Sunday, July 09, 2006

പ്രഥമനില്ലാത്ത പ്രഥമസംഗമം

ഉച്ചയുറക്കവും ഉപേക്ഷിച്ച്‌ മൂന്നേകാലോടെ വീടുവിട്ടിറങ്ങിയ ഞങ്ങള്‍ ഫുജൈറ മലനിരകളും മസാഫി മലനിരകളും ഷാര്‍ജയോടടുക്കുമ്പോഴുള്ള മണലാരണ്യവും കടന്ന്‌ യാത്ര തുടര്‍ന്നു.

‘ഖുറാന്‍’ ചുറ്റിക്കറങ്ങുന്നതിനുമുന്‍പ്‌ വഴി അടയാളപ്പെടുത്തിയ പേപ്പറും പിടിച്ച്‌ ഞാനിരുന്നു. പണ്ടൊരു തവണ പോയിരുന്ന സ്ഥലമാണെന്ന പരിചയം പോലെ വണ്ടിയോടിച്ച്‌ കുവൈറ്റ് ടവറിനടുത്ത്‌ വണ്ടിയൊതുക്കി ഞങ്ങള്‍ നാലുപേരും ഇറങ്ങി.

തലേനാള്‍ മുതല്‍ കണ്ണനുണ്ണിമാര്‍ സ്കൂള്‍ കവിതകളും പഠിച്ചുവച്ചതൊക്കെ വണ്ടിയിലിരുന്ന്‌ ഉരുവിടുന്നുണ്ടായിരുന്നു. ‘ബൂലോഗ മാമന്മാരാരെങ്കിലും ചൊല്ലാന്‍ പറഞ്ഞാല്‍ ചൊല്ലാനായി.’ ലിഫ്റ്റ് കയറി ഹാളിന്റെ വാതിലിനടുത്തെത്തിയാപ്പോഴുണ്ട് അനിച്ചേട്ടന്‍ മുങ്ങാനുള്ള ഭാവം. ‘നിങ്ങള് കേറിപ്പൊ എന്റെ മൊബൈല് വണ്ടീല്.’ ഞങ്ങള്‍ പോകില്ലാന്ന്‌ വാശിപിടിച്ചു. അരണ്ട വെളിച്ചത്തില്‍ ഞങ്ങള്‍ പേടിച്ച്‌ നിന്നപ്പോഴുണ്ട്‌, ദേ മൊബൈല് ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്നൂന്നും പറഞ്ഞ്‌ നില്‍ക്കുന്നു. വാതിലിനത്ത്‌ എത്തിയപ്പോള്‍ അകത്തുനിന്നും ഒച്ച കേള്‍ക്കാമായിരുന്നു.

വാതില്‍ തുറന്നപ്പോള്‍ ഓരോരുത്തരായി എലിയെക്കണ്ട പൂച്ചയെമാതിരി വായും തുറന്ന്‌ കൈയും നീട്ടി അനിച്ചേട്ടന്റെ അടുത്തേയ്ക്ക്.‘ഞാനിതെത്രകണ്ടതാ‘ എന്ന ഭാവത്തില്‍ യാതൊരു കൂസലുമില്ലാതെ അനിച്ചേട്ടന്‍ അവരോടൊപ്പം കൂടി. ആദ്യമാ യെത്തിയ കുടുംബം ഞങ്ങളായിരുന്നതിനാല്‍ മറ്റൊരു സ്ത്രീ ജനം പോലും അവിടുണ്ടായിരുന്നില്ല. അപ്പോള്‍ കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ. എല്ലാവരുടെയും ബ്ലോഗുവായിയ്ക്കാറുണ്ടെങ്കിലും കമന്റുവയ്ക്കാതിരുന്നതിന്റെ പരിചയക്കുറവ്‌ ബ്ലോഗരോട്‌ എനിയ്ക്കുണ്ടായിരുന്നു. എന്നാലും ‘അക്ഷരം അനിലിന്റെ ഭാര്യ‘ എന്നതില്‍ ഒതുങ്ങിനിന്നു. സാക്ഷിയും ഡ്രിസിലുമൊക്കെ കുഞ്ഞനിയന്മാരായി, ഞാനവരുടെ ചേച്ചിയുമായി.

കൂടുതല്‍ ബ്ലോഗര്‍മാരും കുടുംബങ്ങളും കുഞ്ഞുങ്ങളും എത്തിത്തുടങ്ങിയതോടെ ഓണത്തിനൊക്കെ ബന്ധുമിത്രാദികള്‍ കുടുംബത്ത്‌ എത്തിച്ചേരുന്ന പ്രതീതിയായി. നിഷാദും സിത്ഥാര്‍ത്ഥനും കലേഷും മാത്രമാണ് വാചാലമായി സംസാരിച്ചത്‌. നന്നായി. ദേവന്‍ മൈക്കും പിടിച്ച് കാണാത പഠിച്ച പദ്യം മറന്നുപോയ ഒരു കുട്ടി യുവജനോത്സവ സ്റ്റേജില്‍ നില്‍കുന്നപോലെ നിന്നത്‌ വളരെ രസമായി. കുറുമാന്‍ ഒരു ‘കുറു മാന്‍’ ആയതിനാല്‍ സംഗമത്തിന് ഒരോളമുണ്ടായി. അതും നന്ന്‌.

പൊന്നാടയണിയിയ്ക്കലും അവാര്‍ഡുദാനവും നാടന്‍ പാട്ടും പദ്യപാരായണവും കുറുമാനെന്ന നിമിഷകവിയുടെ കവിതചൊല്ലലും ഒക്കെ സംഗമത്തിനുമാറ്റുകൂട്ടി. സോന, കവിത മീനു, പ്രിയ, സമീഹ, റീമ, സിത്ഥാര്‍ത്ഥന്റെ ഭാര്യ തുടങ്ങി എല്ലാവരെയും പരിചയപ്പെടാന്‍ ഇതൊരു വേദിയായതും നന്ന്‌. അത്താഴം ആരും വിളമ്പിത്താരനില്ലാതിരുന്നതിനാല്‍ അതും കേമം. ഒക്കെക്കഴിഞ്ഞ്‌ ഹസ്തദാനവും ചിരിയുമായി ഇനിയും കാണാമെന്ന ധാരണയില്‍ ലിഫ്റ്റിറങ്ങി.

വണ്ടിയിലിരുന്നപ്പോഴൊക്കെ ആദ്യമായി കണ്ട പലമുഖങ്ങളും ഓര്‍ത്തു. പലരുടെ മുഖവും പേരും ഇപ്പോഴും വ്യക്തമല്ല.

വരും വഴിയില്‍ പിന്നെയും കലേഷിന്റെ ശബ്ദം ഏഷ്യാനെറ്റ് റേഡിയോയിലൂടെ കേട്ടതിനാല്‍ സംഗമ ഹാളില്‍ ഇരിയ്ക്കുന്ന പ്രതീതി ജനിപ്പിച്ചു. വീട്ടിലെത്തിയപ്പോഴാണ് അയ്യൊ രസഗുള ഒന്നു കഴിയ്ക്കാന്‍ വിചാരിച്ചത്‌ മറന്നുപോയതോര്‍ത്തത്‌. ഇനിപ്പറഞ്ഞിട്ടെന്താ അടുത്ത സംഗമത്തിന് ഞാനാദ്യം കൈയിലെടുക്കുന്നത്‌ രസഗുളയായിരിയ്ക്കും.

ഇനിയും നല്ല ബ്ലോഗുകളെഴുതി മലയാള ഭാഷയെ വാഴ്ത്താന്‍ എല്ലാ മലയാളികള്‍ക്കും കഴിയട്ടെ.

11 comments:

കുറുമാന്‍ said...

പ്രഥമനില്ലാത്ത പ്രഥമ സംഗമം നന്നായി സുധചേച്ചീ......

രസഗുള കഴിക്കാതെ പോയതൊട്ടും തന്നെ ശരിയായില്ല....ഞാനും കഴിച്ചില്ല

കണ്ണൂസ്‌ said...

ആകെ എനിക്കുള്ള സംശയം:

അവിടെ ഉണ്ടായിരുന്നത്‌ രസഗുളയാണോ ഗുലാബ്‌ ജാമുന്‍ ആണോ? ഞാന്‍ തിന്നത്‌ ഗുലാബ്‌ ജാമുന്‍. ഇനി രസഗുള വേറേ ഉണ്ടായിരുന്നോ?

ഇനി ഒരു ക്വിസ്‌:

ആവശ്യമില്ലാത്ത ഒരു മരുന്ന് കഴിച്ച്‌ അവശ നിലയില്‍ മീറ്റിംഗിന്‌ എത്തിയ ബ്ലോഗര്‍ ആര്‌?

ചില നേരത്ത്.. said...

സുധേച്ചീ
കണ്ണനുണ്ണിമാരുടെ കവിത മിസ്സായല്ലോ..സാരമില്ല അടുത്ത മീറ്റിന് പിടിച്ചോളാം. ഗുലാബ്ജാമുനായിരുന്നില്ലേ അത് എനിക്കുറപ്പുണ്ട്..കാരണം അതിന്റെ താഴെ ആ പേര് ഉണ്ടായിരുന്നു. ഈ രസഗുളയും ഗുലാബ് ജാമുനും എനിക്ക് ഒരുപാട് തെറ്റിപ്പോയിട്ടുണ്ട്.
ബൂലോഗസംഗമത്തിന്റെ ഈ സ്ത്രീപക്ഷ രചനയും വളരെ നന്നായിരിക്കുന്നു..പ്രിയ യു എ ഇ ബ്ലോഗരേ ആരെങ്കിലും ഗുലാബ് ജാമുന്‍-രസഗുള വിവാദത്തില്‍ ഇടപെടണേ..

.::Anil അനില്‍::. said...

അവിടെ ഉണ്ടായിരുന്നത് വെള്ളയുണ്ടകളായിരുന്നോ ഇബ്രൂ? എങ്കില്‍ അത് രസഗുള.
വറുത്തിട്ട നിറക്കാരനെങ്കില്‍ അത് ഗുലാബ് ജമൂന്‍. (ചൂടോടെ കഴിക്കണം)

ബുഫേകളിലെ അവസാനഭാഗത്തേയ്ക്ക് ഞാന്‍ നോക്കാറുതന്നെയില്ല്. അപ്പോള്‍ ശരി... ബാക്കി ഊഹിച്ചോളൂ.

പട്ടേരി l Patteri said...

Sudhechiiiiii Nalla vivaranam.
Pinne Pradhaman ormippichathinu nandi...next meet l chechiyude kaikondu undaakiya pradhaman....
Pinne kannanunnimarude kavithakalum...Ipoozhe avareyokke athu padippicho...enna pinne aa kaalukudiyanmar paadunna pole ulla paattonnum kelkkenda gathikedu varillallo...(vishalaaa sorry)
Pinne ithanu malayaliyude kaaryam...
Ragula , gulab jamun confusion venda
njan kazhichathu Gulab jamun aayirunnu..... Atho Undayiruuna rasagula muzhuvan vere aaarengilum aadyame adichu theertho? eh....
(Menu list nte print out aayi vannu blog l paranjathokke avide undayirunno ennu chekku cheytha chettan ivide enganum undegil onnu kai pokki athu gulab jamun thanne yaanu ennu enne support cheythaal adutha meetingnu varumbol njan naranga mittayi kondu vannu tharum....:D

കലേഷ്‌ കുമാര്‍ said...

സുധേച്ചിയേ കലക്കനായിട്ടുണ്ട്!
മധുരം എന്റെ വീക്ക്നസ്സാണ്. ഗുലാബ് ജാമൂന്‍ വേണമെന്ന് (ആരോടും ചോദിക്കാതെ/ആലോചിക്കാതെ തന്നെ) തീരുമാനിച്ചത് അത് തിന്നണമെന്ന ആഗ്രഹം കൊണ്ടാണ്. പക്ഷേ ഞാനും അത് തിന്നാന്‍ വിട്ടുപോയി. തിന്നോണ്ടിരിക്കുന്ന സമയത്ത് ബില്ല് സെറ്റില്‍ ചെയ്യാനും മറ്റുമുള്ള ടെന്‍ഷനൊക്കെയായിരുന്നു. പിന്നെ ആ സമയത്തല്ലേ സുധേച്ചിയൂം അനിലേട്ടനും പോയതും. എന്തൊക്കെയായാലും അടുത്ത കൂടലില്‍ ഗുലാബ് ജാമുന്‍ ഞാന്‍ തിന്നുന്നതാണ്!

കണ്ണനുണ്ണിമാര്‍ കവിത ചൊല്ലുമെന്ന് ഒരു ചെറിയ ക്ലൂ എങ്കിലും കിട്ടിയിരുന്നെങ്കില്‍ അവരെക്കൊണ്ട് അത് ചൊല്ലിച്ചേനെ. അനിലേട്ടാ, ചതിയായിപ്പോയി!
സാരമില്ല. അടുത്ത സംഗമത്തില്‍ പ്രധാന ഇനം കണ്ണനുണ്ണിമാരുടെ കവിതചൊല്ലല്‍ ആയിരിക്കും!

വിശാല മനസ്കന്‍ said...

കണ്ണനുണ്ണിമാര്‍ കവിത ചൊല്ലുമായിരുന്നോ????

പറയാതിരുന്നത് അക്രമായിപ്പോയി.

എന്നിട്ട് ഞാനൊക്കെ വെറുതെ.. ‘ഓണല്യാടീ കുഞ്ഞ്യേച്ചി‘ പാടിയതിന്റെ ചമ്മല്‍ ഒരുകാലത്തും എനിക്ക് പോകൂല്ല.

സുധേച്ചിയുടെ വിവരണവും അനിലിന്റെ വിവരണവും തകര്‍ത്തു. ഫോട്ടോയെടുക്കാന്‍ അനിലേ നിങ്ങള്‍ കുടുമ്മക്കാര്‍ക്ക് പ്രത്യേക എയിമാല്ലേ?? അനിലെടുത്ത പടങ്ങള്‍ എല്ലാം ടോപ്പ്!

ബിന്ദു said...

എന്നാലും കണ്ണനുണ്ണിമാരെക്കോണ്ടു കവിത ചൊല്ലിക്കാത്തതു മോശമായീട്ടോ. :) സുധച്ചേച്ചിക്കൊരു പരുങ്ങല്‍ ഉണ്ടായിരുന്നതുപോലെ...;)

ദേവന്‍ said...

ഗുലാബ്‌ ജാമൂന്‍ ആണൊ രസഗുളയാണോ എന്തോ രണ്ടും പഞ്ചസാരയും നെയ്യും ചേര്‍ക്കുന്നതല്ലേ സുധച്ചേച്ചി? രണ്ടായാലും ഇച്ചീച്ചി ഭക്ഷണം, ഞാന്‍ കഴിച്ചില്ല. ഡെസേര്‍ട്ട്‌ ഒന്ന്നുമില്ല്ലേ എന്നു ചോദിച്ചപ്പോ തഗലോനിച്ചേച്ചി "ദോണ്ടേ ഡസേര്‍ട്ട്‌" എന്നു ജന്നലിലൂടെ മണലിലോട്ട്‌ ചൂണ്ടി.

കണ്ണൂസേ മരുന്നു കഴിച്ചത്‌ ആരാന്നറിഞ്ഞൂടാ. അവശനായതും പരവശനായതും ഞാനാ. ലവരു പിടിച്ചു സ്റ്റേജില്‍ കയറ്റിക്കളഞ്ഞപ്പോള്‍. ഇനി ഇങ്ങനെ ഉണ്ടായാല്‍ പരവശനല്ല ഞാന്‍ ശിവരശന്‍ ആകും, ജാഗ്രതൈ.

സുധ said...

ഗുലാബ്‌ ജാമുന്‍-രസഗുള വിവാദം വേണ്ട.
അത്‌ ഗുലാബ്‌ ജാമുന്‍.
കണ്ണൂസേ, ക്വിസിന് ഉത്തരം അടുസംഗമത്തിന് നേരില്‍.
ബിന്ദൂ, പരുങ്ങല്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷമല്ലേ ഇങ്ങനെ ഒരു സംഗമത്തില്‍ പങ്കെടുക്കുന്നത്‌.
അടുത്ത സംഗമത്തിന് കണ്ണനുണ്ണിമാരെക്കൊണ്ട്‌........ശ്രമിയ്ക്കാം.
മറ്റെല്ലാവര്‍ക്കും നന്ദി.

പരസ്പരം said...

പ്രഥമസംഗമം നന്നായി എന്നറിഞ്ഞു, ചിത്രങ്ങളെല്ലാം കണ്ടു..നാട്ടിലായിരുന്നതിനാല്‍ വരാന്‍ കഴിഞ്ഞില്ല. എന്നെ സ്വാഗതം ചെയ്ത കലേഷിനു പ്രത്യേകം നന്ദി. മറ്റൊരിക്കല്‍ എല്ലാവരെയും കാണമെന്ന പ്രതീക്ഷയോടെ...