Monday, July 10, 2006

ഇമറാത്ത് ബൂലോഗസംഗമ ഡീബ്രീഫിംഗ്

ഇമാറാത്ത് ബൂലോഗ സംഗമം ഒരു വിജയമായിരുന്നെങ്കിലും, എന്റെ മനസ്സില്‍ കിടന്ന് തികട്ടുന്ന ചിലതൊക്കെ എഴുതണമെന്ന് തോന്നുന്നു. സംഗമം കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നുവെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു.

പോസിറ്റീവ് വശത്തൂന്ന് തുടങ്ങാം. സംഗമം കൊണ്ട് എന്തേലും ഗുണമുണ്ടായോ എന്ന് ചോദിച്ചാല്‍, തീര്‍ച്ഛയായും പല ഗുണങ്ങളുമുണ്ടായി. ഏറ്റവും വല്യ നേട്ടം - നേരിട്ട് പരിചയമില്ലാതിരുന്ന യു.ഏ.ഈയുടെ പലഭാഗങ്ങളില്‍ താമസിക്കുന്ന സമാനമനസ്കര്‍ കുടുംബസമേതം ഒത്തുകൂടി പരസ്പരം പരിചയപ്പെട്ടു. അത് അവര്‍ തമ്മിലുള്ള പരസ്പര സൌഹൃങ്ങളും സ്നേഹബന്ധങ്ങളും ഒന്നൂടെ ശക്തമാക്കി. പിന്നെ, മീഡിയയിലൂടെ കിട്ടിയ കവറേജ് - മാധ്യമം പത്രം വളരെ നല്ല രീതിയില്‍ സംഗമം കവര്‍ ചെയ്തു. ഏഷ്യാനെറ്റ് റേഡിയോ 648 ഏ.എം വാര്‍ത്തകള്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള മലയാളികള്‍‍ മുഴുവന്‍ ശ്രദ്ധിക്കുന്നതാണ്. അതില്‍ ബ്ലോഗിംഗിനെക്കുറിച്ചും സംഗമത്തെക്കുറിച്ചും ഒക്കെ പരാമര്‍ശങ്ങളുണ്ടായി. ഏഷ്യാനെറ്റ് റ്റി.വിയിലെ ഗള്‍ഫ് റൌണ്ടപ്പ് സംഗമം കവര്‍ ചെയ്തു. റേഡിയോ ഏഷ്യയുടെ എഫ്.എം നിലയം വിക്കിയെക്കുറിച്ചും ബ്ലോഗുകളെക്കുറിച്ചുമൊക്കെ പരാമര്‍ശിച്ചു. (മീഡിയ കവറേജ് എന്ന സംഭവം പ്രതീക്ഷിച്ചിരുന്നതേയല്ല - ഇടയ്ക്ക് വന്നുപെട്ടതാണ് - അതെക്കുറിച്ച് ഞാന്‍ താഴെ വിശദീകരിക്കാം). ഈ മീഡിയയിലെ കവറേജ് കൊണ്ട് പുതിയ ആളുകള്‍ ബൂലോഗത്തേക്ക് കടന്നുവരുന്നുണ്ട്. പിന്നെ എടുത്തുപറയേണ്ട മറ്റൊരു നേട്ടം ഗള്‍ഫിലും ലോകമെമ്പാടും വളരെ പോപ്പുലറായ മൂന്നാമിടം.കോം എന്ന മലയാളം സാഹിത്യ-സാംസ്കാരിക വെബ്‌സൈറ്റ് പ്രൊപ്രൈറ്ററി ആസ്കി-ഹാക്ക് ഫോണ്ടുകള്‍ ഉപേക്ഷിച്ച് മലയാളം യുണീകോഡിലേക്ക് മാറാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇമറാത്ത് ബൂലോഗ സംഗമം വളരെ ഇന്‍ഫോര്‍മലായ ഒരു സ്നേഹസംഗമമാ‍യിട്ടാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നത് - ആകെ 10-40 പേര്‍ - എല്ലാവരും കൂടുക, പരസ്പരം പരിചയപ്പെടുക, വിശാലനെ (മാത്രം) ആദരിക്കുക, ഭക്ഷണം കഴിച്ച് പിരിയുക. മീഡിയ കവറേജൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല - അതുകൊണ്ട് അതിനുവേണ്ടി സത്യത്തില്‍ ആരും എക്യുപ്‌ഡ് അല്ലായിരുന്നു. പക്ഷേ, കാര്യങ്ങള്‍ കൈവിട്ടുപോയി. മാധ്യമങ്ങളുടെ ശ്രദ്ധ ഇതിലേക്ക് പതിഞ്ഞതോടെ മാധ്യമങ്ങള്‍ സംഗമം കവര്‍ ചെയ്യാന്‍ പോകുന്ന അവസ്ഥ സംജാതമായി. പ്ലാന്‍ ചെയ്തതില്‍ പാളീച്ചകള്‍ ഉണ്ടായി.സംഗമം കവര്‍ ചെയ്യാന്‍ മാ‍ദ്ധ്യമപ്രവര്‍ത്തകരൊക്കെ വരുന്നെന്നറിഞ്ഞപ്പോള്‍ പരിപാടികളുടെ സ്വഭാവത്തില്‍ ചെറിയൊരു മാറ്റം വരുത്തണമെന്ന് എല്ലാവര്‍ക്കും തോന്നി. സിമ്പോസിയങ്ങള്‍ വേണമെന്ന് അഭിപ്രാ‍യമുയര്‍ന്നതിനാല്‍ 2 സിമ്പോസിയങ്ങള്‍ സംഘടിപ്പിക്കാ‍ന്‍ തീരുമാനിച്ചു. സിദ്ധാര്‍ത്ഥനും നിഷാദും സസന്തോഷം അവ ഏറ്റു.

സംഗമത്തിന്‌ അന്‍പത് പേരില്‍ കൂടുതല്‍ ആള്‍ വന്നാല്‍ എങ്ങനെ എന്നുള്ളതൊരു പ്രശ്നമായി. ഞാനാദ്യം കണക്കെടുത്തപ്പോള്‍ ഫാമിലികള്‍ അടക്കം എല്ലാം കൂടെ 10-48 പേരുണ്ട്. പുതിയ ബ്ലോഗറുമ്മാര്‍ യു.ഏ.ഈയുടെ പല ഭാഗത്തുനിന്നും എന്നെയും നദീറിനെയും വിളിക്കുകയും ചെയ്യുന്നു. “ആള്‍ തികഞ്ഞുപോയി, വരരുത്“ എന്ന് ആരോടേലും പറയാന്‍ പറ്റുമോ? എല്ലാവരെയും സ്വാഗതം ചെയ്തു. അന്‍പത്തഞ്ചോളം പേര് വരുമെന്നും പിന്നെ ചില ബ്ലോഗറുമ്മാരുടെ കൂടെ അവരുടെ ഗസ്റ്റുകളും കാണും എന്നും പറഞ്ഞു. ഇതിന്റെ കൂടെ പിന്നെ മീഡിയക്കാരും ആകുമ്പോള്‍ കുവൈറ്റ് ടവ്വറിലെ ഹാ‍ള്‍ ശരിയാകുമോന്ന് ആകെ കണ്‍ഫ്യൂഷനായി. സക്കറിയാ ചേട്ടായി 70-80 എന്നൊക്കെ പറയുമെങ്കിലും കുവൈറ്റ് ടവ്വറിലെ ഹാളിന്റെ കപ്പാസിറ്റി 50 പേരാണ് (ഡീസന്റായി ഇരിക്കാന്‍). മാത്രമല്ല, അവിടെ ഓവര്‍ഹെഡ് പ്രൊജക്റ്റര്‍ ഒക്കെ വച്ച് ഒരു പ്രസന്റേഷനൊന്നും നടത്താനുള്ള സൌകര്യവുമില്ല. അവസാന നിമിഷം വെന്യൂ മാറ്റുക എന്ന് പറഞ്ഞാല്‍ അത് ബുദ്ധിമുട്ടാണ് മാത്രമല്ല നാണക്കേടുമാണ്.

അജണ്ടയില്‍ (അജണ്ട പോലെത്തെ സാധനത്തില്‍) പറഞ്ഞിരിക്കുന്നത് ഐസ് പൊട്ടിച്ച ശേഷം സെമിനാര്‍ എന്നാണ്. ആളുകള്‍ കൂടുതലായാ‍ല്‍ ഇത് കുളമാകും എന്ന് തോന്നിയതുകൊണ്ട്, സ്ഥല പരിമിതി മൂലം, ഭക്ഷണം കഴിഞ്ഞ് ദൂരത്ത് നിന്ന് വന്നവരൊക്കെ പിരിഞ്ഞ ശേഷം പ്രസ്സിന് ഒരു ബ്രീഫിംഗ് നടത്താമെന്ന് പൊതുവില്‍ തീരുമാനമായി. പിന്നെ ആള്‍ കൂടിയാല്‍ വരുന്നിടത്തുവച്ച് കാണാമെന്നും തീരുമാനിച്ചു! തെറിവിളികള്‍ കേള്‍ക്കാന്‍ ഞാന്‍ മാനസികമായി തയാറെടുത്തു. (80 പേരുടെ മീറ്റിംഗ് ഒക്കെ അവിടെ നടന്നിട്ടുണ്ടെന്ന് സക്കറിയാസ് പറഞ്ഞത് മനസ്സിലുണ്ടായിരുന്നു‌)

ഇതിനിടയില്‍ പലരും അവരുടെ അസൌകര്യങ്ങള്‍ മൂലം സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒഴിവായി. എന്തിനേറെ പറയുന്നു? അവസാനം എത്തി ചേര്‍ന്നത് 35 പേരാണ്. മീഡിയക്കാരില്‍ വരുമെന്ന് പറഞ്ഞിരുന്നവരാ‍രും തന്നെ വന്നില്ല. സമീഹയുടെ ശ്രമഫലമാ‍യി ബിജു ആബേല്‍ ജേക്കബ്ബ് കൃത്യമായി തന്നെ എത്തി ചേര്‍ന്നു. കൈരളി ടി.വിയുടെ സംഘം എത്തിയില്ല. 50 പേര്‍ക്ക് ഭക്ഷണം പറഞ്ഞിരുന്നു. അതിന്റെ കൂടെ ഒരു + or - 5 എന്നും പറഞ്ഞിരുന്നു. അവസാനം സക്കറിയാസുമായി സംസാരിച്ച് 40 പേരുടെ ഭക്ഷണത്തിന്റെ ചാര്‍ജ്ജ് കൊടുത്തു. (ആരിഫും നദീറും കാശ് പിരിക്കലും സാമ്പത്തിക മാനേജ്‌മെന്റും ഭംഗിയായി നടത്തി) പൊന്നാടയുടെ കാശ് ദേവേട്ടന്‍ തിരികെ മേടിച്ചില്ല - അതിനു മുന്‍പേ ആള്‍ ദുബൈയിലെത്തി. മൊമെന്റോയുടെ കാശ് തിരികെ തന്നില്ലെങ്കില്‍ തിരിച്ച് പോണില്ലന്ന് പറഞ്ഞ ഇബ്രു അവസാനം കാശും കൊണ്ട് ചെന്നപ്പം ഒരു വിധത്തില്‍ അത് വാങ്ങിയില്ല.

പ്രസ്സ് ബ്രീഫിംഗ് അവസാനം എന്ന് പറഞ്ഞതുകൊണ്ട് സിദ്ധാര്‍ത്ഥന്‍ “സിമ്പോസിയം ഉണ്ടോ, ഇല്ലയോ“ എന്നൊക്കെയുള്ള കണ്‍ഫ്യൂഷനില്‍ ആയിരുന്നു - അതിന്റെ കാരണം ഞാന്‍ (കലേഷ്) മാത്രം ആണ്.ഒരു കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടായി. അതുകാരണം പുള്ളി ശരിക്ക് പ്രിപേര്‍ഡ് അല്ലായിരുന്നു. ഞാന്‍ സിദ്ധാര്‍ത്ഥനോടും മറ്റെല്ലാവരോടും ക്ഷമ ചോദിക്കുന്നു.

എന്തൊക്കെയായിരുന്നാലും സിദ്ധാര്‍ത്ഥന്‍ ബ്ലോഗിംഗിനെക്കുറിച്ച് അതി മനോഹരമായി സംസാരിച്ചു. അതുപോലെ തന്നെ നിഷാദ്. ഉറക്കത്തീന്ന് വിളിച്ചെഴുന്നേല്‍പ്പിച്ച് യുണികോഡിനെക്കുറിച്ചോ, പ്ലൂട്ടോയേക്കുറിച്ചോ, എന്നല്ല സൂര്യനു താഴെയുള്ള എന്ത് സംഗതിയെക്കുറിച്ചോ സംസാരിക്കാന്‍ പറഞ്ഞാലും പുള്ളിക്കാരന്‍ റെഡിയാണ്. (എന്റെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് പുള്ളി സമ്മതിച്ചതെന്ന് പറഞ്ഞത് പുള്ളി പറയുന്ന തമാശകളുടെ കൂട്ടത്തില്‍ ഞാന്‍ പെടുത്തുന്നു). സിദ്ധാര്‍ത്ഥനും നിഷാദിനും പ്രത്യേകം നന്ദി.

ഇങ്ങനൊരു സംഗമത്തിന്റെ വാര്‍ത്താപ്രാധാന്യം മുന്‍‌കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടത് ഒരു പാളീച്ച തന്നെയാണ്. ഇനി ഇങ്ങനൊരു സംഗമം നടത്തുന്നതിന് മുന്‍പ് ഒരു പ്രസ്സ് മീറ്റ് ആദ്യം നടത്തണമെന്ന് എനിക്ക് ഒരു വിനീതമായ അഭിപ്രായമുണ്ട്. ഇവിടെ യു.ഏ.ഈയില്‍ ഇന്ത്യന്‍ മാ‍ദ്ധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയാ‍യ ഇന്ത്യന്‍ മീഡിയ ഫോറം ഉണ്ട് - അവരെ സമീപിച്ചാല്‍ മതി. അവര്‍ തീര്‍ച്ഛയായും സഹായിക്കും. (ചെയ്യേണ്ടിയിരുന്നത് അതായിരുന്നു - പക്ഷേ, ആദ്യം മീഡിയയെക്കുറിച്ചൊന്നും ആലോചന പോയിരുന്നില്ല). പത്രങ്ങള്‍ക്ക് പ്രസ്സ് റിലീസ് അയച്ചുകൊടുക്കുന്നതിലും നല്ലത് ഇന്ത്യന്‍ മീഡിയ ഫോറത്തെ സമീപിക്കുന്നതാണ്. മലയാ‍ളികള്‍ക്കാണ് അതില്‍ മുന്‍‌തൂക്കം!

അതുപോലെ തന്നെ മേലില്‍ മീഡിയായോട് സംസാരിക്കാ‍നും ഇന്‍‌റ്റര്‍വ്യൂ കൊടുക്കാനും ഒക്കെ നമ്മുക്കെല്ലാവര്‍ക്കും വേണ്ടി ഒരു ഔദ്യോഗിക വ്യക്താവ് വേണം - ദേവേട്ടനോ, അനിലേട്ടനോ അത് ഏല്‍ക്കണമെന്നാണ് എന്റെ വിനീതമായ അഭിപ്രായം. കണ്ടവരെല്ലാം (ഉദ്ദാഹരണം : ഇതെഴുതുന്ന ഈ ഞാന്‍ തന്നെ) വായില്‍ തോന്നുന്നതൊക്കെ മീഡിയയോട് വിളിച്ച് പറയുന്ന പ്രവണതയേക്കാള്‍ അത് തീര്‍ച്ഛയായും ഗുണം ചെയ്യും. (ഇവരെ 2 പേരേക്കൊണ്ടെ അത് നടക്കൂ, ബാക്കിയുള്ളവരെല്ലാരും മണ്ടന്മാ എന്നല്ല ഞാന്‍ എഴുതിയതിന്റെ അര്‍ത്ഥം. എല്ലാവരിലും വച്ച് ഇവരില്‍ ഞാന്‍ കാണുന്ന ഗുണങ്ങള്‍ - അഗാധമായ അറിവ്, പക്വത, പിന്നെ ഉരുളയ്ക്കുപ്പേരി പോലെ സരസമായി സംസാരിക്കാനുള്ള കഴിവ് ഇവയൊക്കെയാണ്.) (ഇതെഴുതിയതിന് എന്നെ ചീത്തവിളിക്കല്ലേ ദേവേട്ടാ/അനിലേട്ടാ)

അതുപോലെ തന്നെ ഇനി ഒരു സംഗമം നടത്തുമ്പോള്‍ കുറച്ചൂടി ഗൌരവമായി ഹാന്റൌട്ടുകളൊക്കെ തയാറാക്കി സിമ്പോസിയങ്ങള്‍ നടക്കണം. (ഇപ്പോള്‍ നടന്നവ മോശമെന്ന് പറയുകയല്ല - അവ ഒന്നിനൊന്ന് മെച്ചമായിരുന്നു). ഓവര്‍ഹെഡ് പ്രൊജക്ടര്‍ സംഘടിപ്പിക്കുന്നതില്‍ ഞാനടക്കം എല്ലാവരും പരാജയപ്പെട്ടു. അതുണ്ടായിരുന്നെങ്കില്‍ കുറച്ചൂടെ നന്നായിരുന്നു.

ഈ മീഡിയ കവറേജൊക്കെ കണ്ടുകൊണ്ട് ബ്ലോഗിംഗിലേക്ക് പുതിയതായി വരുന്നവരെ സ്വാഗതം ചെയ്യാന്‍ - അവരെ സഹായിക്കാന്‍ എല്ലാ സാങ്കേതിക വിവരങ്ങളും ഒറ്റ സ്ഥലത്ത് തന്നെ അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ സഹായി (ഒരു പോര്‍ട്ടല്‍) യു.ഏ.ഈ ബൂലോഗക്കൂട്ടാ‍യ്‌മയുടെ പേരില്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് എനിക്ക് തോന്നുന്നു. വിവരങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്, പക്ഷേ, അവ പലതും പലയിടത്താണ്. അതിനൊരു അറുതിയാണ് ഞാന്‍ ഉദ്ദേശിച്ചത്.

കലാപരിപാടികള്‍ ഒന്നും പ്ലാന്‍ ചെയ്തിരുന്നില്ല. വിശാലന്‍ അതിമനോഹരമായി ഒരു നാടന്‍ പാട്ടും പിന്നെ നാറാണത്തുഭ്രാന്തനും (ഏതാണ്ട് പൂര്‍ണ്ണതയോടെ തന്നെ)‌ അവതരിപ്പിച്ചു. പിന്നെ കുറുമാന്റെ നിമിഷവികടകവിത അതിമനോഹരമായിരുന്നു. കലാപരിപാടികളുടെ കുറവ് അവ നികത്തിയെങ്കിലും, കുറച്ചൂടെയൊക്കെ ഐറ്റംസ് ആകാമായിരുന്നു. കണ്ണനുണ്ണിമാര്‍ കവിത ചൊല്ലാന്‍ റെഡിയായി വന്നുവെങ്കിലും അത് നടന്നില്ല. അടുത്ത തവണ അവരുടെ കവിതകള്‍ ഉണ്ടാകണം. അതുപോലെ തന്നെ കുറച്ചൂടെ പരിപാടികള്‍ ഉണ്ടാകണം. കുറുമാനെക്കൊണ്ട് ഒരു ക്വിസ് പ്രോഗ്രാം നടത്തിക്കണം. അടുത്ത മീറ്റിന് അതുല്യ ചേച്ചി കൂടെ ഉണ്ടായിരിക്കും - അതുകൊണ്ട് കുറച്ചൂടെ ഐഡിയാസ് പുള്ളിക്കാരിയില്‍ നിന്ന് പ്രതീക്ഷിക്കാം. (കേരള മീറ്റില്‍ ചെയ്തതുപോലെ ഇവിടെയും സദ്യ സ്പോണ്‍സര്‍ ചെയ്യാനൂള്ള ഒരു അവസരം പുള്ളിക്കാരിക്ക് കൊടുക്കാം)

ഇതൊക്കെ എന്റെ അഭിപ്രായങ്ങളാണ്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ /വിമര്‍ശനങ്ങള്‍ / നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു....

18 comments:

ബിന്ദു said...

പറഞ്ഞും വായിച്ചും കേട്ടിടത്തോളം മീറ്റ്‌ വിജയം തന്നെയായിരുന്നു കളേഷേ.. പിന്നെ ഏതൊരു സംഭവം കഴിഞ്ഞാലും കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നു തോന്നുക സ്വാഭാവികം. അതെന്തായാലും,, നന്നായിരുന്നു, എല്ലാം. റീമ ആസ്വദിച്ചല്ലൊ അല്ലേ? :)

ബിന്ദു said...

സോറി.. കലേഷേ.. എന്നു വായിക്കണം. :(

പട്ടേരി l Patteri said...

4 maNiKu varaNam ennu paRanja aaL 6 manikku vanna kaaryam ezhuthikandilla

പട്ടേരി l Patteri said...

Kalesh Anna,
nalla abhiprayagal okke oru paadu oau paadu undu..athokke ippozhe kelppikkunnilla :D

സിദ്ധാര്‍ത്ഥന്‍ said...

ഇത്രപെട്ടെന്നു വല്ലയിടത്തും ഇരുന്നു തട്ടിക്കൂട്ടാന്‍ കഴിയുന്നതില്‍ ഏറ്റവും മികച്ചതെന്നേ ഞാന്‍ പറയൂ കലേഷേ. സംഗമിച്ചു കഴിഞ്ഞ സ്ഥിതിക്കു അടുത്ത പരിപാടി ഇതിലും ഗംഭീരമാക്കണം.

ഇടിവാള്‍ said...

കലേഷേ..
ക്വാണ്ടിറ്റി കുറഞ്ഞാലും, ക്വാളിറ്റി കൂടിയാല്‍ മതി, എന്ന പോളിസിക്കാരനാ, ഞാന്‍,

തീര്‍ച്ചയായും, ഇമ്പ്രൂവ്മെന്റിനുള്ള സ്കോപ്പ്‌ ഉണ്ടെങ്കിലും, ഈ മീറ്റ്‌, അസ്സലായി.. നൂറൂ തരം..

ഇതിനായി ആത്മാര്‍ത്ഥമായി ഓടി നടന്ന കലേഷ്‌ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. കൂടാതെ, ഡ്രിസില്‍, ഇബ്രു, എന്നിവരുടെ ഇതിലേക്കുള്ള സംഭാവനകളും ഒഴിച്ചു കൂടാനാവത്തവ തന്നെ..

വെറുമൊരു സ്നേഹസംഗമം എന്ന രീതിയില്‍ വലിയ പ്ലാനിങ്ങൊന്നുമില്ലാതെ നടത്തിയിട്ടാണെങ്കില്‍ പോലും ഈ പരിപാടി ഇത്ര ഗംഭീരമാക്കിയല്ലോ ! അതില്‍ ചാരിതാര്‍ത്ഥ്യമടയാം...

ഈ മീറ്റിലുണ്ടായ കുറ്റങ്ങളൂം കുറവുകളും, അനുഭവപാഠമാക്കി നമുക്ക്‌..... " അടുത്തതു, കലക്കാം കലേഷേ...."

said...

വാക്കാരി ഇന്നലെ പറഞ്ഞ പോലെ, 'ഉത്തരവാദിത്യങ്ങൾ കൂടി വരുന്നു'എന്നൊരു ടെൻഷൻ പലർക്കും ഉള്ള പോലെ തോന്നുന്നു..

കലേഷേ, ങ്ങള്‌ കൂളായിരിക്കിൻ മാഷേ. പരിപാടി എല്ലാം ഗംഭീരായീലോ. അഭിനന്ദനങ്ങൾ.

കണ്ടീല്ല്യേ, ങ്ങള്‌ മീറ്റ്‌ നടത്തിയകാരണം ഇറ്റലി കളി ജയിച്ചു. പിന്നെന്ത്‌ വേണം ;)

ദില്‍ബാസുരന്‍ said...

1)തഗാലോഗ് ചേച്ചിമാരെ മെന്‍ഷന്‍ ചെയ്യത്തതില്‍ ഞാന്‍ അതിശക്തമായി പ്രതിഷേധിക്കുന്നു!!!

2)സക്കറിയാച്ചന്റെ ഫുഡ് നന്നായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

ഇത് രണ്ടുമാണ് എന്റെ ഐറ്റംസ്. അടുത്ത മീറ്റ് നടന്നാലുമില്ലെങ്കിലും എനിക്ക് ഒരു ചുക്കുമില്ല.

ദില്‍ബാസുരന്‍ said...

കലേഷ് മാഷെ,
പരിപാടി ഗംഭീരമായില്ലേന്നും.പിന്നെ ങ്ങളെങ്ങട്ടാ ഈ മണ്ടിപ്പായണത്.

ഈ കുറഞ്ഞ സമയത്ത് താങ്കള്‍ ഇത്രക്ക് കാര്യങ്ങള്‍ ഒപ്പിച്ചുവെങ്കില്‍ അടുത്ത തവണത്തെ സംഗമം DSF നേക്കാള്‍ കേമമാവും എന്ന കാര്യത്തില്‍ സംശയമുണ്ടോ? Retrospective ആയി ചിന്തിച്ചാല്‍ പിന്നെ പറയുന്നതും ചെയ്യുന്നതുമെല്ലാം യാന്ത്രികമയിപ്പോവും എന്ന് മോഗന്‍ ലാലണ്ണന്‍ പറഞ്ഞത് ഓര്‍മ്മയില്ലേ..

salam kunnappally said...

സംഗമം നന്നായെന്നറിഞ്ഞു! സന്തോഷം !!

ഷാര്‍ജാവാസിയയിട്ടു പോലും വരാന്‍ ഒത്തില്ല! സന്താപം !!

കൂടുവിട്ടു കൂടുമാറല്‍ ആയിരുന്നു അന്ന്.

ഇമാറാത്‌ ബൂലോഗ മീറ്റിങ്ങ്ന്റെ മീഡിയ കവറേജ്‌ വഴി ബൂലോഗത്ത്‌ എത്തിയ ഒരു പുതിയ ബ്ലൊഗന്‍ ആണെ!
Keep the spirit up & keep going!!

അത്തിക്കുര്‍ശി said...

സംഗമം നന്നായെന്നറിഞ്ഞു! സന്തോഷം !!

ഷാര്‍ജാവാസിയയിട്ടു പോലും വരാന്‍ ഒത്തില്ല! സന്താപം !!

കൂടുവിട്ടു കൂടുമാറല്‍ ആയിരുന്നു അന്ന്.

ഇമാറാത്‌ ബൂലോഗ മീറ്റിങ്ങ്ന്റെ മീഡിയ കവറേജ്‌ വഴി ബൂലോഗത്ത്‌ എത്തിയ ഒരു പുതിയ ബ്ലൊഗന്‍ ആണെ!
Keep the spirit up & keep going!!

കുറുമാന്‍ said...

ഈ സംഗമം ഇത്രയും കുറച്ചു സമയം കൊണ്ട് ഇത്രയും കെങ്കേമമാക്കിയ കലേഷേ....അടുത്ത സംഗമത്തിന്നൊരു പൊന്നാടകൂടി ചാര്‍ത്തിതരാം.

പിന്നെ സംഗമം കുറച്ചുകൂടി നന്നാക്കാന്‍ കൂടുതലായൊന്നും ചെയ്യേണ്ടിയിരുന്നില്ല. എന്നേ വിളിക്കാതെ അല്ലെങ്കില്‍ ഞാന്‍ വരാതിരുന്നാല്‍ മാത്രം മതിയായിരുന്നു.

.::Anil അനില്‍::. said...

മുഴുവന്‍ വായിച്ചില്ല കലേഷേ, ഒരു ഇന്ററിം കമന്റിട്ടില്ലെങ്കില്‍ ശരിയാവില്ലാത്തോണ്ടാണിത്:

എന്നും സംസാരിക്കുന്നവരോടു പറയുന്നതുപോലെ മീഡിയയോടൊക്കെ പറയാനൊന്നുമുള്ള അറിവും പരിചയവുമൊന്നുമില്ല കലേഷേ. ഇത്തരം കടുത്ത തീരുമാനങ്ങളൊന്നും എടുത്തുകളയല്ലേ?

- നാളെ 10-നും പതിനൊന്നിനും ഇടയ്ക്ക് ഇല്ലാത്തൊരു മീറ്റിങ് എങ്ങനെ ഉണ്ടാക്കും എന്നു ചിന്തിച്ചു കുന്തം വിഴുങ്ങിയ ഒരാള്‍

വക്കാരിമഷ്‌ടാ said...

കലേഷേ, നമ്മള്‍ ചെയ്യാനുള്ളത് ചെയ്യേണ്ട രീതിയില്‍ ചെയ്യുക. കര്‍മ്മണ്യേ... കലേഷ് വേണ്ട രീതിയില്‍ തന്നെയാണ് ചെയ്തതെന്നാണ് ബാക്കിയുള്ളവരുടെ അഭിപ്രായങ്ങളില്‍ നിന്നും മനസ്സിലായത്. പിന്നെ ഒന്നുകൂടി നന്നാക്കാമായിരുന്നു എന്നുള്ള തോന്നല്‍ എപ്പോഴും നല്ലതാണ്-നമ്മളെ പ്രാന്തുപിടിപ്പിക്കാത്ത ലെവല്‍ വരെ. അതുകൊണ്ട് ഡോണ്ടവറി ബീചായ.

(ഒരു സ്വകാര്യം പറയാം: വക്കാരീസ് ടിപ്‌സ് ഫോര്‍ സ്ട്രെസ് ഫ്രീ ലൈഫ് എന്ന ബുക്ക് സൌജന്യ വിലയ്ക്ക് ഒരു നാലു കോപ്പി എടുക്കട്ടെയോ. കലേഷിനായതുകൊണ്ട് മാത്രം ആദായവിലയ്ക്ക് തരാം.. അല്ലെങ്കില്‍ ഒരെണ്ണമെങ്കിലും... പ്ലീസ്)

കൈപ്പള്ളി said...

പള്ളി കമ്മറ്റികാര്‍ പരിപാടികഴിഞ്ഞിട്ട്
അവതരിപ്പിക്കുന്ന മറുപടിയും പ്രസങ്ങം പോലുള്ള വിശദീകരണങ്ങളൊന്നും വേണ്ട. പരിപാടി അതിഗംഭീരമായിരിന്നു. അതില്‍ യാതൊരു സംശയവും ഇല്ല. എന്നികൊരു കുറ്റഭോധം മാത്രമെ ഉള്ളു. കലേശിനേയും കൂടരേയും 9:00 മണിക് ഒറ്റക്കു പയറ്റാന്‍ വിട്ടിട്ടു പോയി എന്നതു്.

ഒന്നും പ്രതീക്ഷിച്ചതുപോലെ ഒരിക്കലും കലാശിക്കില. എല്ലാത്തിനും അതിന്റേതായ ഒരു താളമുണ്ടു. ഇതു് ഇത്രയും വലിയ സംഭവമാകും എനു് ആരും പ്രതീഷിച്ചത്തല്ല. കഴിഞ്ഞുപോയ കാര്യത്തെപറ്റി അലോചിക്കുന്നതുതന്നെ വ്യര്ത്ഥമാണ്‍. ഇനിയുള്ള സംഗമം ഇപ്പോഴ്തന്നെ കല്പന ചെയ്യാം

ഡ്രിസില്‍ said...

കലേഷെ... വളരെ ഭംഗിയായി തന്നെ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. പരിപാടിയില്‍ വന്നിട്ട് എനിക്ക് മുതലായത്, നിഷാദ്‌ജിയുടെ സിം‌പോസിയമായിരുന്നു. കുറെ നല്ല അറിവ് കിട്ടി. യുണികോഡിനെ വളരെ ലളിതമായി അവതരിപ്പിച്ചു. സജിത് ബായിയുടെ സിം‌പോസിയത്തിനിടക്ക് മാധ്യമത്തിന്റെ ഷിനോജുമായി സംസാരിക്കേണ്ടി വന്നതിനാല്‍, അത് മിസ് ആയി.
കലേഷ്.. നിന്റെ പ്രയത്നം വളരെയധികം പ്രശംസയര്‍ഹിക്കുന്നു. വെറുതെ ഒരു മുഖസ്‌തുതിയല്ല. നീ രണ്ടും കല്‍‌പിച്ചിറങ്ങിയത് കൊണ്ട് ഇത് നടന്നു. അതു പോലെ ഇബ്രു, ദേവേട്ടന്‍, ഇടിവാള്‍, കുറുമാന്‍‌ജി, തുടങ്ങിയ ഒരു പാട് പേര്‍. വളരെ ആത്മാര്‍ത്ഥമായി പ്രയത്നിച്ചത് കൊണ്ട് കാര്യങ്ങള്‍ ഭംഗിയായി.
പിന്നെ, നമ്മുടെ ഇബ്രു മൊമെന്റൊയുടെ കാശ് വാ‍ങ്ങാതെ പോയത് കഷ്‌ടമായി. അവസാനം അവനെ ഞാന്‍ ഫോണ്‍ ചെയ്‌തിട്ട്, കളക്‍ഷന്‍ കാശ് ബാക്കിയുണ്ടെന്ന് കള്ളം പറഞ്ഞു നോക്കി. എന്നിട്ടും അവന്‍ വഴങ്ങുന്നില്ല. ഇബ്രു... യു ആര്‍ ദ ഗ്രേറ്റ്.. ഇനിയും നിന്റെ സേവനം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. കൂടുതല്‍ മൊമന്റോകള്‍ നിന്റെ കൈകളില്‍ നിന്നും വരട്ടെ എന്ന് ആശംസിക്കുന്നു.

സസ്നേഹം said...

ബ്ലൂലോക സംഗമത്തെക്കുറിച്ചറിഞ്ഞപ്പോല്‍ വളരെ സന്തോഷം തോന്നി. നോക്കെത്താ ദൂരത്തു നിന്നു എല്ലാം നോക്കിക്കാണുകയായിരുന്നു ഈയുള്ളവന്‍. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു...

അവസാനം ഈയുള്ളവനും തുടങ്ങി ഒരു ബ്ലോഗം; അനുഗ്രഹിക്കുക, ആശീര്‍വദിക്കുക...

http://sasneham.blogspot.com

അതുല്യ said...

എന്നാലും കൊച്ചി മീറ്റ്‌ തന്നെയാ നല്ലതു....

എനിക്കു ഇനി മീറ്റ്‌ സങ്കടിപിയ്ക്കാന്‍ Date ഇല്ല കലേഷേ... എന്നാലും നോക്കാം