊതുങ്ങി. സമൂഹത്തിന്റെ ക്രോസ്സ്‌ സെക്ഷന്‍ തന്നെയാണ്‌ നമ്മള്‍ എന്നിരിക്കെ "ബ്ലോഗര്‍" എന്ന ചേരിതിരിവിന്റെ നിരര്‍ത്ഥകതയെക്കുറിച്ച്‌ കൈപ്പള്ളി ഓര്‍മ്മിപ്പിച്ചു. ബൂലോഗത്തെ പല സംവാദങ്ങളും പാളം തെറ്റുന്നതിനെക്കുറിച്ചും ചര്‍ച്ചകളുണ്ടായി. സംവാദം നിയന്ത്രിക്കേണ്ടത്‌ ബ്ലോഗ്‌ ഉടമ തന്നെയാണെന്ന് കൈപ്പള്ളിയുടെ സ്വന്തം ബ്ലോഗിലുള്ള ഇടപെടലുകളും ചന്ത്രക്കാരന്റെ "ബ്ലോഗിന്റെ രാഷ്ട്രീയ"ത്തിലുള്ള മോഡറേഷനുകളും ചൂണ്ടിക്കാട്ടി ഒരു വിഭാഗം വാദിച്ചെങ്കിലും, അതിന്‌ ഉത്തരവാദിത്തമുള്ള വായനക്കാര്‍ക്കും ബാധ്യതയുണ്ട്‌ എന്ന അഭിപ്രായമായിരുന്നു എനിക്ക്‌.

പെരിങ്ങോടന്റെ "സ്ത്രീപക്ഷം" എന്ന കഥയില്‍ ഒരു സംവാദം തുടങ്ങിക്കൊണ്ട്‌ പെരിങ്ങോടന്റെ ഭാഷയേയും ആശയത്തേയും വര്‍ത്തമാന വായന കാര്യമായി സ്വാധീനിക്കുന്നുണ്ട്‌ എന്ന് ബെന്യാമിന്‍ സമര്‍ത്ഥിച്ചു. പൊതുവേ, എല്ലാവരും ഇതിനെ അനുകൂലിക്കുന്നതാണ്‌ കണ്ടത്‌. (പെരിങ്ങോടന്‍ ഉള്‍പ്പടെ). സ്ത്രീപക്ഷത്തില്‍ പെരിങ്ങോടന്‍ നല്‍കിയ മിത്തുകളുടെ റെഫറന്‍സ്‌ - അവ റാസ്‌പുച്ചിനെ വധിച്ചവര്‍ മെനഞ്ഞതാണ്‌ എന്ന ഒരു വാദം നിലവിലുള്ളതിനാല്‍ - ഒഴിവാക്കിയിരുന്നുവെങ്കില്‍ കഥക്ക്‌ വായനക്കാരുടെ ഭാഗത്ത്‌ നിന്നുള്ള പുനര്‍വായനക്ക്‌ കൂടുതല്‍ സാധ്യത നല്‍കുമായിരുന്നുവെന്ന് കണ്ണൂസ്‌ വാദിച്ചു. ഇതിനിടയില്‍ ബെന്യാമിന്‍ താന്‍ എഴുതിയ " അബിശഗീന്‍" എന്ന ലഘു നോവല്‍ എല്ലാവര്‍ക്കും സ്നേഹപൂര്‍വം വിതരണം ചെയ്തു.

തിരക്ക്‌ കാരണം കൂടെച്ചേരാന്‍ താമസിച്ച സങ്കുചിത മനസ്കന്‍, അനില്‍ കുമാര്‍, സുനില്‍ സലാം എന്നീ മൂന്നാമിടം ടീമിലെ ബ്ലോഗര്‍മാര്‍ കൂടി എത്തിച്ചേര്‍ന്നതോട്‌ കൂടി അരങ്ങ്‌ കൊഴുത്തു. അനിലും, ഇടങ്ങളും, സങ്കുവും തങ്ങളുടെ കവിതകള്‍ അവതരിപ്പിച്ചു. അനൂപ്‌, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ "ശംഖുമുഖം" എന്ന കവിത സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയെങ്കിലും, ഇടക്കു വെച്ചു നിര്‍ത്തി പോകേണ്ടി വന്നു. കവിതയില്‍ നിന്ന് രംഗം സിദ്ധാര്‍ത്ഥന്റെ നേതൃത്വത്തില്‍ പഴയ ഗാനങ്ങളിലേക്കും, അവിടെ നിന്ന് അന്തിക്കടപ്പുറത്തും, രാമകഥാ ഗാനലയവും ഉള്‍പ്പടെയുള്ള ഫാസ്റ്റ്‌ നമ്പറുകളിലേക്കും വഴിമാറി. വിശാലന്‍ കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ ഭംഗിയായി പാടി. എല്ലാത്തിനും അകമ്പടി സേവിച്ചു കൊണ്ട്‌ കുറുമാന്റേയും അനിലിന്റേയും വക ഡബിള്‍ തായമ്പകയുമുണ്ടായിരുന്നു. നാടന്‍ പാട്ടുകളും, അതിനോട്‌ ചേരുന്ന ചുവടുകളുമായി കെ.എസ്‌.സി.യിലെ നൌഫല്‍ കൂടി വന്നതോട്‌ കൂടി കിഴക്ക്‌ വെള്ള കീറിയത്‌ ആരുമറിഞ്ഞില്ല.

ഉറങ്ങിയത്‌ 6 മണി കഴിഞ്ഞിട്ടാവണം. തിരിച്ചു പോവുമ്പോള്‍ ക്ഷീണം കാരണം വണ്ടിയോടിക്കാന്‍ കഴിഞ്ഞില്ല, വിശാലനാണ്‌ സദയം ആ പണി ഏറ്റെടുത്തത്‌. വണ്ടിയിലിരുന്ന് ഉറങ്ങിയത്‌ കാരണം ഗന്ധര്‍വന്റേയും വിശാലന്റേയും ഏറനാടന്റേയും ചര്‍ച്ചകളിലും പങ്കെടുക്കാന്‍ പറ്റിയില്ല. അതിലും വലിയ സങ്കടമാണ്‌ ശനിയാഴ്ച്ചത്തെ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ തോന്നുന്നത്‌. തുടര്‍ന്ന് നടന്ന മാമാങ്കങ്ങളെക്കുറിച്ച്‌ പങ്കെടുത്തവര്‍ എഴുതാന്‍ കാത്തിരിക്കുന്നു ഞാനും.

നല്ലൊരു കൂടിക്കാഴ്ച്ചക്ക്‌ എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി പറയട്ടെ. ആരുടെയെങ്കിലും പേര്‌ വിട്ടു പോയിട്ടുണ്ടെങ്കില്‍ അത്‌ മനപൂര്‍വമല്ലെന്ന് മനസ്സിലാക്കി ക്ഷമിക്കുക. ഒരു റെഫറന്‍സും ഇല്ലാതെ ഓര്‍മ്മയില്‍ നിന്ന് മാത്രം എഴുതുന്നതാണ്‌.

Wednesday, January 10, 2007

സാംസ്ക്കാരിക സമ്മേളനവും മീറ്റും

ഇവിടെ പറയപ്പെട്ട ഇന്‍ഡൊ അറബ് സാംസ്ക്കാരിക സമ്മേളനവുമായി ബന്ധപ്പെട്ടു്, പതിനൊന്നാം തീയതി, അതായതു് നാളെ, വൈകീട്ടു് നമുക്കെല്ലാവര്‍ക്കും തമ്മില്‍ കാണാമെന്നു കരുതുന്നു. അബുദാബിയിലെത്തുന്നവര്‍ അവിടെ 7.30 ക്കു തന്നെ എത്താന്‍ ശ്രമിക്കുക. ദുബായ്, ഷാര്‍ജ, ഉമ്മുല്‍ക്കുവൈന്‍‍, റാസ് അല്‍ ഖോര്‍, ഫുജൈറ(?) മുതലായ എമിറേറ്റുകളിലുള്ളവര്‍ വാഹന സൌകര്യങ്ങള്‍ ലഭിക്കുന്നതിനും പങ്കു വക്കുന്നതിനും മറ്റു വിശദവിവരങ്ങള്‍ക്കും സിദ്ധാര്‍ത്ഥനേയോ ദില്‍ബാസുരനേയോ ബന്ധപ്പെടുക. ഇവന്മാരുടെ ചെലവാകാത്ത നമ്പരുകള്‍ താഴെ.

സിദ്ധാര്‍ത്ഥന്‍: 0505455976
ദില്‍ബാസുരന്‍: 0508972301

സകലമാന ബൂലോകരും പരിപാടിയില്‍ പങ്കെടുക്കുകയും താല്പര്യമുള്ള ജനങ്ങളെ പങ്കെടുപ്പിക്കുകയും ചെയ്യണമെന്നു് താല്പര്യപ്പെടുന്നു.

പീസ്: പരിപാടി കഴിഞ്ഞു് എല്ലാവരും ചേര്‍ന്നൊരു ഡിന്നര്‍ സാക്ഷി അറേഞ്ചു് ചെയ്യുന്നുണ്ടെന്നാണു് ശ്രുതി. അതിലേക്കു കൂടി കരുതി വേണം സഹൃദയര്‍ പുറപ്പെടാന്‍ എന്നിതിനാലോര്‍മ്മിപ്പിച്ചു കൊള്ളുന്നു.

എന്നു് വിധേയന്‍
ഒപ്പു്

കാര്യപരിപാടികള്‍ വെബ്സൈറ്റില്‍ നിന്നറിയാന്‍ കഴിയാഞ്ഞവര്‍ക്കായി ഇതാ ദില്‍ബന്‍ കോപ്പിറൈറ്റ് വയലറ്റാക്കി ഇവിടെ പ്രസിദ്ധീകരിക്കുന്നു.

Programme
11th January 2007, Thursday - 7:00p.m
Venue: Emirates Writers Union (National Theatre Abu Dhabi)

Inaugural function: 7: 30 - 9:00 pm
Prominent Guests: Adoor Gopalakrishnan, Chandra Mohan Bhandari ,Hareb Al Dhaheri, Paul Zacharia, Al Saad Al Manhali ,K.G. Sankarapillai, Dr. Shihab Ghanem, Maythil Radhakrishnan,Ali Kenham, Karunakaran, E.P. Rajagopalan, Shakir Noori, Anwar Kateeb, Mohd Walid Abdi, M.A. Yusuf Ali, B.R. Shetty,Dr. Raja Balakrishanan, K.B.Murali, Shihabuddeen Poithumkadav.

Indo-Arab Musical Concert: 9:00p.m

Cultural programme : 9:30p.m.

ഇത്രയുമാണ് നാളത്തെ പരിപാടികള്‍. എതായാലും ധാരാളം ബൂലോഗര്‍ ഇത് കാണാന്‍ അബുദാബിയില്‍ വരുന്നുണ്ട് , എന്തായാലും ഇതൊക്കെ കണ്ടു കഴിഞ്ഞാല്‍ വിശപ്പ് വരാന്‍ സാധ്യത ഉണ്ട്. അങ്ങനെയാണെങ്കില്‍ പലരും പല ഭക്ഷണശാലകളില്‍ പോകുന്നതിന് പകരം ഒരുമിച്ച് കൂടി ഭക്ഷണവും കഴിയ്ക്കാം മീറ്റും ഒടിയ്ക്കാം എന്നാണ് പ്ലാന്‍. ഇതിങ്കലേയ്ക്കായി അബുദാബി തട്ടകമായിട്ടുള്ള തിര,സാക്ഷി എന്നീ ബ്ലോഗര്‍മാര്‍ ടെന്റ്, നല്ല ഒരു ലൊക്കേഷന്‍, ഭക്ഷണം മുതലായവ തെയ്യാര്‍ ചെയ്ത് വെപ്പാനായിക്കൊണ്ട് സന്നദ്ധരായിരിക്കുന്നു. നല്ല രണ്ട് കുതിരകളെ പൂട്ടിയ വണ്ടികള്‍ ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്നതാണ്. സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

എന്ന് ദില്‍ബാസുരന്‍