മൂന്നേകാല്‍ മണി കഴിഞ്ഞ് കുടുമ്മത്തീന്നു പുറപ്പെട്ട ഞങ്ങള്‍ക്കുടുംബം ഇടിവാള്‍ വിക്കിമാപ്പിച്ചുതന്ന വഴിയേ യാത്രചെയ്ത് നാലരയോടെ കുവൈറ്റ് ടവറിന്റെ മുന്നിലെത്തി. സംഘാടകവൃന്ദാകാരന്‍ കലേഷ് ടവറേറിയെന്ന ഉറച്ച വിശ്വാസത്തില്‍ കലേഷിനെ വിളിച്ച് ലാന്‍ഡ്‌മാര്‍ക്ക് ചോദിച്ചറിഞ്ഞ് പാര്‍ക്കിങ്ങല്ലാത്ത ഒരു പാര്‍ക്കിങ്ങില്‍ പാര്‍ക്കാക്കി.
ടവറിന്റെ ഒന്നാം നിലയില്‍ ലിഫ്റ്റിറങ്ങിയപ്പോഴേ നമ്മ്ടെ ഹാളീന്ന് ശബ്ദങ്ങള്‍. റെഡി. വണ്‍ റ്റു ത്രീ പറഞ്ഞ് വാതില്‍ തുറക്കാന്‍ നേരം മൊബൈല്‍ എടുത്തില്ലാന്നറിഞ്ഞു. തിരികെ ലിഫ്റ്റില്‍ കയറി ‘ജി’ പ്രെസ് ചെയ്തതും മൊബൈലുണ്ട് ഷര്‍ട്ടിന്റെ ചേപ്പില്. വക്കാരി സൂക്തമനുസരിച്ച് മനസിന്റെ മസിലുകയറിയാല്‍ ചെയ്യുന്നതൊക്കെ...
(ഈ സംഭവവികാസം ആള്‍ക്കാരെ കാണാനുള്ള ടെന്‍ഷന്‍ പ്രമാണിച്ച് ഉണ്ടായതാണെന്ന് കുടുമ്മത്തൊരു ചര്‍ച്ചയുണ്ടെന്ന് ദാ ഇപ്പോ കേട്ടു.)
ഇപ്പോള്‍ ഞങ്ങള്‍ ഹാളിനുള്ളില്‍. അവിടെ കലേഷ് പോയിട്ട് കലേഷിന്റെ പകുതി ഭാരമുള്ളൊരാള്‍ പോലുമില്ല. സാക്ഷി,നദീര്‍,ആരിഫ്,ഇബ്രു,പിന്നെ,പിന്നെ എന്നിങ്ങനെ ബൂലോഗികള്‍. കലേഷ് അപ്പോഴും ഹൈവേയിലെവിടെയോ.
കുറച്ച് ഐസൊക്കെ ഞങ്ങളവിടെ പൊട്ടിച്ചോണ്ടിരുന്നപ്പോ ഓരോരുത്തരായി എത്തിത്തുടങ്ങി. ആദ്യം വന്നവരുടെ കൂട്ടത്തില്‍ നിഷാദ്സ്,കുറുമാന്‍സ് ഒക്കെ പെടും. വന്നപാടെ ഡ്രിസിലിന്റെ കയ്യിലെ രണ്ടു മൈക്കുകളിലൊന്ന് കുറുമാന്റെ കയ്യിലൊട്ടിപ്പിടിച്ചു (കട:എല്‍ജി). പിന്നെയവിടെ എന്താ നടന്നതെന്നത് ചരിത്രം, പൌരധര്‍മ്മം, കെമിസ്ട്രി എന്നിവ കണ്ടാലറിയാം.
നദീറെന്ന ഡ്രിസിലും മൈക്കുകൊണ്ട് ആളുകളെ നന്നായി ഇരുത്തി. ഐസ് ബ്രേക്കിങ്ങ് കൈ കൊടുക്കലില്‍ തീര്‍ന്നു ഇനി ഞം ഞം വരെ പരിപാടികള്‍ കണ്ടുകൊണ്ടിരുന്നാല്‍ മതിയല്ലോന്ന് വിചാരിച്ചിരിക്കവേ വരുന്നൂ, എല്ലാവരും ആ പ്ലാറ്റ്‌ഫോമില്‍ കയറി പരിചയപ്പെടുത്തണം; 1,2,3 കാര്യങ്ങള്‍. കുടുംബക്കാരായവന്മാര്‍ കൂട്ടമായി സ്റ്റേജേറണം. കലേഷിന്റെ പിന്നിലെങ്ങാനും മറഞ്ഞിരുന്ന് രക്ഷപെടാമെന്നു വച്ചിട്ട് ആ പഹയന്‍ തന്നെ മൈക്കെടുത്ത് ഓരോരുത്തരെ വിളി തുടങ്ങുമെന്നറിഞ്ഞ് ആശ്രമത്തില്‍ നിന്നു പിന്നു വാങ്ങി.
വരാനുള്ളത്... വന്നു. (മൈക്ക് കയ്യിലെത്തിയപ്പോള്‍ വേറാരുടെയോ ശബ്ദമായിരുന്നു എനിക്കെന്ന് ദാ കുടുമ്മക്കാര്‍ ഇപ്പോള്‍) മൈക്കില്‍ ചിരിച്ചുകാണിക്കുക മാത്രമാണുണ്ടായതെന്നാണോര്‍മ്മ. കുഞ്ഞു പ്രായത്തില്‍ ബാലസമാജത്തിന്റെ കുറ്റവും ശിക്ഷയും നാടകത്തില്‍ ‘ആരവിടെ, അടിയന്‍’ പറയാന്‍ കയറിയതിനുശേഷം നാലാള്‍ മുമ്പില്‍ കല്യാണത്തിനു മാത്രമാണ് ഒരു പ്ലാറ്റ്‌ഫോമില്‍ കയറീട്ടുള്ളത്. ദാ ഇതിപ്പോ മൂന്നാമത്. ദേവന്‍ ഇക്കാര്യത്തില്‍ ഒരു പടി കൂടിക്കടന്ന് മൈക്ക് അപ്രത്യക്ഷമാക്കാന്‍ പറ്റുമോ എന്ന് പണ്ടു ചെയ്ത തപാലിലൂടെ മാജിക്ക് എന്ന കോഴ്സ് ഓര്‍ത്ത് ഒന്നു ശ്രമിച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും അത് കയ്യില്‍ തന്നെയെന്നു കണ്ടു ഒരു പ്രസംഗം അങ്ങു കാച്ചി...യാലോന്നിരിക്കവേ എന്തൊക്കെയോ ചോദ്യോത്തരങ്ങള്‍ പറഞ്ഞ് കാര്യം അവസാനിപ്പിച്ചു. ഓരോരുത്തരുടെയും പരിചയപ്പെടല്‍ എഴുതണമെന്നുണ്ട്. ഓര്‍മ്മയില്ലമുഴുവന്‍. കുമാരന്മാരായ ഏതെങ്കിലും ചുള്ളന്മാരതു ചെയ്യും.
പിന്നെയും ഒരു പാര കൂടി തേടിവന്നെങ്കിലും അത് നംടെ പഴേ സുഹൃത്തും അവാര്‍ഡിയുമായ സജീവിന് പൊന്നാടയണിയിക്കാനായിരുന്നതിനാല്‍ സഭ വല്ലാണ്ട് കമ്പനം ചെയ്തില്ല. പിന്നെ ഗന്ധര്‍വന്‍ വീണ താഴെവച്ചിട്ട് കലേഷിനെ പൊന്നാടയണിയിച്ചു. അതിന്റെ പേരില്‍ യാതോരു കാരണമില്ലാതെ കലേഷ് എന്നെയും ദേവരെയും തെറിവിളിച്ചെങ്കിലും ആരോ മൈക്ക് ഓഫാക്കി സഹകരിച്ചതിനാല്‍ 40-ല്‍ കൂടുതല്‍ ആള്‍ക്കാരതു കേട്ടില്ല.
നിഷാദിന്റെയും സിദ്ധാര്‍ത്ഥന്റെയും സെഷനുകള്‍ ക്രമമനുസരിച്ചു നന്നായി നടന്നു. ബൂലോഗത്തിന് ചിട്ടയോടെ പൊരുതി നേടാനുള്ളത് മലയാള ഭാഷയുടെ ജീവന്‍ തന്നെയാണെന്നായിരുന്നു ക്രീം. അതിനിടെ സ്റ്റാര്‍ട്ടര്‍ ചിക്കന്‍കാലുകള്‍ (കാടയോ?) അവിടൊക്കെ ഓടിനടന്നു. മലയാളം ബ്ലോഗിങ്ങിലേയ്ക്ക് രണ്ടു ടഗലോഗികള്‍ കടന്നുവരുമോ എന്നു തോന്നിക്കുന്നതരത്തില്‍ കേറ്ററിങ്ങ് സ്റ്റാഫ് അവിടൊക്കെ ചുറ്റിനടന്ന് പ്ലാച്ചിമടദ്രാവകങ്ങള്‍ കൊടുത്തു.
പിന്നീടായിരുന്നു, ‘ഇക്കൊല്ലം ഞങ്ങക്ക് ഓണമില്ല കുഞ്ഞ്യേച്യേ’, ‘എന്റെ സിരയില്‍ നുരയ്ക്കും...’ എന്നൊക്കെപ്പരഞ്ഞ് താരം വിശാലന്‍ നാടന്‍-പാട്ടു-കവിതകള്‍ ആലപിച്ചു. തേഴ്സ്ഡേയുടെ ബാക്കി ഊര്‍ജ്ജം കൈമുതലായുണ്ടായിരുന്ന കുറുമാന്‍ അവയ്ക്കൊ കോറസും ബീജിയെമ്മും ചൂളം വിളിയുമായി എരിവും പുളിയും മധുരവും പകര്‍ന്നു. പിന്നെ മുന്നിലിരിക്കുന്നവരെ ഒരു ഇന്‍സ്റ്റന്റ് കവിത ചൊല്ലിക്കേള്‍പ്പിച്ചു. വിഷയവും കഥാപാത്രങ്ങളും മുന്നിലിരിക്കുന്നവര്‍ തന്നെയായിരുന്നു.
ഇതൊക്കെ ആസ്വദിക്കുന്നതിനിടെ ചിലരൊക്കെ ചൂടുപാത്രങ്ങള്‍ക്കടുത്ത് പ്ലേറ്റും പിടിച്ചു നീങ്ങിത്തുടങ്ങി. പിന്നെ നിങ്ങളില്ലാണ്ട് ഞങ്ങക്കെന്ത് പാട്ടെന്നു പറഞ്ഞ് ഗായകരും ബുഫേയിലേയ്ക്കു നുഴഞ്ഞുകയറി. പിന്നെയവിടെ നടന്നതെന്തെന്ന് ആ പാത്രങ്ങള്‍ക്കറിയാം. ഇതില്‍ മത്സരിക്കാന്‍ നിന്നാല്‍ നൂറ്റിരുപതു കിലോമീറ്റര്‍ ദൂരം തിരിച്ചു താണ്ടുന്നതിനിടെ തൂക്കം വന്തിടുമെന്ന ഒറ്റക്കാരണത്താല്‍ ഞങ്ങള്‍ പിന്നേം പിന്‍ വാങ്ങി.
പ്ലേറ്റുകളില്‍ നിന്നു വിടുവിച്ച് പലരേയും കളത്രങ്ങള്‍ വിളിച്ചിറക്കിക്കൊണ്ടിരിക്കുന്നതിനിടെ ഞങ്ങള്‍ക്കു നേരെയും കൈകള്‍ വീശപ്പെട്ടു. ഇനി വീണ്ടും കാണാമെന്ന ആശ കൊടുത്തും വാങ്ങിയും ഞങ്ങള്‍ നീങ്ങിനീങ്ങി പത്തരയോടെ വീടണഞ്ഞഥ നോക്കുന്നേരം കാണായ്‌വന്നു 307 കമന്റ്സ്!
14 comments:
നല്ല റിപ്പോര്‍ട്ട് അനിലേട്ടാ..
ദേവന്‍ മൈക്കും പിടിച്ച് നില്‍ക്കുന്ന ഫോട്ടം കണ്ടായിരുന്നു. അപ്പോള്‍ മാജിക് ശ്രമം ആയിരുന്നു അല്ലേ..
ഹ..ഹ.. ഇഷ്ടപ്പെട്ടു. നല്ല വിവരണം.
അപ്പോള്‍ സഭയില്‍ കമ്പമുള്ള ധാരാളം ആള്‍ക്കാര്‍ ഉണ്ടല്ലേ. എനിക്കാണെങ്കില്‍ ഏത് സഭ കണ്ടാലും ഭയങ്കര കമ്പം. പത്തുപേരെ ഒന്നിച് ഫേസ് ചെയ്യുന്നത് ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ മുന്നിലിരുന്നിട്ട് സ്റ്റോപ്പാവുമ്പോള്‍ എഴുന്നേറ്റ് വാതില്‍ക്കലോട്ട് നടക്കുമ്പോഴാ...
നന്നായി എഴുതിയിരിക്കുന്നു. കണ്ണനുണ്ണിമാരുടെ പ്രകടനങ്ങളൊന്നുമില്ലായിരുന്നോ?
എനിക്കു തൊഴില്‍ശാലാമീറ്റിങ്ങുകള്‍ ഒഴികെ (ഒരു പത്തു വര്‍ഷം മുന്‍പു വരെ അതും ആധിയായിരുന്നു. ആധി എടുത്തെടുത്ത് ഇപ്പോ ആധിവറ്റിയതാ പണിസ്ഥലത്ത്) എന്തു വന്നാലും ചമ്മലാന്നു ആദ്യമേ പറഞ്ഞതാ വക്കാരി. ശകലം ഫര്‍ണിച്ചര്‍ മറവുപോലും ഇല്ലാതെ സ്റ്റേജില്‍ കയറ്റി വിട്ട ഞാന്‍ തോടു പോയ ആമ പോലെ ഞാനല്ലാതെയായി പിടക്കുന്നത് ഈ ഡ്രിസിലും കലേഷും കണ്ട് കൈ കൊട്ടി ചിരിച്ചു. ദുഷ്ടന്മാര്‍.
ഹൊ! ആദ്യായിട്ട് ആരെങ്കിലും കട:എല്‍ജി എന്ന് എഴുതി. ഇത് ഞാന്‍ ഫ്രെം ചെയ്ത് വെക്കും.
അനിലേട്ടാ..ഗദ്ഗദ്...
പിന്നെ അതുകൊണ്ട് പറയുവാണെന്ന് തെറ്റിദ്ധരിക്കരുത് :) നല്ല വിവരണം.....
കണ്ണാടിയിലൂടെ തന്നെ..:)
ഹെന്റമ്മോ... എനിക്കും അങ്ങിനെതന്നെ ദേവേട്ടാ.. ഞാന്‍ ഞാന്‍ തന്നെയോ എന്ന് കണ്ടുനില്‍ക്കുന്നവര്‍ക്കും കൂടി തോന്നും. മുഖമൊക്കെ വലിഞ്ഞുമുറുകി- ഒന്നെ ചിരിക്കാന്‍ നോക്കിയാല്‍ വേറേയേതോ ഗോഷ്ടിയായി മാറി, പിറുപിറുത്തുകൊണ്ട്.. ഇതെഴുതുമ്പോള്‍ തന്നെ ഏതാണ്ടുപോലെ.
ഏകനായി എന്നെ സ്റ്റേജിലേക്കാരും കയറ്റിവിടരുതേ... പ്ലീസ്. ഒരു കമ്പനിയുണ്ടെങ്കില്‍ നെഞ്ചൊപ്പം മുണ്ടും വലിച്ചുടുത്ത് ഷര്‍ട്ടിടാതെ തിരുവാതിര കളിക്കാനും റെഡി (അങ്ങിനെ ചെയ്തപ്പോള്‍ സാധാരണ അലമ്പുപരിപാടിയാണെങ്കില്‍ കര്‍ട്ടന്‍ ഉടനടി താഴ്‌ത്തുന്ന സംഘാടക കാലമാടന്മാര്‍, അവരിലൊരുത്തന്റെ സുഹൃത്ത് ഞങ്ങളുടെ തിരുവാതിരടീമിന്റെ അവിഭാജ്യഘടകമാണെന്ന് കണ്ട് കര്‍ട്ടന്‍ താഴ്ത്താതെയിരുന്ന് അവസാനം കര്‍ട്ടന്‍ വീണത്, നല്ല മാംസളദേഹമുള്ള ഒരുത്തന്റെ നെഞ്ചില്‍നിന്നും ആ മുണ്ട് അഴിഞ്ഞ് താഴോട്ട് വീണു വീണ് അരയോളമെത്തിയപ്പോള്‍ മാത്രം-ഇതിനിടയ്ക്ക് ഒരു സ്റ്റെപ്പ് പുറകോട്ടെടുത്ത വേറൊരു തിരുവാതിര പുറവും തല്ലി വീഴുകയും, പൂര്‍വ്വാധികം ശക്തിയോടെ പൊങ്ങുകയും കോട്ടയം കുഞ്ഞച്ചന്‍ സ്റ്റൈലില്‍ മുണ്ട് മുറുക്കിയുടുത്ത് മടക്കിക്കുത്തുകയും ചെയ്തു. നെഞ്ചോളമുള്ള മുണ്ട് മടക്കിക്കുത്തിയാലുണ്ടാവുന്ന ദര്‍ശനസൌഭാഗ്യങ്ങളോര്‍ത്ത് വേറേയാരോ അവനോട് കുറച്ച് ബഹുമാനമൊക്കെ കാണിക്കാന്‍ ആംഗ്യം കാണിച്ചതുകൊണ്ട് അവന്‍ മടക്കിക്കുത്തഴിച്ചു).
പക്ഷേ, ഏകനായി, സ്റ്റേജില്‍... ങൂ..ഹൂം
വക്കാരിയേ “കുറ്റബോധം തോന്നാതെയും യാന്ത്രികമായി” സംസാരിക്കാമെന്നു പലപ്പോഴായി സ്റ്റേജില്‍ കയറേണ്ടി വന്ന ദുര്‍വിധികളിലെല്ലാം ഞാന്‍ പഠിച്ചു. ഇത്തവണ യാന്ത്രികമല്ലാതെ പറയുവാന്‍ ഒരൊറ്റ വാക്കേ കിട്ടിയുള്ളൂ, “നന്ദി”. എന്തായാലും ഇനിയിതുപോലെ ഒരു ബൂലോഗമീറ്റൊക്കെ സംഭവിച്ചുവെന്നാല്‍ ഞാന്‍ കയറി വല്ല പ്രബന്ധമൊക്കെ കാച്ചിക്കളയും ;)
അരയടി ഉയരത്തിലെ ഒരു കൊച്ചു പ്ലാറ്റ്‌ഫോം മനുഷ്യനില്‍ വരുത്തുന്ന മാറ്റങ്ങളേ :)
യാന്ത്രികമായിപ്പോലും സംസാരിക്കാന്‍ പറ്റുന്നില്ലല്ലോ എന്നുള്ളതാണ് എന്റെ സങ്കടം. എന്റെ ഗുരുനാഥന്‍ റിട്ടയര്‍ ചെയ്ത് പോകുന്നതിനോടനുബന്ധിച്ച് നടത്തിയ യാത്രയയപ്പു സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ ആ സമയത്തെ ശിഷ്യനെന്ന പരിഗണനവെച്ച് എന്നോട് രണ്ടു വാക്ക് സംസാരിക്കണമെന്ന നിബന്ധന നിരസിക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ലാതിരുന്ന ഞാന്‍ ആ രണ്ട് വാക്ക് പേപ്പറില്‍ എഴുതി നോക്കി വായിച്ചതിനിടയ്ക്കും വരുത്തി രണ്ട് തെറ്റ്... ആ പേപ്പര്‍ കൈയ്യിലുണ്ടായിരുന്നത് കാരണം, സ്റ്റേജിലേക്ക് നോക്കേണ്ടിയേ വന്നില്ല എന്നതു മാത്രമായിരുന്നു രക്ഷ. പക്ഷേ സംസാരത്തിന് മുമ്പുള്ള ചിരിയും സംസാരത്തിനു ശേഷമുള്ള ചിരിയും (പും-ഓടു കൂടിയത്) വന്ന പ്രശ്നമേ ഇല്ലായിരുന്നു.
അനിലേട്ടാ നല്ല വിവരണം...
ഒരു മൂലേന്നു തുടങ്ങി വായിച്ചു വരുന്നു :)
അനിലേട്ടാ..
നല്ല വിവരണം..പക്ഷേ ഞാന്‍ വന്നപ്പോള്‍ അനിലേട്ടന്‍ അവിടെ ഉണ്ടായിരുന്നല്ലോ..എന്നിട്ടല്ലേ കുറുമാന്റെ മകളെ ചൂണ്ടി ഇതാരാണെന്ന് ചോദിച്ചത്??? എല്ലാം മറന്നോ?
സഭാകമ്പം എന്നൊരു സംഭവമേ എനിക്കില്ല..ആ വള്ളി (ചിരിവള്ളി പൊട്ടുക എന്ന് പറയണ പോലെ) എനിക്ക് നിരവധി ആശംസകളും നന്ദി പ്രകടനങ്ങളും നടത്തി നഷ്ടപ്പെട്ടിരുന്നു. എന്നാലും ഒരു ‘ഇത്‘ ഉണ്ടായിരുന്നുവെന്നത് സത്യം..
ഇബ്രൂസേ ആദ്യമെഴുതിയപ്പോള്‍ ഇബ്രുവിന്റെ പേരില്ലായിരുന്നു, എഡിറ്റ് ചെയ്തു ചേര്‍ത്തീതാ. വന്നു കയറിയപ്പോള്‍ കണ്ടകൂട്ടത്തിലുണ്ടായിരുന്നോ എന്നൊരു യിത് തോന്നി. ക്ഷമീര്.
അനില്‍ മാഷേ..
നല്ല ഉഗ്രന്‍ വിവരണം....
Good report Anilettaa,
Next time Kannanunnimaarude kalaprakadanavum namukke vekkam
PS: Appo inganeyulla report okke ezhuthaan kannada vekkano :-/
Adutha meeting l njanum varunnundu oru kannadayum aayi :D
ദേവന്‍ സ്റ്റേജില്‍ കയറി മൈക്കിന്റേം തട്ടിന്റേം പ്രസക്തിയെ ചോദ്യം ചെയ്ത സീനെനിക്കു മിസ്സായി. തിരിച്ചുവരുമ്പോള്‍ കെട്ട്യോളാണതു പറഞ്ഞതു്.
പണ്ടു കയറിയിട്ടുള്ള പരിചയമോര്‍ത്തു് തട്ടേല്‍ കയറി പെരുക്കാമെന്നോര്‍ത്ത എനിക്കും തെറ്റി. ഈ പറഞ്ഞ കമ്പനം കലശലായുണ്ടായതു മനസ്സിലാക്കിയപ്പോള്‍ ഞാനടുത്തചാന്‍സില്‍ കസേരയുമായി കയറി. മുട്ടുവിറച്ചാലും നാട്ടുകാരറിയില്ലല്ലോ;). എന്നിട്ടും നടന്നില്ല. പറയാനുള്ളതു മുഴുവന്‍ പറയാഞ്ഞതിന്റെ വിഷമം വഴിയില്‍ കിട്ടിയ ഒരു സുഹൃത്തിനോടു പറഞ്ഞു തീര്‍ത്തു.
നന്നായി ഞാന്‍ വരാത്തത്, സ്റ്റേജും മൈകും എനിക്കും പേടിസ്വപ്നമാണ്, അതില്ലെങ്കില്‍ സംസാരിക്കുന്നതിനൊരു കുഴപ്പവുമില്ല
:)
Post a Comment